സൗദി അറേബ്യ ഫുട്‌ബോള്‍ ലോകകപ്പ്; വേദിയാകുക ഈ 5 നഗരങ്ങള്‍, കിടിലന്‍ സ്‌റ്റേഡിയങ്ങള്‍
റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം സുന്ദരമായി നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു ഖത്തര്‍. തൊട്ടുപിന്നാലെയാണ് മറ്റൊരു ജിസിസി രാജ്യം കൂടി ഫിഫ മല്‍സരത്തിന് വേദിയാകുമെന്ന വിവരം വന്നത്. സൗദി അറേബ്യയാണ് 2034ലെ ലോകകപ്പ് മല്‍സരത്തിന് ആതിഥ്യമരുളുക. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സൗദി അറേബ്യ തുടങ്ങി കഴിഞ്ഞു.
അഞ്ച് നഗരങ്ങളിലാണ് സൗദിയില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുക. അഞ്ചിടത്തും കൂറ്റന്‍ സ്‌റ്റേഡിയങ്ങള്‍ ഒരുങ്ങുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കളി കാണാന്‍ സൗകര്യമുണ്ടാകുക റിയാദിലെ സ്റ്റേഡിയത്തിലായിരിക്കും. സ്റ്റേഡിയങ്ങളെ ബന്ധിപ്പിച്ചുള്ള ഗതാഗത സൗകര്യവും സൗദി അറേബ്യ ഒരുക്കും. അറിയാം വിശദ വിവരങ്ങള്‍...

സൗദിയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് മല്‍സരത്തില്‍ 48 ടീമുകളായിരിക്കും ഉണ്ടാകുക. 15 സ്റ്റേഡിയങ്ങളിലായിട്ടായിരിക്കും മല്‍സരങ്ങള്‍. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം സിറ്റി എന്നിവിടങ്ങളിലാണ് സ്‌റ്റേഡിയങ്ങള്‍. റിയാദിലെ സ്‌റ്റേഡിയത്തില്‍ 92000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ടായിരിക്കും. ആദ്യ മല്‍സരവും ഫൈനലും കിങ് സല്‍മാന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആയിരിക്കും.
പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, ന്യൂ മുറബ്ബ സ്റ്റേഡിയം എന്നിവിടങ്ങളിലും മല്‍സരം നടക്കും. റിയാദ് കായിക തലസ്ഥാനം കൂടിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. വിഷന്‍ 2030 എന്ന ബൃഹദ് പദ്ധതിയുടെ ഭാഗം കൂടിയാണിവ. ചെങ്കടല്‍ തീരനഗരമായ ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം, ജിദ്ദ സെന്‍ട്രല്‍ ഡെവലപ്‌മെന്റ് സ്റ്റേഡിയം എന്നിവിടങ്ങളിലും മല്‍സരം നടക്കും.
നിയോം സിറ്റിയിലെ സ്റ്റേഡിയം
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലുള്ള അരാംകോ സ്‌റ്റേഡിയത്തിലും മല്‍സരമുണ്ടാകും. അബഹയിലെ കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയവും മല്‍സര വേദിയാകും. തബൂക്ക് പ്രവിശ്യയിലെ നിയോം മെഗാ സിറ്റിയിലും സ്‌റ്റേഡിയം ഒരുങ്ങുന്നുണ്ട്. സൗദി അറേബ്യയുടെ ബ്രഹ്മാണ്ഡ പദ്ധതിയാണ് നിയോം സിറ്റി. സൗദിയുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന നിലയിലാകും സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം.
മല്‍സരത്തിന് വേദിയാകുന്ന അഞ്ച് നഗരങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് സൗദി അറേബ്യ ഒരുക്കുന്നത്. ഹോട്ടലുകള്‍, ആഡംബര വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഒരുക്കുന്നത് വിദേശ സന്ദര്‍ശകരെ കൂടി ലക്ഷ്യമിട്ടാണ്. കൂടാതെ ലോകത്തിന്റെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള യാത്ര എളുപ്പമാക്കാനും സൗകര്യമൊരുക്കും. ഫുട്‌ബോള്‍ മല്‍സരത്തോടെ സൗദിയിലേക്കുള്ള വിദേശികളുടെ വരവ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.
സൗദി അറേബ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ രാജ്യമാണ് ഖത്തര്‍. ഗംഭീരമായ മികവോടെയാണ് ഖത്തര്‍ ലോകകപ്പ് മല്‍രങ്ങള്‍ പൂര്‍ത്തിയാക്കിയത്. 20000 കോടി ഡോളര്‍ ഇതിനായി ഖത്തര്‍ ചെലവഴിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ചെറിയ രാജ്യമായതിനാല്‍ എല്ലാ മല്‍സരങ്ങളും കാണുന്നതിന് ആരാധകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ സൗദിയില്‍ വളരെ അകലെ മല്‍സരങ്ങള്‍ നടക്കുമെന്നതിനാല്‍ എല്ലാ മല്‍സരവും എല്ലാവര്‍ക്കും നേരിട്ട് കാണാന്‍ സാധിക്കണം എന്നില്ല.












Click it and Unblock the Notifications