സൗദി അറേബ്യയുടെ ലക്ഷ്യം അവ്യക്തം; റഷ്യ ഔട്ട്... ഇന്ത്യ, ചൈന ഇന്‍, ലോകം സമാധാനത്തിലേക്ക്
റിയാദ്: വളരെ വ്യത്യസ്തമായ ഒരു നേതൃ സംഗമമാണ് സൗദി അറേബ്യയില്‍ നടക്കാന്‍ പോകുന്നത്. ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കെല്ലാം ക്ഷണമുണ്ട്. ഇന്ത്യയും ചൈനയുമെല്ലാം പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ആരാണ് പങ്കെടുക്കുക എന്ന് വ്യക്തമല്ല. വിദേശകാര്യ മന്ത്രിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവോ പങ്കെടുക്കാനാണ് സാധ്യത.
ലോകത്തെ ആശങ്കയിലാക്കി ഇപ്പോഴും തുടരുന്ന യുദ്ധമാണ് റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്നത്. പല തവണ ചര്‍ച്ചകള്‍ക്ക് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. യുക്രൈന്റെ ആവശ്യം റഷ്യ അംഗീകരിച്ചില്ല. റഷ്യയുടെത് യുക്രൈനും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ മുന്‍കൈയ്യെടുത്ത് സമവായത്തിന് ശ്രമം നടത്തുന്നത്. പക്ഷേ, അതില്‍ ചില സംശയങ്ങള്‍ ബാക്കിയാണ്.

ജിദ്ദയില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് യുക്രൈന്‍ വിഷയത്തിലുള്ള ഉച്ചകോടി നടക്കുക. യുക്രൈന്‍ പ്രതിനിധിക്ക് ക്ഷണമുണ്ട്. ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കെല്ലാം ക്ഷണമുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും തുര്‍ക്കിയുടെയും പ്രതിനിധികള്‍ ഉച്ചകോടിക്കെത്തും. 40 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ റഷ്യയെ മാത്രം സൗദി അറേബ്യ ക്ഷണിച്ചിട്ടില്ല.
റഷ്യയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് ആ രാജ്യത്തെ ക്ഷണിക്കാതിരിക്കുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. റഷ്യ വിഷയത്തില്‍ ഇതുവരെ സൗദിയെ കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടില്ല. എന്നാല്‍ യുക്രൈനെതിരെ റഷ്യ തുടരുന്ന നയത്തില്‍ മാറ്റം വരുത്തുമെന്ന യാതൊരു സൂചനയും ഇതുവരെയില്ല. ഉച്ചകോടിയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്താല്‍ റഷ്യ അംഗീകരിക്കുമോ എന്ന സംശയമാണ് ബാക്കി.
പഴയ സോവിയറ്റ് രാജ്യങ്ങളാണ് റഷ്യയും യുക്രൈനുമെല്ലാം. യൂറോപ്പിനോടും അമേരിക്കയോടും കൂടുതല്‍ അടുപ്പം കാണിക്കുന്ന യുക്രൈന്റെ നിലപാട് റഷ്യ ചോദ്യം ചെയ്തിരുന്നു. സോവിയറ്റ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് റഷ്യ പറയുന്നതിനിടെയാണ് യുക്രൈന്‍ നാറ്റോ സൈനിക സഖ്യത്തില്‍ ചേരാന്‍ ശ്രമം നടത്തിയത്. ഈ വേളയിലാണ് റഷ്യ യുക്രൈനെ ആക്രമിച്ചതും യുദ്ധം ശക്തമായതും.
ഇതുവരെ റഷ്യക്ക് വിജയിക്കാനായില്ലെന്ന് മാത്രമല്ല, യുക്രൈന്‍ മുന്നേറ്റം നടത്തുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൗദി അറേബ്യയുടെ ഇക്കാര്യത്തിലുള്ള നീക്കങ്ങള്‍ എന്താണെന്ന് അവ്യക്തമാണ്. കാരണം റഷ്യയെയോ യുക്രൈനെയോ കുറ്റപ്പെടുത്താന്‍ ഇതുവരെ സൗദി തയ്യാറായില്ല. റഷ്യയെ ഒറ്റപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം സൗദി മുഖവിലക്കെടുത്തിട്ടുമില്ല.
ഈ സാഹചര്യത്തില്‍ സൗദി മുന്‍കൈയ്യെടുത്ത് ജിദ്ദയില്‍ വിളിച്ച യോഗത്തിലേക്ക് റഷ്യയെ എന്തുകൊണ്ട് വിളിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. റഷ്യയ്‌ക്കെതിരായ വികാരം യോഗത്തില്‍ യൂറോപ്പും അമേരിക്കയും യുക്രൈനും പ്രകടിപ്പിച്ചേക്കും. എന്നാല്‍ ചൈന റഷ്യയുടെ ഭാഗമാണ്. ഇന്ത്യ ഇരു വിഭാഗങ്ങളോടും സമാധാനം കാത്തുസൂക്ഷിക്കണമെന്ന നിലപാടാണ് തുടരുന്നത്. ചൈന നടത്തിയ സമാധാന ശ്രമങ്ങള്‍ വിജയം കണ്ടില്ലെന്നിരിക്കെയാണ് സൗദി സമാധാന പുനഃസ്ഥാപനത്തിന് മുന്‍കൈയ്യെടുത്തിരിക്കുന്നത്.












Click it and Unblock the Notifications