ഇന്ത്യ തന്ത്രം മാറ്റിയപ്പോള്‍ വീണത് സൗദി അറേബ്യ; കുതിച്ചത് ഈ രാജ്യം, 35 ശതമാനം എണ്ണ വരുന്നത്
ഒരു കാലത്ത് ഇന്ത്യ ആവശ്യമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത് സൗദി അറേബ്യ, യുഎഇ, കുവൈത്ത് തുടങ്ങി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു. 1990കളില്‍ നടന്ന ഗള്‍ഫ് യുദ്ധം ഇന്ത്യയെ ശരിക്കും മാറ്റി ചിന്തിപ്പിച്ചു. ക്രൂഡ് ഓയില്‍ വരവ് നിലച്ചാല്‍ രാജ്യം നിശ്ചലമാകുമെന്ന ഭയം വന്നു. കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങി സംഭരിച്ചുവയ്ക്കണം എന്ന തോന്നലുണ്ടായി. തുടര്‍ന്നാണ് ഇന്ത്യയില്‍ മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.
ആവശ്യമുള്ള എണ്ണ അധികമായി എപ്പോഴും സംഭരിക്കാന്‍ തുടങ്ങി ഇന്ത്യ. അപ്പോള്‍ സൗദി അറേബ്യയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണ മതിയാകാതെ വന്നു. ഈ വേളയിലാണ് അമേരിക്ക അധിനിവേശം നിര്‍ത്തി മടങ്ങിയതും ഇറാഖ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ കുതിച്ചതും. ഇതോടെ ഇന്ത്യ ഇറാഖില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടി. എന്നാല്‍ 2020ന് ശേഷം സംഭവിച്ചത് മറ്റൊന്നാണ്.

സൗദിയുടെ സ്ഥാനം ഇറാഖിന് ലഭിച്ചെങ്കിലും കളി വീണ്ടും മാറി. റഷ്യയും ഉക്രൈനും യുദ്ധമുണ്ടായപ്പോള്‍ അമേരിക്കയും യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്ന ഭയം റഷ്യയിലുണ്ടായി. വരുമാനം കണ്ടെത്താന്‍ റഷ്യ അവരുടെ എണ്ണ വിലകുറച്ച് വില്‍ക്കാന്‍ തുടങ്ങി. ഈ അവസരം ഇന്ത്യ മുതലെടുത്തു.
2020-21 കാലത്ത് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കിയിരുന്ന എണ്ണയുടെ അളവ് 0.50 ശതമാനമായിരുന്നു എങ്കില്‍ 2025ല്‍ 35 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. വില കുറച്ച് ലഭിക്കുന്നു എന്നതു തന്നെയാണ് റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണം. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഇന്ത്യയിലെത്താന്‍ ചെലവ് കൂടുതലാണ്.
ഇന്ത്യയിലേക്ക് എണ്ണ വരുന്ന വഴികള്‍ ഇതാണ്
നേരത്തെ ഹോര്‍മുസ് കടലിടുക്ക് മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ, സൂയസ് കനാല്‍, പാനമ കനാല്‍, ആഫ്രിക്ക എന്നീ വഴികളിലൂടെയെല്ലാം ഇപ്പോള്‍ എണ്ണ എത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം ലോകത്ത പല രാഷ്ട്രീയ കോലാഹലങ്ങളുമുണ്ടായപ്പോഴും ഇന്ത്യയ്ക്ക് കരുത്തായത് റഷ്യയുടെ എണ്ണയായിരുന്നു. സൗദി അറേബ്യയെ തള്ളി ഇറാഖ് വന്നപ്പോള്‍ ഇറാഖിനെ തള്ളിയാണ് റഷ്യ എത്തിയത്.
എന്നാല്‍ ഇന്ത്യ ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ ഇവിടെയും നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. യുക്രൈന്‍ യുദ്ധം ഏതെങ്കിലും സമയം അവസാനിക്കുകയും ഉപരോധം അമേരിക്ക പിന്‍വലിക്കുകയും ചെയ്താല്‍ റഷ്യയുടെ നിലപാട് മാറുമെന്ന് ഇന്ത്യ മനസിലാക്കുന്നു. ആ വേളയില്‍ ഉയര്‍ന്ന വിലയിലേക്ക് റഷ്യയുടെ എണ്ണയുമെത്തും. അതുകൊണ്ടുതന്നെ വൈവിധ്യവല്‍ക്കരണം ഇക്കാര്യത്തില്‍ ഇന്ത്യ നടപ്പാക്കുന്നുണ്ട്.
റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. കൂടാതെ നൈജീരിയ, മെക്‌സിക്കോ, അംഗോള, ഗയാന തുടങ്ങിയ രാജ്യങ്ങളെയും ആശ്രയിക്കുന്നുണ്ട്. ഇറാഖില്‍ നിന്നാണ് 19 ശതമാനം എണ്ണ വാങ്ങുന്നത്, സൗദിയില്‍ നിന്ന് 14 ശതമാനം, യുഎഇയില്‍ നിന്ന് 10 ശതമാനം, അമേരിക്കയില്‍ നിന്ന് അഞ്ച് ശതമാനം എന്നിങ്ങനെയാണ് ഇന്ത്യ എണ്ണ വാങ്ങുന്ന കണക്ക്. ഇതില്‍ പല ക്രൂഡ് ഓയിലും സംസ്‌കരിച്ച് ഇന്ധനമാക്കി ഇന്ത്യ കയറ്റുമതി ചെയ്യുന്നുമുണ്ട്.












Click it and Unblock the Notifications