സൗദി അറേബ്യയുടെ മാസ്റ്റര്‍ പ്ലാന്‍; ഫലം കണ്ടാല്‍ വമ്പന്‍ ലോട്ടറി, ജോര്‍ദാന്‍ റെയില്‍വെ മാത്രമല്ല
ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെ സൗദി അറേബ്യ ചരക്കുകള്‍ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും പ്രതിസന്ധി നേരിടുകയാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വേറിട്ട പല വഴികളും അന്വേഷിക്കുന്നുണ്ട്. 1200 കിലോമീറ്ററിലുള്ള എണ്ണ പൈപ്പ് ലൈനും ചെങ്കടല്‍ തുറമുഖത്ത് നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്കുള്ള കപ്പല്‍ പാതയുമെല്ലാം സൗദി സജീവമാക്കി.
അതിന് പുറമെയാണ് സൗദിയിലെ തുറമുഖങ്ങളെ ജോര്‍ദാനുമായും മറ്റു വടക്കന്‍ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന റെയില്‍ പാത. അതിവേഗമാണ് ബദല്‍ മാര്‍ഗം സൗദി കണ്ടെത്തുന്നത്. ഓരോ ദിവസവും ഏഴ് ലക്ഷം ക്രൂഡ് ഓയില്‍ സൗദിയുടെ പല ഭാഗങ്ങളില്‍ നിന്നും യാമ്പു തുറമുഖത്ത് എത്തിക്കാന്‍ കഴിയുന്നതാണ് പൈപ്പ് ലൈന്‍. ഇതില്‍ നിന്ന് വേറിട്ടതാണ് ജോര്‍ദാനിലേക്കുള്ള റെയില്‍ പാത.

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള തുറമുഖങ്ങളെ ജോര്‍ദാനിലെ അല്‍ ഹാദിദ അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്നതാണ് റെയില്‍പാത. ഇതുവഴി ചരക്കുകള്‍ കൊണ്ടുപോകാനാണ് പദ്ധതി. ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖം, കിങ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ തുറമുഖം, ജുബൈല്‍ വാണിജ്യ തുറമുഖം എന്നിവയെ ജോര്‍ദാനുമായി ചേരുന്ന ഹാദിദ അതിര്‍ത്തിയിലേക്ക് ബന്ധിപ്പിക്കുന്നതാണ് റെയില്‍പാത.
റെയില്‍പാത നേട്ടമാകും
ഓരോ ചരക്കു ട്രെയിനിലും 400 കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്നതാണ് നേട്ടം. 1700 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ റെയില്‍പാത. മറ്റു കരമാര്‍ഗങ്ങളിലൂടെ ചരക്കുകള്‍ കൊണ്ടുപോകുന്നതിനേക്കാള്‍ പകുതി സമയം മതി റെയില്‍വെ വഴി ചരക്കുകള്‍ എത്തിക്കാന്‍. റെയില്‍വെ വഴി ചരക്കുകള്‍ പോകുന്നതോടെ റോഡുകളിലെ തിരക്ക് കുറയ്ക്കാം എന്നതും മറ്റൊരു നേട്ടമാണ്.
സുരക്ഷിതമായി ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് സൗദി കാണുന്ന ഗുണം. മറ്റൊന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാം. വേഗത്തില്‍ ചരക്കുകള്‍ എത്തിക്കാമെന്നും സൗദി റെയില്‍വെ അധികൃതര്‍ പറയുന്നു. തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിനാല്‍ കപ്പല്‍ വഴി എത്തുന്ന ചരക്കുകള്‍ മണിക്കൂറുകള്‍ക്കകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങലിലെത്തിക്കാം. അയല്‍രാജ്യങ്ങളിലേക്കും കൊണ്ടുപോകാം. ജോര്‍ദന്‍ വഴി കയറ്റുമതിയും സാധ്യമാകും.
പൈപ്പ്‌ലൈന്‍ വഴി ക്രൂഡ് ഓയില്‍ എത്തും
ഹോര്‍മുസ് പാത അടച്ചതോടെയാണ് സൗദി അറേബ്യ പൈപ്പ് ലൈന്‍ വഴി ക്രൂഡ് ഓയില്‍ എത്തിക്കല്‍ സജീവമാക്കിയത്. 1200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പൈപ്പ്‌ലൈന്‍ അബ്‌ഖൈക് എണ്ണ ശുദ്ധീകരണ കേന്ദ്രത്തില്‍ നിന്ന് ചെങ്കടലിലെ യാമ്പു തുറമുഖത്തേക്കാണ്. 70 ലക്ഷം ബാരല്‍ ശേഷിയാണ് സൗദിയുടെ പൈപ്പ് ലൈനുള്ളത്. ഇതില്‍ 20 ലക്ഷം പ്രാദേശിക ആവശ്യത്തിന് ഉപയോഗിക്കും. എങ്കിലും ഹോര്‍മുസ് പാതയ്ക്ക് പകരമാകില്ല.
ചരക്കുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സൗദിയുടെ മുന്നിലുള്ള മറ്റൊരു കടല്‍ പാത ചെങ്കടലിലൂടെയാണ്. യമനിലെ ഹൂത്തികള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണിത്. ബാബുല്‍ മന്തിബ് കടലിടുക്കില്‍ ഹൂത്തികള്‍ തടസം സൃഷ്ടിച്ചാല്‍ സൗദിക്ക് മറ്റൊരു തിരിച്ചടിയാകും. ഹൂത്തികള്‍ കഴിഞ്ഞ ദിവസം മുതല്‍ ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്രായേലിലേക്ക് ആക്രമണവും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications