റിയാദില്‍ ഡ്രോണ്‍ വര്‍ഷവുമായി ഹൂതികള്‍; സൗദി ടവറിന് നേരേയും ആക്രമണം
വീണ്ടും റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍, റിയാദിലെ സാമ്പത്തിക മേഖലയിലുള്ള ടവറിന് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ തുടരുന്ന വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. വില്ലാസ് ഇന്‍ ദ സ്‌കൈ എന്നറിയപ്പെടുന്ന സൗദി അരാംകോ ടവറിനാണ് ഹൂതികള്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്.
കെട്ടിടത്തില്‍ പതിച്ച അവശിഷ്ടങ്ങള്‍ മൂലമാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ ഹൂതികള്‍ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാന്‍ സാധിച്ചതായി ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.

റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ സ്ഥിതി ചെയ്യുന്ന വില്ലാസ് ഇന്‍ ദ സ്‌കൈ, 36 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന പ്രത്യേക രൂപകല്‍പ്പനയ്ക്ക് പേരുകേട്ടതാണ്. 140-ലധികം കമ്പനികളും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ 25 പ്രാദേശിക ആസ്ഥാനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹൂതികള്‍, കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി അവകാശപ്പെട്ടു.
യെമനില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൗദി അറേബ്യ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് റിയാദിന് നേരെയും ആക്രമണമുണ്ടായത്. യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചതനുസരിച്ച്, ശനിയാഴ്ച തലസ്ഥാനമായ സനായ്ക്ക് സമീപം നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 33 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2014-ല്‍ ഹൂതികള്‍ തലസ്ഥാനം പിടിച്ചെടുത്തതോടെയാണ് യെമനില്‍ യുദ്ധം ആരംഭിച്ചത്. 2015-ല്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും സംഘര്‍ഷത്തില്‍ പങ്കാളികളായി. ഈ യുദ്ധത്തില്‍ 1,50,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ, അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ യെമന്‍ ക്ഷാമത്തിന്റെ വക്കിലെത്താനും ഈ സംഘര്‍ഷം കാരണമായി.
ഏറെക്കാലം വെടിനിര്‍ത്തല്‍ നിലനിന്നിരുന്നെങ്കിലും, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നിര്‍ണായകമായ ബാബ് അല്‍-മന്‍ദെബ് കടലിടുക്കിന് സമീപമുള്ള ചെങ്കടല്‍ തീരപ്രദേശങ്ങള്‍ ഹൂതികള്‍ പിടിച്ചെടുത്തതോടെ സെപ്റ്റംബറില്‍ യുദ്ധം വീണ്ടും രൂക്ഷമായി. അതിനുശേഷം, ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെയും സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയും ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരുന്നുണ്ട്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇവര്‍ ആക്രമണം നടത്തിയിരുന്നു. അതിനിടെ അബ്‌ഖൈഖ് നഗരത്തിലുള്ള അരാംകോ കേന്ദ്രത്തിന് നേരെ തങ്ങള്‍ രണ്ടാമതൊരു ആക്രമണം കൂടി നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരി അറിയിച്ചു. ഖത്തര്‍, ബഹ്റൈന്‍, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ ഈ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications
