സൗദിക്ക് പണി കിട്ടിയോ? അരാംകോയുടെ ക്രൂഡ് ഓയിലിനോട് നോ പറഞ്ഞ് ചൈന: കാരണം ആ തീരുമാനം
റിയാദ്: സെപ്റ്റംബറിൽ ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി കുറയ്ക്കാൻ ഒരുങ്ങി ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യ. ഓഗസ്റ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത തീരുമാനം. സൗദി അറേബ്യ ഔദ്യോഗിക വിൽപ്പന വില (OSP) വർധിപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയുടെ പൊതുമേഖല കമ്പനിയായ സൗദി അറാംകോ, സെപ്റ്റംബറിൽ ചൈനയിലേക്ക് ഏകദേശം 430 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ദിവസേന ശരാശരി 14.3 ലക്ഷം ബാരലിന് തുല്യം. ഓഗസ്റ്റിൽ 16.5 ലക്ഷം ബാരൽ പ്രതിദിന (bpd) കയറ്റുമതി ചെയ്തിരുന്നതിനെ അപേക്ഷിച്ച് ഇത് വലിയ തോതില്‍ കുറവാണ്.

ഏഷ്യയിലെ പ്രമുഖ റിഫൈനറായ സിനോപെക്, സൗദി അറാംകോയുമായുള്ള ഫുജിയാൻ റിഫൈനറി സംയുക്ത സംരംഭം, പെട്രോചൈന, ഷെൻഹോംഗ് പെട്രോകെമിക്കൽ തുടങ്ങിയ കമ്പനികളാണ് സെപ്റ്റംബറിൽ സൗദി ക്രൂഡ് ഓയിൽ വാങ്ങൽ കുറയ്ക്കാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ച, സൗദി അറാംകോ ഏഷ്യൻ ഉപഭോക്താക്കൾക്കായുള്ള സെപ്റ്റംബർ ക്രൂഡ് ഓയിൽ വില പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ രണ്ടാം മാസവും വില വർധിപ്പിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. ആഗോള എണ്ണ ഉപഭോഗത്തിന്റെ പ്രധാന ശക്തിയായ ഏഷ്യൻ വിപണിയിൽ നിന്നുള്ള ശക്തമായ ഡിമാൻഡാണ് ഈ വില വർധനയ്ക്ക് പിന്നിലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മിഡിൽ ഈസ്റ്റിലെ മറ്റ് ക്രൂഡ് ഓയിൽ കയറ്റുമതിക്കാർ സൗദിയുടെ വിലയേയാണ് അടിസ്ഥാന മാനദണ്ഡമായി കണക്കാക്കാറുള്ളത്.
പ്രമുഖ ക്രൂഡ് ഓയിലായ അറബ് ലൈറ്റിന്റെ വില ഒമാൻ/ദുബായ് ശരാശരി ക്വോട്ടുകളെ അപേക്ഷിച്ച് ഒരു ബാരലിന് 3.20 ഡോളറായി ഉയർത്താനാണ് അരാംകോ തീരുമാനിച്ചിരിക്കുന്നത്. ഇത് ഏപ്രിൽ മുതലുള്ള ഏറ്റവും ഉയർന്ന പ്രീമിയമാണെന്നും റോയിട്ടേഴ്സിന്റെ ഡാറ്റകള്‍ വ്യക്തമാക്കുന്നു.
അതേസമയം മറുവശത്ത് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ചുറ്റിപ്പറ്റിയുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വർധിക്കുന്നതിനിടയിലും, നിരവധി ഇന്ത്യൻ റിഫൈനറികൾ സെപ്റ്റംബറിനായി അവർക്ക് അനുവദിക്കപ്പെട്ട പൂർണ വോളിയം ഉറപ്പാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപിന്റെ പുതുക്കിയ മുന്നറിയിപ്പുകൾ ആഗോള എണ്ണ വിപണിയെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അധിക വിതരണം തേടാതെ, നിലവിലെ അനുവദിച്ച അളവിൽ തൃപ്തരാണെന്ന് റിഫൈനറികൾ വ്യക്തമാക്കി.
നീണ്ടകാല കരാറുകൾ പാലിക്കപ്പെടുന്നതും, ഇന്ത്യ പോലുള്ള പ്രധാന വിപണികളിലേക്ക് സ്ഥിരമായ വിതരണം നിലനിർത്താനുള്ള വിതരണക്കാരുടെ തീരുമാനവും ഈ സ്ഥിരതയ്ക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തന്നെ സൌദി അറേബ്യ വില്‍പ്പന വില ഉയർത്തിയത് ഇന്ത്യക്കും തിരിച്ചടിയാണ്.












Click it and Unblock the Notifications