സൗദി അറേബ്യ ഭയപ്പെട്ടത് നടന്നു; പാകിസ്താന്‍ സൈന്യം ആയുധം എടുക്കുമോ? കണ്ണിന് കണ്ണ് എന്ന് ഹൂതികള്‍
റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായി യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം. സൗദിക്കെതിരെ നാവിക ഉപരോധമാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ ചെങ്കടല്‍ വഴി സൗദിയിലേക്ക് ചരക്കുകള്‍ എത്താനും കയറ്റുമതി ചെയ്യാനും തടസം നേരിടും. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതിന് പുറമെയാണ് ബാബുല്‍ മന്തിബ് കടലിടുക്ക് ഹൂതികള്‍ ഉപരോധിക്കുന്നത്.
ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍ ബാബു മന്തിബ് വഴിയാണ് സൗദിയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി. ഇപ്പോള്‍ അതും അസാധ്യമാകുകയാണ്. ഹൂതി വക്താവ് യഹിയ സരീ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യമന്‍ തീരംവഴി സൗദിയുട ഒരു കപ്പലും കടത്തിവിടില്ലെന്നും സൗദി തങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കുള്ള മറുപടിയാണിത് എന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ രക്ഷയ്ക്ക് പാകിസ്താന്‍ സൈന്യം ഇടപെടുമോ എന്നാണ് ഉയരുന്ന ചോദ്യം.

യമന്റെ വലിയൊരു ഭാഗം ഹൂതികളുടെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ സന്‍ആയും ഹുദൈദ തുറമുഖവും ഉള്‍പ്പെടെ. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് യമനിലേക്ക് വന്ന വിമാനം ഇറങ്ങാനിരിക്കെ സന്‍ആ വിമാനത്താവളത്തിലെ റണ്‍വെ സൗദി പിന്തുണയ്ക്കുന്ന സൈന്യം ആക്രമിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് ഹുദൈദയിലാണ് വിമാനം ഇറക്കിയത്.
യമനില്‍ സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഹൂതികള്‍. ഇവര്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങള്‍ക്കെതിരെ സൗദിയുടെ ഉപരോധം നിലവിലുണ്ട്. വിമാനത്താവളവും തുറമുഖവുമെല്ലാം ഇതില്‍പ്പെടും. ഈ സാഹചര്യത്തിലാണ് ഹൂതികള്‍ തിരിച്ചും ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണിന് കണ്ണ് എന്നതാണ് നയം എന്ന് ഹൂതികള്‍ പറയുന്നു.
ഹൂതികളുടെ ഉപരോധത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. യമനിലെ ഔദ്യോഗിക സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും സൗദി അറിയിച്ചു. ഹോര്‍മുസും ബാബുല്‍ മന്തിബും അടയുന്നതോടെ സൗദി അറേബ്യ വലിയ പ്രതിസന്ധിയിലാകും. സൗദിയുടെ കയറ്റുമതി സാധ്യമായില്ലെങ്കില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ കുതിച്ചുയരും. അത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൂതികളുമായി സംഘര്‍ഷമില്ലാതെ പോകുകയായിരുന്നു സൗദി. ബാബുല്‍ മന്തിബ് അടയുന്നത് സൗദിക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സൗദിയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയും ശക്തമായി.
അതേസമയം, സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നുണ്ട്. സൗദിയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണിത്. സൗദി സൈന്യത്തിന് പരിശീലനം ഉള്‍പ്പെടെയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ സൗദിയെ ആരെങ്കിലും ആക്രമിച്ചാല്‍ പാകിസ്താന്‍ ഇടപെടുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പാകിസ്താന്‍ യുദ്ധത്തില്‍ ഇടപെടുമോ അതോ സൗദി സൈന്യത്തിന് പിന്തുണ നല്‍കുക മാത്രമാണോ ചെയ്യുക എന്നാണ് ഇനി അറിയേണ്ടത്. പാകിസ്താന്‍ ഇടപെട്ടാല്‍ യുദ്ധത്തിന്റെ ചിത്രം മാറും.


Click it and Unblock the Notifications