സൗദി അറേബ്യ രണ്ടും കല്‍പ്പിച്ച്: ഒരാഴ്ചക്കിടെ നാടുകടത്തിയത് 7500 പ്രവാസികളെ; ഇന്ത്യക്കാരുമേറെ
റിയാദ്: ഒരാഴ്ചയ്ക്കിടെ 7,500 ലധികം അനധികൃത പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അനധികൃത പ്രവാസികളെ കണ്ടെത്താൻ മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ നടത്തിയ പരിശോധനയിരാണ് ഇത്രയും പേർക്കെതിരെ നടപടിയുണ്ടായത്.. പരിശോധനയിൽ 18407 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
താമസ നിയമം ലംഘിച്ച 12,995 പേർ, സുരക്ഷാ നിയമം ലംഘിച്ച 3,512 പേർ,
തൊഴിൽ നിയമം ലംഘിച്ച 1,900 പേർ എന്നിവരാണ് പരിശോധനയിൽ കുടുങ്ങിയത്. അതിർത്തി കടക്കാൻ ശ്രമിച്ചതിന് 1260 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ 66 ശതമാനം എത്യോപ്യൻ പൗരന്മാരും 28 ശതമാനം യെമൻ പൗരന്മാരും 6 ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്. അതിർത്തി കടന്ന് രാജ്യം വിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതിന് 67 പേരും അറസ്റ്റിലായി.

നിയമലംഘകർക്ക് അഭയം നൽകിയതിനും അവരെ മറ്റൊരിടത്തേക്ക് മാറാൻ സഹായിച്ചതിനും 21 പേരേയും സുരക്ഷ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 34,201 കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 32,453 പേർ പുരുഷൻമാരും 1,748 പേർ സ്ത്രീകളുമാണ്.
നിയമലംഘനത്തിന് 27,288 പേരെ യാണ് കസ്റ്റഡിയിലെടുത്തത്. ശരിയായ യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെടാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ രാജ്യം വിടാനുള്ള ക്രമീകരണങ്ങൾ നടത്താൻ 1762 പേർക്ക് നിർദേശവും നൽകി.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. നിയമം ലംഘിച്ചാൽ പരമാവധി 15 വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും ഒരു ദശലക്ഷം സൗദി റിയാൽ വരെ പിഴ ഈടാക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിനിടെ ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് താത്കാലികമായി നിർത്തിവെച്ചതായി സൗദി അറിയിച്ചു. ഉംറ വിസ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയാണ് നിർത്തലാക്കിയത്. ഏപ്രില്‍ 13 മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരും. ജൂൺ പകുതി വരെയായിരിക്കും നിരോധനം ഉണ്ടായേക്കുക എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉംറ, ഫാമിലി വിസയിൽ എത്തുന്നവർ അനധികൃതമായി ഹജ്ജ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.












Click it and Unblock the Notifications