ഹൂതികള്‍ പെട്ടു; മോച്ച നഗരം നഷ്ടമായി, സൗദി അറേബ്യയില്‍ ആക്രമണം ശക്തമാക്കി പ്രതികാരം
സൗദി അറേബ്യയുടെ പിന്തുണയില്‍ യമനിലെ സര്‍ക്കാര്‍ സൈന്യം ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി. സൗദി സഖ്യസേന വ്യോമാക്രമണം നടത്തുന്ന വേളയില്‍ യമന്‍ സൈനികര്‍ കൂടുതല്‍ പ്രദേശം കീഴ്‌പ്പെടുത്തുകയാണ്. ബാബുല്‍ മന്തിബ് കടല്‍പാതയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ഹൂതികള്‍ക്ക് നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, സൗദി അറേബ്യയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഹൂതികള്‍. റിയാദ് വിമാനത്താവളം, അരാംകോയുടെ കേന്ദ്രം, മറ്റു ചില സുപ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമിച്ചു എന്ന് ഹൂതികള്‍ പറയുന്നു. ഇതില്‍ നാശനഷ്ടങ്ങളുണ്ടായോ എന്ന് വ്യക്തമല്ല. പരസ്പരം ആക്രമണം നടത്തുന്നു എന്നാണ് ഇതുവരെയുള്ള വിവരങ്ങളില്‍ നിന്ന് മനസിലാകുന്നത്. അതിനിടെ വലിയ മാറ്റം മേഖലയില്‍ സംഭവിക്കുകയാണ്...

സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും ഒപ്പുവെച്ച മക്ക കരാര്‍ നടപ്പാക്കാന്‍ ധാരണയായി. മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മേധാവികള്‍ റിയാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ മൂന്നു രാജ്യങ്ങളും ആക്രമിക്കപ്പെട്ടതായി കരുതി ഇടപെടുമെന്നാണ് കരാര്‍. നിലവില്‍ സൗദി അറേബ്യയാണ് ഭീഷണി നേരിടുന്നത്. അതുകൊണ്ടുതന്നെ സൗദിയുടെ രക്ഷയ്ക്ക് തുര്‍ക്കിയും പാകിസ്താനും ഇടപെടുമെന്നാണ് പുതിയ വിവരം.
സൗദി അറേബ്യയില്‍ തുര്‍ക്കിയും പാകിസ്താനും കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ പോകുകയാണത്രെ. മക്ക കരാര്‍ നടപ്പാക്കുമ്പോള്‍ സൗദി അറേബ്യയ്ക്ക് ഹൂതികള്‍ക്കെതിരെ മേല്‍കൈ ലഭിക്കുമെന്നാണ് പ്രതീക്ഷ. യമനില്‍ കടന്നുള്ള നീക്കങ്ങള്‍ക്ക് തുര്‍ക്കിയും പാകിസ്താനും തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ വരുമോ എന്ന ചോദ്യവും ബാക്കിയാണ്.
ഇറാന്റെ പിന്തുണയുള്ളവരാണ് ഹൂതികള്‍. യമന്‍ സൈന്യത്തിന് സൗദിയുടെ പിന്തുണയുണ്ട്. സൗദി അറേബ്യ നേരിട്ട് യമനില്‍ ഇടപെടുന്നുണ്ടെങ്കിലും ഇറാന്‍ പ്രത്യക്ഷ യുദ്ധത്തിന് യമനില്‍ ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ഹൂതികളുടെ സമ്പൂര്‍ണ പരാജയത്തിന് ഇറാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല. ഹൂതികള്‍ പരാജയപ്പെട്ടാല്‍ മേഖലയില്‍ ഇറാന്റെ സ്വാധീനം കുറയും. ഈ വേളയിലാണ് യമനില്‍ ഹൂതികള്‍ക്ക് കൂടുതല്‍ പ്രദേശങ്ങള്‍ നഷ്ടത്തിലാകുന്നു എന്നും യമന്‍ സൈന്യം മുന്നേറുന്നു എന്നുമുള്ള വിവരം വന്നിരിക്കുന്നത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന്‍ആ, സഅദ, ഹുദൈദ എന്നിവിടങ്ങളില്‍ ശക്തമായ വ്യോമ, നാവിക ആക്രമണം നടത്തി എന്ന് യമന്‍ സൈന്യം പറയുന്നു. സൗദിയില്‍ തിരിച്ചടി നല്‍കിയെന്ന് ഹൂതികള്‍ പറയുന്നു. ബാബുല്‍ മന്തിബിനോട് ചേര്‍ന്ന മോച്ച പ്രദേശം ഹൂതികളില്‍ നിന്ന് തിരിച്ചുപിടിച്ചുവെന്നും യമന്‍ സൈന്യം അവകാശപ്പെടുന്നു. ഇതെല്ലാമാണ് യമനില്‍ നിന്ന് ഒടുവില്‍ വന്നിട്ടുള്ള വിവരങ്ങള്‍. തുര്‍ക്കിയും പാകിസ്താനും എങ്ങനെ ഇടപെടുമെന്നതിന് അനുസരിച്ചാകും യമന്‍ യുദ്ധത്തിന്റെ ഭാവി.


Click it and Unblock the Notifications
