സൗദി അറേബ്യയിലേക്ക് പോകരുത് എന്ന് അമേരിക്ക; മക്കയിലേക്ക് ഡ്രോണ്‍, സഹായം തേടിയില്ലെന്ന് തുര്‍ക്കി
സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ യുദ്ധം ശക്തമായിരിക്കെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക. സൗദി അറേബ്യയിലേക്കുള്ള യാത്ര പുനപ്പരിശോധിക്കണം എന്ന് പൗരന്മാര്‍ക്ക് റിയാദിലെ യുഎസ് എംബസി നിര്‍ദേശം നല്‍കി. ഇറാന്റെ ഡ്രോണ്‍ ആക്രമണ സാധ്യതയുണ്ട്. അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ വര്‍ഷമുണ്ടായേക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദിയിലെ പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നും അമേരിക്കന്‍ എംബസി ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ഹൂതികളും സൗദിയും പരസ്പരം ശക്തമായ ആക്രമണമാണ് നടത്തുന്നത്. അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയ ഹൂതികള്‍ സൗദി അറേബ്യയുടെ എഫ്-15 വിമാനം വെടിവച്ചിട്ടു എന്ന് അവകാശപ്പെട്ടു.

മക്ക ഹറമിലേക്ക് ആക്രമണം നടത്താന്‍ ഹൂതികള്‍ ശ്രമിച്ചു എന്ന് സൗദി അറേബ്യ ആരോപിച്ചു. കഴിഞ്ഞ രാത്രിയാണ് ആക്രമണം ശ്രമം നടന്നതെന്നും പ്രതിരോധിച്ചുവെന്നുമാണ് സൗദി പറയുന്നത്. എന്നാല്‍ മക്കയിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും അത് തെറ്റാണെന്നും ഹൂതികള്‍ പ്രതികരിച്ചു. മക്കക്കെതിരെ നീങ്ങിയെന്ന വിവരം വന്നതോടെ നിരവധി രാജ്യങ്ങള്‍ ഹൂതികള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. തുടര്‍ന്നാണ് ഹൂതികള്‍ നിഷേധിച്ചത്.
എണ്ണ പൈപ്പ് ലൈന് നേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് സൗദി അറേബ്യ ഈ സൗകര്യം ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. എന്നാല്‍ ഒമാന്റെ സഹായത്തോടെ ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് സൗദി ശ്രമിക്കുന്നു എന്നാണ് പുതിയ വിവരം. ഹൂതികള്‍ക്കെതിരായ നീക്കത്തിന് സൗദി അറേബ്യ സഹായം തേടിയിട്ടില്ലെന്ന് മക്ക പ്രതിരോധ കരാറില്‍ ഒപ്പിട്ട പാകിസ്താനും തുര്‍ക്കിയും അറിയിച്ചു.
പാകിസ്താനും തുര്‍ക്കിയും അമേരിക്കയും ബ്രിട്ടനും സഹായം നിഷേധിച്ചതോടെ സൗദി അറേബ്യ ഇസ്രായേലിന്റെ സഹായം തേടി എന്ന് ഇസ്രായേലി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. സൗദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലെയും സൈനിക മേധാവികളുമായി ഇസ്രായേല്‍ സൈനിക മേധാവി ചര്‍ച്ച നടത്തി എന്നും ഇസ്രായേലി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഹൂതികള്‍ക്കെതിരായ നീക്കത്തില്‍ നേരിട്ട് ഇടപെടാന്‍ അമേരിക്ക മടിച്ചു നില്‍ക്കുകയാണ്. കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറയുന്നു. സൗദി സഖ്യസേനയുടെ എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു എന്ന് ഹൂതികള്‍ അവകാശപ്പെട്ടു. മാരിബ് പ്രവശ്യയിലാണ് സംഭവമത്രെ. എന്നാല്‍ എപ്പോഴാണ് വെടിവച്ചിട്ടത് എന്ന് ഹൂതികള്‍ പറയുന്നില്ല. സൗദി അറേബ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഹൂതികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.


Click it and Unblock the Notifications
