യുദ്ധം മൂര്‍ച്ഛിക്കുന്നു! യെമന്‍ തുറമുഖം ആക്രമിക്കാനൊരുങ്ങി സൗദി; ജിദ്ദ ബാക്കിയുണ്ടാകില്ലെന്ന് ഹൂതികള്‍
യമനിലെ ഹൊദൈദ തുറമുഖം ആക്രമിക്കാനൊരുങ്ങി സൗദി അറേബ്യ. ഹൊദൈദ തുറമുഖത്ത് നിന്ന് സുരക്ഷാ കാരണങ്ങളാല്‍ ഒഴിഞ്ഞുപോകാണമെന്ന് സഖ്യസേനയുടെ കമാന്‍ഡ് അവിടത്തെ സാധാരണക്കാരോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പിനൊപ്പം നല്‍കിയ ഭൂപടത്തില്‍ ഈ പ്രദേശം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. റിയാദിലേക്കും തെക്കന്‍ സൗദി അറേബ്യയിലേക്കും ഹൂതികള്‍ വിക്ഷേപിച്ച നിരവധി ഡ്രോണുകളെയും, തെക്കന്‍ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലിനെയും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.

അതിനിടെ ഗംര്‍ ജില്ലയിലെ അല്‍-ഗൗര്‍ മേഖലയില്‍ സൗദി പീരങ്കി ആക്രമണവും മരാന്‍ ജില്ലയില്‍ മിസൈല്‍ ആക്രമണവും നടന്നതായി അല്‍-മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഗംര്‍ ജില്ലയിലെ അല്‍-റഹ്‌മാനൈനിലും മജ്സ് ജില്ലയിലെ റാബു അല്‍-ഹുദൂദിലുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ക്ക് നേരെയും സൗദി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. സനയില്‍ ഷുഔബ് ജില്ലയിലുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് നേരെ സൗദി വ്യോമാക്രമണം ഉണ്ടായി.
അതേസമയം സൗദി അറേബ്യയിലെ നിരവധി സ്ഥലങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ സിറിയ അപലപിച്ചു. ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും മേഖലയിലുടനീളം സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സിറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയോടുള്ള സിറിയയുടെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രാലയം വീണ്ടും ഉറപ്പിച്ചു, രാജ്യത്തിന്റെ സുരക്ഷ പ്രാദേശിക സ്ഥിരതയ്ക്ക് അവിഭാജ്യമാണെന്ന് മന്ത്രാലയം പറഞ്ഞു. റിയാദ് അതിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും, പ്രദേശം സംരക്ഷിക്കുന്നതിനും, പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും സ്വീകരിച്ച എല്ലാ നടപടികള്‍ക്കും സിറിയ പിന്തുണ അറിയിച്ചു.
അതേസമയം ഹൊദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, സൗദി നേതൃത്വത്തിലുള്ള സഖ്യം ഹൊദൈദയില്‍ ആക്രമണം നടത്തിയാല്‍ ജിദ്ദയിലും മറ്റ് സൗദി തുറമുഖങ്ങളിലും തിരിച്ചടിക്കുമെന്ന് യെമനിലെ ഹൂതികള്‍ ഭീഷണിപ്പെടുത്തി. ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സരീയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഹൂതികള്‍ റിയാദിലെ കൂറ്റന്‍ കെട്ടിടം ആക്രമിച്ചത്.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനം ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. ആക്രമണം സൗദി അറേബ്യ സ്ഥിരീകരിച്ചിരുന്നു. സൗദി അറേബ്യയുടെ പ്രതാപത്തിന്റെ പ്രതീകമായ മന്ദിരങ്ങള്‍ വരെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ തിരിച്ചടിക്കാണ് സഖ്യസേന ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.





Click it and Unblock the Notifications
