സൗദി അറേബ്യയുടെ അപ്രതീക്ഷിത നീക്കം; വിപണിയില്‍ തന്ത്രം മാറ്റി, കളി രണ്ട് ലക്ഷ്യത്തോടെ
റിയാദ്: ഒപെക് രാജ്യങ്ങള്‍ എടുത്ത പുതിയ തീരമാനം വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിരിക്കെ, അപ്രതീക്ഷിത തീരുമാനമാണ് സൗദി എടുത്തിരിക്കുന്നത്. മെയ് മാസത്തിന് പുറമെ ജൂണിലും ക്രൂഡ് ഉല്‍പ്പാദനം വന്‍തോതില്‍ ഉയര്‍ത്താനാണ് ധാരണ. ഓരോ ദിവസവും 411000 ബാരല്‍ എണ്ണയാണ് കൂടുതലായി ഉല്‍പ്പാദിപ്പിക്കുക.
നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 61 ഡോളറാണ് വില. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടിയാല്‍ വീണ്ടും വില കുറയുകയാണ് ചെയ്യുക. വിപണിയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തുന്നത് വില കുത്തനെ കുറയാന്‍ കാരണമാകും. ആറ് ഡോളര്‍ വരെ ഇനിയും വില താഴ്‌ന്നേക്കുമെന്നാണ് പ്രവചനങ്ങള്‍. ഇത് ഇന്ത്യയ്ക്ക് നേട്ടമാണെങ്കിലും മറ്റൊരു കെണി ഒളിഞ്ഞിരിപ്പുണ്ട്.

ഒന്നര ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കുമെന്ന തീരുമാനമാകും ഒപെക് പ്ലസ് രാജ്യങ്ങള്‍ എടുക്കുക എന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് 411000 ബാരല്‍ ഉല്‍പ്പാദനം കൂട്ടുന്നത്. ഓരോ ദിവസവും ഇത്രയും ഉയര്‍ന്ന അളവില്‍ എണ്ണ വിപണിയിലെത്തിയാല്‍ ക്രൂഡ് വില കുത്തനെ ഇടിയും. എണ്ണയെ മാത്രം ആശ്രയിക്കുന്ന സൗദി പോലുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമിത്.
ജിസിസി രാജ്യങ്ങള്‍ പ്രധാനമായും എണ്ണ വരുമാനം തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ക്രൂഡ് വില 96 ഡോളര്‍ എത്തിയാല്‍ മാത്രമേ സൗദിയുടെ ബജറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കൂ. എന്നാല്‍ നിലവില്‍ 61 ഡോളറിലാണ് വിലയുള്ളത്. ഇനിയും കുറയുന്ന നീക്കമാണ് സൗദി നടത്തുന്നതും. അതേസമയം, വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ആവശ്യം കുറഞ്ഞുവരുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
ചൈനയില്‍ നേരത്തെ പ്രതീക്ഷിച്ച അത്ര അളവില്‍ ക്രൂഡ് ഓയില്‍ ആവശ്യമില്ല എന്നാണ് വാര്‍ത്ത. അതിന് കാരണം ചൈനീസ് വിപണി സാമ്പത്തിക വെല്ലുവിളി നേരിടുന്നു എന്നതാണ്. മാത്രമല്ല, ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതാണ് കാരണം എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ കൂടുതലെത്തിയാല്‍ വിപണിയിലെ വില കൂപ്പുകുത്തും.
സൗദി അറേബ്യ ലക്ഷ്യമിടുന്നത്...
കൂടുതലായി ഉല്‍പ്പാദിപ്പിച്ച് പുതിയ വിപണി കണ്ടെത്തി വില്‍ക്കുകയാണ് സൗദിയുടെ തന്ത്രമത്രെ. മറ്റൊന്ന് നിയന്ത്രമില്ലാതെ എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്ന രാജ്യങ്ങള്‍ക്ക് ചുട്ട മറുപടി കൊടുക്കുകയും ലക്ഷ്യമാണ്. പുതിയ തീരുമാനത്തിലൂടെ വില കുറഞ്ഞാല്‍ ചെറിയ ഉല്‍പ്പാദകര്‍ക്ക് തിരിച്ചടിയാകും. അതിനെല്ലാം പുറമെ അമേരിക്കയെ കൂടെ നിര്‍ത്തുക എന്നതും ലക്ഷ്യമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയ് 12, 13 തിയ്യതികളില്‍ സൗദി അറേബ്യയില്‍ എത്തുമെന്നാണ് വിവരം. സുപ്രധാന ഊര്‍ജ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. കൂടാതെ പ്രതിരോധ കരാറിലും ധാരണയുണ്ടാക്കിയേക്കും. ഇസ്രായേല്‍-സൗദി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ചര്‍ച്ചകളും നടക്കുമെന്നാണ് വിവരം.
അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പിന് ഒരു കാരണം ക്രൂഡ് വിലയാണ്. വില കുറയ്ക്കാന്‍ ഉല്‍പ്പാദക രാജ്യങ്ങള്‍ തയ്യാറാകണം എന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുവരവെയാണ് ഒപെകിന്റെ പുതിയ തീരുമാനം.
സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒപെകിന്റെ പുതിയ തീരുമാനം നേട്ടമാകും. പെട്രോള്‍, ഡീസല്‍ വില കുറയാന്‍ വഴിയൊരുങ്ങും. നേരത്തെ സമാനമായ സാഹചര്യം വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചിരുന്നില്ല.
എന്നാല്‍ വന്‍തോതില്‍ ക്രൂഡ് വില കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായും കരുതുന്നവരുണ്ട്. അത് ശരിയാണെങ്കില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടവും പ്രതിസന്ധിയും രൂക്ഷമാകും. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ഐടി കമ്പനികളും മറ്റും തൊഴില്‍ വെട്ടിക്കുറയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications