ബ്രിട്ടീഷ് പട്ടാളം സൗദി അറേബ്യയിലേക്ക്; ടൈഫൂണ്‍ യുദ്ധ വിമാനങ്ങളും, ഹൂതികള്‍ ഇനി പാടുപെടും
സൗദി അറേബ്യയുടെ അഭ്യര്‍ഥന പരിഗണിച്ച് സൈന്യത്തെ അയക്കാന്‍ ബ്രിട്ടന്‍. യമനിലെ ഹൂതികളുടെ ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് പട്ടാളം സൗദിയിലേക്ക് വരുന്നത്. ബ്രിട്ടീഷ് റോയല്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ഇനി സൗദി-യമന്‍ അതിര്‍ത്തിയില്‍ സദാസമയം പറക്കും. ഹൂതികളുടെ മിസൈലുകള്‍ പ്രതിരോധിക്കുകയാണ് ലക്ഷ്യം.
സൗദി അറേബ്യയിലെ തന്ത്ര പ്രധാന മേഖലകളിലേക്ക് മിസൈല്‍ ആക്രമണം നടത്തുകയാണ് ഹൂതികള്‍. വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, തന്ത്ര പ്രധാന എണ്ണ കയറ്റുമതി മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഹൂതികളുടെ മിസൈല്‍ പതിച്ചു. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഈ വേളയിലാണ് സൗദിയെ സഹായിക്കാന്‍ ബ്രിട്ടീഷ് സൈന്യം വരുന്നത്...

ബ്രിട്ടീഷ് സൈന്യത്തിന്റെ ടൈഫൂണ്‍ യുദ്ധ വിമാനങ്ങളാണ് സൗദി അറേബ്യയില്‍ വിന്യസിക്കുക എന്ന് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അറിയിച്ചു. സൗദി നഗരങ്ങള്‍ സംരക്ഷിക്കുകയാണ് ദൗത്യം. ജനവാസ മേഖലകളിലേക്ക് മിസൈല്‍ വരുന്നത് തടയും. എണ്ണ കേന്ദ്രങ്ങളും മറ്റു പ്രധാന ഇടങ്ങളും ആക്രമിക്കുന്നതും തടയുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
അതേസമയം, യമനില്‍ കടന്ന് ഹൂതികളുടെ കേന്ദ്രങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തില്ലെന്ന് വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. സൗദിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോള്‍ ബ്രിട്ടനുള്ളത്. ബ്രിട്ടീഷ് സൈനികരും പ്രതിരോധ സംവിധാനങ്ങളും ഉടന്‍ സൗദിയിലെത്തും. എന്നാല്‍ എത്ര സൈനികരെയാണ് അയക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സൗദിയെ സഹായിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍
മാസങ്ങളായി ബ്രിട്ടന്‍ സൗദി അറേബ്യയ്ക്ക് സഹായം നല്‍കുന്നുണ്ട്. യമനില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൗദി വിമാനങ്ങള്‍ക്ക് ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുകയായിരുന്നു ഇതുവരെ. ഈ ദൗത്യം 90 ദിവസം കൂടി നീട്ടാന്‍ ബ്രിട്ടന്‍ തീരുമനിച്ചിട്ടുണ്ട്. അതിന് പുറമെയാണ് കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദിയിലേക്ക് അയക്കുന്നത്.
ഹൂതികളെ നേരിടുന്നതിന് കൂടുതല്‍ രാജ്യങ്ങളുടെ സഹകരണം സൗദി അറേബ്യ തേടിയിട്ടുണ്ട്. ഹൂതികളുടെ നീക്കം സൗദിയെ ആശയക്കുഴപ്പത്തിലാക്കിയ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ഥിച്ചത്. പാകിസ്താന്‍ സൈനികര്‍ നിലവില്‍ സൗദിയിലുണ്ട്. തുര്‍ക്കി സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ സൈന്യത്തെ അയച്ചിട്ടില്ല.
സൗദിയെ സൈനികമായി സഹായിക്കുമെന്ന് ഈജിപ്ത് അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഈജിപ്ഷ്യന്‍ സൈനികര്‍ സൗദിയിലെത്തും. അതിനിടെയാണ് ബ്രിട്ടീഷ് സൈനികര്‍ വരുന്നത്. നേരത്തെ യമനില്‍ നിന്ന് പിന്മാറിയ യുഎഇ, യമനിലെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് സഹായം പുനരാരംഭിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications
