സൗദി അറേബ്യ പിന്നിലേക്ക്; കുതിച്ചു കയറി അമേരിക്ക, ലോകത്തെ എണ്ണ കയറ്റുമതിയില്‍ റെക്കോര്‍ഡ്
സൗദി അറേബ്യയും റഷ്യയുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങള്‍. കഴിഞ്ഞ മാസം ഇരു രാജ്യങ്ങള്‍ക്കും ഈ പദവി തെറിച്ചു. പകരം അമേരിക്ക ഒന്നാം സ്ഥാനത്തെത്തി. പാറകള്‍ തുറന്ന് എടുക്കുന്ന ഷെയ്ല്‍ എണ്ണയുടെ ഖനനത്തില്‍ വിപ്ലവം സൃഷ്ടിച്ചാണ് അമേരിക്ക മുന്നിലെത്തിയത്. ഹോര്‍മുസ് അടച്ചത് സൗദി അറേബ്യയ്ക്കും യുക്രൈന്‍ യുദ്ധം കാരണമായുള്ള ഉപരോധം റഷ്യയ്ക്കും തിരിച്ചടിയായപ്പോഴാണ് അമേരിക്ക കുതിച്ചത്.
മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്ത രാജ്യം അമേരിക്കയാണ് എന്ന് വോര്‍ടെക്‌സയുടെ കപ്പല്‍ ട്രാക്കിങ് ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 10.5 ദശലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും അമേരിക്ക കയറ്റുമതി ചെയ്തത്. റഷ്യ 7 ദശലക്ഷവും സൗദി 5.9 ദശലലക്ഷവും കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം 8.1 ദശലക്ഷവുമായി സൗദിയായിരുന്നു മുന്നില്‍. 6.6 ദശലക്ഷം ബാരലായിരുന്നു അന്ന് അമേരിക്കയുടെ കയറ്റുമതി.

ഹോര്‍മുസ് അടച്ചതോടെ സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള എണ്ണ വരവ് കുറഞ്ഞു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടാതെ ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലേയും രാജ്യങ്ങളെയും ഇന്ത്യ ആശ്രയിക്കാന്‍ തുടങ്ങി. യുഎഇയുമായി ഇന്ത്യ സുപ്രധാന എണ്ണ സംഭരണ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
ഇന്ത്യയും യുഎഇയും കൈകോര്‍ക്കുമ്പോള്‍ വലിയ മാറ്റം
ഇന്ത്യയും യുഎഇയും തന്ത്രപ്രധാനമായ എണ്ണശേഖരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾ വേഗത്തിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കം. ഊർജ്ജ ആവശ്യങ്ങൾക്കായി 88 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ പദ്ധതി ഏറെ നിർണ്ണായകമാണ്.
നിലവിലെ 5.8 ദശലക്ഷം ബാരൽ സംഭരണ ശേഷി 30 ദശലക്ഷം ബാരലായി ഉയർത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പറഞ്ഞു. നിലവിലുള്ള ഭൂഗർഭ സംഭരണികളും പുതിയ അടിസ്ഥാനസൗകര്യങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും വിപുലീകരണം.
വാണിജ്യ ആവശ്യങ്ങൾക്കായി എണ്ണ ഉപയോഗിക്കുന്നതടക്കമുള്ള വിവിധ സംഭരണ രീതികൾ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്. മംഗലാപുരത്തെ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ, വിശാഖപട്ടണം, ചന്ദികോൾ എന്നിവിടങ്ങളിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിക്കാൻ സാധ്യതയുണ്ട്.
യുഎഇയും എണ്ണ സംഭരണ കേന്ദ്രം വരും
ഇതിനുപുറമെ, യുഎഇയിലെ ഫുജൈറയിൽ ക്രൂഡ് ഓയിൽ സംഭരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണശേഖരത്തിന്റെ (SPR) ഭാഗമായാണ് കണക്കാക്കുക. കൂടാതെ, ഗ്യാസ് ശേഖരണ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ എൽപിജി സംഭരണികളോ അല്ലെങ്കിൽ പുതിയ എൽഎൻജി അധിഷ്ഠിത ഇൻഫ്രാസ്ട്രക്ചറോ ഉപയോഗപ്പെടുത്താനാണ് നിലവിൽ ആലോചിക്കുന്നത്.
ഇറാൻ-യുഎസ് സംഘർഷം പോലുള്ള സാഹചര്യങ്ങളിൽ എണ്ണ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഇത്തരം ശേഖരണ കേന്ദ്രങ്ങൾ അത്യാവശ്യമാണ്. അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ വൻശക്തിരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ എണ്ണ സംഭരണ ശേഷി താരതമ്യേന കുറവാണ്. അതിനാൽ തന്ത്രപ്രധാനമായ എണ്ണശേഖരണം വർദ്ധിപ്പിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.













Click it and Unblock the Notifications