പ്രതീക്ഷിച്ചത് നടന്നില്ല: സൗദിക്കും ഇറാഖിനും തിരിച്ചടി; ക്രൂഡ് ഓയില്‍ വിഹിതം കുത്തനെ കുറഞ്ഞു
ഡല്‍ഹി: അമേരിക്കയുടെ ഭാഗത്ത് നിന്നുമുള്ള ശക്തമായ തീരുവ ഭീഷണി ഉയരുന്നതിന് ഇടയിലും ഓഗസ്റ്റില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വലിയ തോതില്‍ വർധിപ്പിച്ച് ഇന്ത്യ. സാമ്പത്തിക നേട്ടം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ജൂലൈയിൽ 16 ലക്ഷം ബാരൽ പ്രതിദിനം (ബിപിഡി) ആയിരുന്ന ഇറക്കുമതി ഓഗസ്റ്റിൽ 20 ലക്ഷം ബാരലായി ഉയർന്നുവെന്നാണ് അനലിറ്റിക്സ് സ്ഥാപനമായ ക്പ്ലർ (Kpler) റിപ്പോർട്ട് ചെയ്യുന്നത്.
ഓഗസ്റ്റ് ആദ്യം ഇന്ത്യയുടെ മൊത്തം 52 ലക്ഷം ബി പി ഡി ഇറക്കുമതിയിൽ 38 ശതമാനവും റഷ്യൻ എണ്ണയാണ് എന്നതാണ് ശ്രദ്ധേയം. തീരുവ ഭീഷണി ഉയർന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയുകയും അറബ് രാഷ്ട്രങ്ങളുടെ വിഹിതം വർധിക്കുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇതിന് നേർവിപരീതമായി ഓഗസ്റ്റില്‍ റഷ്യന്‍ ഇറക്കുമതി ഉയർന്നപ്പോള്‍ ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ വരവ് കുറയുകയാണ് ചെയ്തിരിക്കുന്നത്.

ഇറാഖിൽ നിന്നുള്ള ഇറക്കുമതി 7.3 ലക്ഷം ബി പി ഡിയിലേക്കും സൗദി അറേബ്യയിൽ നിന്നുള്ളത് 5.26 ലക്ഷം ബി പി ഡിയിലേക്കുമാണ് കുറഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ യുഎസ് 2.64 ലക്ഷം ബി പി ഡിയുമായി അഞ്ചാമത്തെ വലിയ വിതരണക്കാരായി മാറി. '2025 ജൂലൈ അവസാനം ട്രംപ് ഭരണകൂടം താരിഫ് പ്രഖ്യാപിച്ചിട്ടും ഓഗസ്റ്റിൽ റഷ്യൻ എണ്ണ ഇറക്കുമതി ശക്തമായി തുടരുന്നു' ക്പ്ലർ ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിതോലിയയെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തന്നെ, നിലവിലെ ഇറക്കുമതി നേരത്തെ ഉറപ്പിച്ച കരാറുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, സെപ്റ്റംബർ അവസാനം മുതൽ യഥാർത്ഥ മാറ്റങ്ങൾ ദൃശ്യമാകാം. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. അതിനാൽ, നയപരമായി ബിസിനസ് സാധാരണ നിലയിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി) ചെയർമാൻ അരവിന്ദർ സിംഗ് സാഹ്നിയും സമാനമായ കാര്യമാണ് വ്യക്തമാക്കുന്നത്. 'ആരും ഞങ്ങളോട് വാങ്ങണമെന്നോ വാങ്ങരുതെന്നോ പറഞ്ഞിട്ടില്ല. റഷ്യൻ എണ്ണയുടെ അനുപാതം കൂട്ടാനോ കുറയ്ക്കാനോ ഞങ്ങൾ പ്രത്യേക ശ്രമം നടത്തുന്നില്ല. ഏപ്രിൽ-ജൂൺ കാലയളവിൽ ഐ ഒ സിയുടെ ക്രൂഡ് പ്രോസസ്സിംഗിൽ 22 ശതമാനം റഷ്യൻ എണ്ണയായിരുന്നു, ഇത് അടുത്ത കാലത്തും സ്ഥിരമായി തുടരുമെന്നാണ് പ്രതീക്ഷ.' അരവിന്ദർ സിംഗ് സാഹ്നി പി ടി ഐയോട് പറഞ്ഞു.
കഴിഞ്ഞ മാസം റഷ്യൻ എണ്ണയ്ക്കുള്ള ഡിസ്കൗണ്ട് 1.5 ഡോളറായി കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് ഭാരത് പെട്രോളിയം ഫിനാൻസ് ഡയറക്ടർ വെറ്റ്സ റാമകൃഷ്ണ ഗുപ്തയും അഭിപ്രായപ്പെട്ടു. 2022-ൽ ഉക്രൈന്‍ യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെയായിരുന്നു ഇന്ത്യ റഷ്യൻ എണ്ണയിലേക്ക് ഗണ്യമായി മാറി.
ഇതോടെ ഒരു കാലത്ത് നാമമാത്രമായിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 35-40 ശതമാനം വരും. ഡിസ്കൗണ്ട് 40 ഡോളറിൽ നിന്ന് 1.5 ഡോളറായി കുറഞ്ഞെങ്കിലും, ഈ മാസം ഇത് 2 ഡോളറിന് മുകളിലേക്ക് ഉയർന്നതും ശ്രദ്ധേയമാണ്. റഷ്യക്കും അറബ് രാഷ്ട്രങ്ങള്‍ക്കും പുറമെ യുഎസ്, പശ്ചിമാഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതല്‍ വിതരണക്കാരേയും ഇന്ത്യ തേടികൊണ്ടിരിക്കുന്നുണ്ട്. ലാഭം പരമാവധി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഊർജ്ജ സുരക്ഷയിലേക്കും ലോജിസ്റ്റിക്സ് റിസ്ക് മാനേജ്മെന്റിലേക്കുമുള്ള ഒരു മനോഭാവ മാറ്റമാണ് ഇതെന്നും സുമിത് റിതോലിയ പറഞ്ഞു.












Click it and Unblock the Notifications