സൗദി അറേബ്യയുടെ ഗ്രീന്‍ കാര്‍ഡ് കിട്ടിയാല്‍ ലോട്ടറി; നേട്ടങ്ങള്‍ ഒട്ടേറെ, യോഗ്യത, ചെലവ് അറിയാം
റിയാദ്: യുഎഇയുടെ ഗോള്‍ഡന്‍ വിസയുടെ സമാനമാണ് സൗദി അറേബ്യയുടെ ഗ്രീന്‍ കാര്‍ഡ്. സൗദി പ്രീമിയം റസിഡന്‍സി വിസ ആണിത്. വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും വസ്തുവകകള്‍ വാങ്ങാനുമെല്ലാം തടസമില്ലാതെ അനുമതി ലഭിക്കുന്നതാണ് ഗ്രീന്‍ കാര്‍ഡ്. സൗദിക്കാരായ സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാന്‍ സൗദി പ്രിമിയം റസിഡന്‍സി ലഭിക്കുന്നതിലൂടെ സാധിക്കും.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി 2019ല്‍ ആണ് ഗ്രീന്‍ കാര്‍ഡ് ആരംഭിച്ചത്. കഴിവുള്ള വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. നിക്ഷേപകരെയും സംരംഭകരെയും സൗദിയിലെത്തിക്കുകയും സൗദിക്ക് അവര്‍ മുഖേനയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ നോക്കുകയാണ് സൗദി.

വിദേശികള്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ ലഭിക്കുന്ന പ്രത്യേക വിസയാണ് സൗദി പ്രീമിയം റസിഡന്‍സി. സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും ഇതുവഴി സാധിക്കും. വസ്തുക്കള്‍ സ്വന്തമായി വാങ്ങാം. ബിസിനസുകള്‍ തുടങ്ങാം. ആശ്രിതരെ സ്‌പോണ്‍സര്‍ ചെയ്യാം. വീട്ടുജോലിക്കാരെ വിദേശത്ത് നിന്നു കൊണ്ടുവരികയുമാകാം. കുടുംബാംഗങ്ങള്‍ക്കും പ്രീമിയം റസിഡന്‍സിക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കും. രാജ്യാന്തര പണം കൈമാറ്റം സൗജന്യമാകും.
ബന്ധുക്കളെ സൗദിയിലേക്ക് കൊണ്ടുവരാം. എപ്പോള്‍ വേണമെങ്കിലും സൗദിയിലേക്ക് വരാം, പുറത്തേക്ക് പോകാം. പൊതു ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം. തൊഴില്‍ മാറുന്നതിന് ഉടമയുടെ നിയന്ത്രണങ്ങളുണ്ടാകില്ല. വാഹനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കും. എന്നാല്‍ എല്ലാവര്‍ക്കും പ്രീമിയം റസിഡന്‍സി കിട്ടില്ല. ചില മാനദണ്ഡങ്ങള്‍ ഉണ്ട്.
വിസ ലഭിക്കാനുള്ള യോഗ്യത
പ്രിമിയം റസിഡന്‍സിക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് 21 വയസ് തികഞ്ഞിരിക്കണം. ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം പാടില്ല. ആരോഗ്യവാനാണ് എന്ന് തെളിയിക്കുന്നതിന് വൈദ്യ പരിശോധന നടത്തണം. അപേക്ഷനും ആശ്രിതര്‍ക്കും മതിയായ സാമ്പത്തിക സ്ഥിതിയുണ്ട് എന്ന് തെളിയിക്കുന്ന രേഖയും ആവശ്യമാണ്.
ഫീസ് അല്‍പ്പം കൂടും
ഈ വിസ ലഭിക്കുന്നതിന് അല്‍പ്പം പണച്ചെലവുണ്ട്. ആജീവനാന്ത വിസ ലഭിക്കുന്നതിന് എട്ട് ലക്ഷം സൗദി റിയാല്‍ ആണ് ഫീസ്. ഒരു വര്‍ഷത്തെ വിസയ്ക്ക് ഒരു ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും ഇത് പുതുക്കേണ്ടി വരും. സൗദി പ്രീമിയം റസിഡന്‍സി സെന്റര്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശരിയാക്കണം. 30 ദിവസം മുതല്‍ 90 ദിവസത്തിനകം അപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കും.
വിദേശ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. ഡോക്ടര്‍, എഞ്ചിനിയര്‍, ഐടി വിദഗ്ധര്‍ തുടങ്ങി വിദഗ്ധ തൊഴിലാളികള്‍ക്കും അപേക്ഷിക്കാം. വലിയ ആസ്തിയുള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. കായികം, കല തുടങ്ങിയ രംഗങ്ങളില്‍ ശോഭിച്ചവര്‍ക്കും അപേക്ഷിക്കാം. മികച്ച വരുമാനമുള്ള വിരമിച്ച പ്രവാസികള്‍ക്കും അപേക്ഷിക്കാം.
അഞ്ചുതരം പ്രിമിയം റസിഡന്‍സി
ടാലന്റഡ് റസിഡന്‍സി, ഗിഫ്റ്റഡ് റസിഡന്‍സി, ഇന്‍വെസ്റ്റര്‍ റസിഡന്‍സി, എന്റര്‍പ്രിണര്‍ റസിഡന്‍സി, റിയല്‍ എസ്റ്റേസ് ഓണര്‍ റസിഡന്‍സി എന്നിങ്ങനെ അഞ്ചുതരം പ്രിമിയം റസിഡന്‍സി വിഭാഗങ്ങളാണുള്ളത്. ഇതിനുള്ള ഒറ്റത്തവണ ഫീസ് 4000 റിയാല്‍ ആണ്. ഓരോ റസിഡന്‍സിക്കും പേരില്‍ സൂചിപ്പിച്ച പോലുള്ള രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരാകണം. വിദേശികളെ കൂടുതലായി സൗദിയിലേക്ക് ആകര്‍ഷിക്കുകയും അവരുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയുമാണ് സൗദിയുടെ ലക്ഷ്യം. അതുവഴി എണ്ണ ഇതര മേഖലയില്‍ സൗദി അറേബ്യയെ ലോകത്തെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റുകയാണ് ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications