സൗദി അറേബ്യ സഹികെട്ടു; ഒമാന്‍ വഴി രഹസ്യ നീക്കം, എയര്‍പോര്‍ട്ടും തുറമുഖവും ഹൂതികളുടെ റഡാറില്‍
റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് യമനിലെ ഹൂതികള്‍. സൗദിയിലേക്കു വരുന്നതും സൗദിയില്‍ നിന്നു പോകുന്നതുമായ കപ്പലുകള്‍ക്കു നേരെ ഇവര്‍ ആക്രമണം തുടരുകയാണ്. ഇന്ത്യയിലേക്കുള്ള ചരക്കു കപ്പലിന് പുറമെ മറ്റൊരു കപ്പല്‍ കൂടി ഇവര്‍ ആക്രമിച്ചു എന്നാണ് പുതിയ വിവരം. നജ്‌റാനിലെ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയ പിന്നാലെയാണിത്.
ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി നേരത്തെ സൗദി അറേബ്യ എടുത്തിരുന്നു. എന്നാല്‍ ഒരു ഭാഗത്ത് ചര്‍ച്ചകള്‍ക്ക് ശ്രമം നടക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം നിഷേധിച്ചും വാര്‍ത്തകള്‍ കാണുന്നു. ഒരുപിടി സംഭവങ്ങളാണ് ജിസിസി മേഖലയില്‍ നടക്കുന്നത്. പലതും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ്. യാമ്പു തീരത്തോട് ചേര്‍ന്ന മേഖലയിലാണ് പുതിയ ആക്രമണം എന്ന് ഹൂതികള്‍ എക്‌സില്‍ കുറിച്ചു.

സൗദി എണ്ണ കപ്പലായ വഫയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി എന്നാണ് പുതിയ വാര്‍ത്ത. ചെങ്കടലില്‍ യാമ്പൂ തീരത്തോട് ചേര്‍ന്നാണ് സംഭവം. ഹൂതി വക്താവ് യഹ്‌യ സരീ ഇക്കാര്യം എക്‌സില്‍ കുറിച്ചു. സൗദി അറേബ്യ യമനെതിരെ തുടരുന്ന ഉപരോധത്തിന് മറുപടിയാണ് ആക്രമണം എന്നാണ് ഹൂതി നേതാവിന്റെ പ്രസ്താവന.
ജൂലൈ 22 മുതലാണ് ഹൂതികള്‍ സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ചെങ്കടല്‍ വഴി സൗദിയിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ എല്ലാം ആക്രമിക്കുമെന്നാണ് ഹൂതികള്‍ പറയുന്നത്. ഈ പ്രഖ്യാപനം വന്ന ശേഷം ആക്രമിക്കപ്പെടുന്ന എട്ടാമത്തെ കപ്പലാണ് വഫ. കൂടാതെ 29 കപ്പലുകള്‍ വഴി തിരിച്ചുവിടേണ്ടി വന്നുവെന്നും യഹ്‌യ സരീ അവകാശപ്പെടുന്നു.
ഒമാന്‍ വഴി രഹസ്യ നീക്കം
ഹൂതികളുമായി സൗദി അറേബ്യ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് മറ്റൊരു വിവരം. ഒമാനില്‍ വച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നതത്രെ. ബ്ലൂംബെര്‍ഗ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചര്‍ച്ച പൊളിഞ്ഞാല്‍ സൗദി ശക്തമായ ആക്രമണം തുടങ്ങുമെന്നും സൂചനയുണ്ട്. എന്നാല്‍ ചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ് എന്ന് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ ഹോര്‍മുസ് കടല്‍ പാത അടച്ചിരിക്കുകയാണ്. ഹൂതികള്‍ ബാബുല്‍ മന്തിബ് കടല്‍പാതയും അടച്ചു. ഇതോടെ സൗദി അറേബ്യ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങള്‍ ശരിക്കും പെട്ടുപോയ അവസ്ഥയാണ്. ഏതെങ്കിലും ഒരു ഭാഗം തുറന്നില്ലെങ്കില്‍ വ്യാപാര മേഖല തകിടം മറിയും. ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഒമാനിന്റെ മധ്യസ്ഥതയില്‍ ഹൂതികളുമായും ചര്‍ച്ച നടക്കുന്നുണ്ടത്രെ. അമേരിക്കന്‍ സൈന്യത്തിന് സ്ഥലം നല്‍കിയതാണ് സൗദി നല്‍കിയ വലിയ തെറ്റ് എന്ന് ഹൂതികള്‍ പറയുന്നു. നേരത്തെ അബഹ വിമാനത്താവളത്തിന് നേരെയും അവര്‍ ആക്രമണം നടത്തിയിരുന്നു. അതേസമയം, സൗദി അറേബ്യയ്ക്ക് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ താഡ് മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ ആയുധം തീരുന്നു എന്ന വാര്‍ത്ത സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.





Click it and Unblock the Notifications