പ്രവാസികൾ ശ്രദ്ധിക്കുക; സൗദിയിൽ റമദാൻ നിയമങ്ങൾ കടുപ്പിക്കുന്നു
വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി പള്ളികൾക്കും വിശ്വാസികൾക്കുമായി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യ. പ്രാർത്ഥനകൾക്കും ഖുറാൻ പാരായണങ്ങൾക്കുമായി പള്ളികളിലെ പുറത്തെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് മന്ത്രാലയം കർശനമായി നിരോധിച്ചു. പ്രാർത്ഥനകളിൽ ഏകാഗ്രത നിലനിർത്താനും പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് ഈ നടപടി.
ബാഹ്യ ഉച്ചഭാഷിണികൾക്കുള്ള നിയന്ത്രണം സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ബാഹ്യ ഉച്ചഭാഷിണികൾ ബാങ്കിനും, ഇഖാമത്തിനും വേണ്ടി മാത്രമാണ് ഉപയോഗിക്കേണ്ടത്. പ്രാർത്ഥന ആരംഭിച്ചു കഴിഞ്ഞാൽ മൈക്ക് ഓഫ് ചെയ്യേണ്ടതാണ്. ഖുറാൻ പാരായണമോ പ്രാർത്ഥനയോ പുറത്തെ സ്പീക്കറുകളിലൂടെ സംപ്രേക്ഷണം ചെയ്യാൻ പാടുള്ളതല്ല. പള്ളിക്കുള്ളിലെ വിശ്വാസികൾക്ക് മാത്രം കേൾക്കാവുന്ന തരത്തിൽ ശബ്ദം ക്രമീകരിക്കണം. കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും അമിത ശബ്ദം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം.

ഇഫ്താർ വിരുന്നുകളും സംഭാവനകളും റമദാൻ കാലത്തെ ഇഫ്താർ വിരുന്നുകളെ സംബന്ധിച്ചും സുപ്രധാന നിർദ്ദേശങ്ങളുണ്ട്,പള്ളിക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ പാടില്ല. ഇതിനായി പള്ളി അങ്കണത്തിൽ പ്രത്യേക ഇടങ്ങൾ സജ്ജീകരിക്കണം. ഇഫ്താർ വിരുന്നുകൾക്ക് ശേഷം പള്ളി പരിസരം ഉടനടി വൃത്തിയാക്കേണ്ടതാണ്. ഏറ്റവും പ്രധാനമായി, ഇഫ്താർ വിരുന്നുകൾക്കായി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണമായി സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ചു. പ്രാർത്ഥനാലയങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ
പള്ളികളിലെ പ്രാർത്ഥനകൾ ക്യാമറയിൽ പകർത്താനോ സോഷ്യൽ മീഡിയ വഴിയോ മാധ്യമങ്ങൾ വഴിയോ തത്സമയം സംപ്രേക്ഷണം ചെയ്യാനോ പാടില്ല. പ്രാർത്ഥനാ സമയങ്ങളിൽ കൃത്യനിഷ്ഠ പാലിക്കണം. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചായിരിക്കണം പ്രാർത്ഥനകൾ ക്രമീകരിക്കേണ്ടത്. സ്ത്രീകൾക്കായുള്ള പ്രത്യേക പ്രാർത്ഥനാ മുറികൾ ഉൾപ്പെടെ പള്ളിയുടെ എല്ലാ ഭാഗങ്ങളും ശുചിയായി സൂക്ഷിക്കാൻ മന്ത്രാലയം ജീവനക്കാർക്ക് നിർദ്ദേശം നൽകി.
വിശുദ്ധ മാസത്തിൽ പള്ളികളിൽ സമാധാനപരവും ഭക്തിനിർഭരവുമായ അന്തരീക്ഷം ഉറപ്പുവരുത്താനാണ് സൗദി ഗവൺമെന്റ് ഈ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ-ഷെയ്ഖാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications