സൗദി അറേബ്യയ്ക്ക് ലോട്ടറി; ജാഫുറയില്‍ ലിക്വിഡ് ഗോള്‍ഡ്, വാതകം കുഴിച്ചപ്പോള്‍ ലൈറ്റ് ഓയില്‍
റിയാദ്: സൗദി അറേബ്യയില്‍ വാതക ഖനനം നടക്കുന്ന മേഖലയാണ് ജാഫുറ. ഓരോ ദിവസവും 20 ലക്ഷം ക്യൂബിക് അടി വാതകം ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം. വാതക ഉല്‍പ്പാദനം സമ്പൂര്‍ണ തോതില്‍ എത്തുന്നതോടെ ഖത്തറിന് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. കാരണം, ജിസിസി മേഖലയില്‍ വാതകം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യം ഖത്തറാണ്. സൗദി കൂടി ഈ ഗണത്തിലേക്ക് വരും.
10000 കോടി ഡോളറിന്റെ പദ്ധതിയാണ് ജാഫൂറയില്‍ സൗദി അരാംകോ നടത്തുന്നത്. ക്രൂഡ് ഓയില്‍ ആവശ്യത്തില്‍ അധികമുള്ള സൗദിയില്‍ വാതകം കൂടി കണ്ടെത്തിയാല്‍ ഇരട്ടിമധുരമാകും. പശ്ചിമേഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയായി സൗദിയെ മാറ്റാന്‍ ഇത് സഹായിക്കും. ഈ വേളയിലാണ് ജാഫൂറയില്‍ നിന്ന് ലൈറ്റ് ഓയില്‍ കണ്ടെത്തിയതും കയറ്റുമതി ചെയ്തതുമായ വാര്‍ത്ത വന്നിരിക്കുന്നത്.

ജാഫൂറയില്‍ നിന്നുള്ള വാതക ഖനനം ഘട്ടങ്ങളായിട്ടാണ് നടപ്പാക്കുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ വാതകത്തിനൊപ്പം ലൈറ്റ് ഓയിലും കണ്ടെത്തി. ഇവ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. വാതകം തണുത്ത് ദ്രാവകമായി മാറുമ്പോള്‍ ലഭിക്കുന്ന ലൈറ്റ് ഓയില്‍ കോണ്ടന്‍സേറ്റ് ആണ് ജാഫൂറയില്‍ നിന്ന് സൗദി കയറ്റുമതി ചെയ്യുന്നത്.
ജാഫൂറയില്‍ നിന്നുള്ള ലൈറ്റ് ഓയില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് വാങ്ങിയിരിക്കുന്നത്. ഈ മാസം അവസാനത്തിനും മാര്‍ച്ച് ആദ്യത്തിലുമായി ഇവ വാങ്ങിയ രാജ്യങ്ങളിലെത്തും. ഓരോ മാസവും ആറ് കാര്‍ഗോ വരെ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് അരാംകോ കരുതുന്നത്. ഓരോ കാര്‍ഗോയിലും അഞ്ച് ലക്ഷം ബാരല്‍ ലൈറ്റ് ഓയില്‍ ഉണ്ടാകും.
കോണ്ടന്‍സേറ്റ് അല്ലെങ്കില്‍ ലൈറ്റ് ഓയില്‍ എന്നാല്‍ എന്താണ്?
വാതകം തണുത്ത് ദ്രാവകമായി മാറുന്ന പ്രക്രിയയിലൂടെ ലഭിക്കുന്ന പദാര്‍ത്ഥത്തെയാണ് കോണ്ടന്‍സേറ്റ് എന്ന് വിളിക്കുന്നത്. പെട്രോളിയം ഖനന മേഖലയില്‍ കോണ്ടന്‍സേറ്റ് എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഭൂമിക്കടിയില്‍ ഉയര്‍ന്ന താപനിലയിലും മര്‍ദ്ദത്തിലും വാതക രൂപത്തില്‍ കാണപ്പെടുന്ന ചില ഹൈഡ്രോകാര്‍ബണുകള്‍ ഉപരിതലത്തിലേക്ക് എത്തുമ്പോള്‍ തണുക്കുകയും ദ്രാവകമായി മാറുകയും ചെയ്യും.
ഇതിനെ ലിക്വിഡ് ഗോള്‍ഡ് എന്ന് വിളിക്കും. ഇത് പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. കോണ്ടന്‍സേറ്റിനെ ലൈറ്റ് ഓയില്‍ എന്നും വിളിക്കാറുണ്ട്. കോണ്ടന്‍സേറ്റ് കാണാന്‍ വെള്ളം പോലെയോ അല്ലെങ്കില്‍ ഇളം മഞ്ഞനിറത്തിലോ ആയിരിക്കും. സാധാരണ ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് ഇതിന് സാന്ദ്രത വളരെ കുറവാണ്. പെട്ടെന്ന് ഒഴുകുന്ന സ്വഭാവമുള്ളതിനാലും കട്ടി കുറവായതിനാലുമാണ് ലൈറ്റ് ഓയില്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ എല്ലാ ലൈറ്റ് ഓയിലുകളും കോണ്ടന്‍സേറ്റ് അല്ല.












Click it and Unblock the Notifications