Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് വിളിച്ചു; 60000 കോടി മുടക്കാന്‍ സൗദി അറേബ്യ, 2017 ആവര്‍ത്തിക്കാന്‍ ട്രംപും ബിന്‍ സല്‍മാനും

റിയാദ്: ഡൊണാള്‍ഡ് ട്രംപ് ആദ്യം അമേരിക്കന്‍ പ്രസിഡന്റായ 2017ല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം സന്ദര്‍ശിച്ചത് സൗദി അറേബ്യ ആയിരുന്നു. തീര്‍ത്തും സാമ്പത്തികമായ താല്‍പ്പര്യമായിരുന്നു ഇതിന് പിന്നില്‍. സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ആദ്യ വിദേശ സന്ദര്‍ശനത്തിന് ബ്രിട്ടനെ ആണ് തിരഞ്ഞെടുക്കാറ്. പതിവ് തെറ്റിച്ചായിരുന്നു ഒന്നാമൂഴത്തില്‍ ട്രംപിന്റെ യാത്ര.

രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്നും ആറ് ട്രംപ് ടവര്‍ കൂടി ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ 2017 മോഡലില്‍ ട്രംപ് ഇത്തവണയും സൗദി അറേബ്യ തന്നെ ആദ്യ വിദേശ യാത്രയ്ക്ക് തിരഞ്ഞെടുക്കുമെന്നാണ് പുതിയ വിവരം.

trump-saudi-bin-salman-1

ട്രംപും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ടെലിഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായും ബിന്‍ സല്‍മാന്‍ സംസാരിച്ചുവത്രെ. വ്യാഴാഴ്ച അതിരാവിലെയാണ് നയതന്ത്ര നീക്കങ്ങള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്ത നാല് വര്‍ഷത്തിനകം അമേരിക്കയില്‍ 60000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ബിന്‍ സല്‍മാനെ ഉദ്ധരിച്ചുള്ള വാര്‍ത്ത. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെലിഫോണില്‍ ഇരുനേതാക്കളും ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ അമേരിക്കയില്‍ എവിടെയാണ് സൗദിയുടെ നിക്ഷേപം വരിക എന്ന് വ്യക്തമല്ല. നേരത്തെ സൗദിയുടെ ക്രൂഡ് ഓയില്‍ വന്‍തോതില്‍ വാങ്ങിയ അമേരിക്ക അടുത്ത കാലത്തായി ഇടപാട് കുറച്ചിട്ടുണ്ട്. അമേരിക്കയിലെ വന്‍കിട ബിസിനസുകളിലെല്ലാം സൗദിക്ക് നിക്ഷേപമുണ്ട്. സൗദിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കായിക മേഖലയിലും നിക്ഷേപം കോടികളാണ്.

അതേസമയം, സൗദി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികാരമേറ്റ ശേഷം ട്രംപ് ആദ്യം വിളിച്ചത് ബിന്‍ സല്‍മാന്‍ രാജകുമാരനെയാണ് എന്നും പ്രചാരണമുണ്ട്. ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്ക് ആയിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അന്ന് 45000 കോടി

''സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യുക. 2017ല്‍ സൗദി 45000 കോടി ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞതോടെയാണ് ആദ്യ സന്ദര്‍ശനം റിയാദിലേക്ക് ആക്കിയത്. ഇനിയും സംഭവിച്ചേക്കും''- ട്രംപിന്റെ ഈ പ്രതികരണമാണ് സൗദിയിലേക്ക് വീണ്ടുമെത്തുമെന്ന പ്രചാരണത്തിന് കാരണം.

ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങളെ അടുപ്പിച്ചത് ട്രംപ് ആയിരുന്നു. അബ്രഹാം അക്കോര്‍ഡ് എന്ന് പേരിട്ട കരാറില്‍ യുഎഇയും ബഹ്‌റൈനും ഒപ്പുവച്ചത് ട്രംപ് നടത്തിയ മധ്യസ്ഥ ശ്രമത്തിന്റെ ഫലമാണ്. സൗദിയും ഇസ്രായേലും ഐക്യപ്പെടുന്ന കരാറാണ് ഇനി ട്രംപിന്റെ ലക്ഷ്യം. അതിനിടെയാണ് ഇസ്രായേല്‍-ഹമാസ് യുദ്ധമുണ്ടായതും ചര്‍ച്ചകള്‍ നിലച്ചതും. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ അബ്രഹാം കരാറിന്റെ തുടര്‍നടപടികള്‍ ഉണ്ടായേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+