സൗദി അറേബ്യയുടെ ഉഗ്രന്‍ നീക്കം; ജാഫൂറയില്‍ 1100 കോടിയുടെ ഇടപാട്, റഷ്യയെ കൈവിടുമോ?
റിയാദ്: സൗദി അറേബ്യയില്‍ ഊര്‍ജ രംഗത്ത് വന്‍ വിദേശ നിക്ഷേപം. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ബ്ലാക്ക് റോക്ക് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യവും അരാംകോയുമാണ് കരാര്‍ ഒപ്പുവച്ചത്. 1100 കോടി ഡോളറിന്റേതാണ് കരാര്‍. സൗദി അറേബ്യയിലെ വാതക മേഖലയായ ജാഫുറയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കരാറാണിത്.
കരാറിന്റെ ഭാഗമായി ജാഫുറ മിഡ്‌സ്ട്രീം ഗ്യാസ് എന്ന കമ്പനി രൂപീകരിച്ച് വാതക മേഖലയുടെ വികസനം അവര്‍ക്ക് പാട്ടത്തിന് നല്‍കും. ഈ കമ്പനി അരാംകോയ്ക്ക് 20 വര്‍ഷത്തേക്ക് മറിച്ച് പാട്ടം നല്‍കും. പകരമായി അരാംകോ വാടക കൊടുക്കും. വാതക മേഖലയില്‍ നിന്ന് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ അവകാശം 20 വര്‍ഷത്തേക്ക് അരാംകോയ്ക്ക് ആയിരിക്കും. സൗദി അറേബ്യയ്ക്ക് ഇതുകൊണ്ടുള്ള മെച്ചം എന്താണ് എന്ന് പറയാം...

സൗദി അറേബ്യയുടെ ഊര്‍ജ മേഖലയിലേക്ക് വന്‍ നിക്ഷേപം ലഭിക്കുന്നു എന്നതാണ് നേട്ടം. ഇതോടെ മറ്റു രാജ്യാന്തര കമ്പനികളും പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്നു. 2022 മുതല്‍ ബ്ലാക്ക് റോക്കുമായി അരാംകോയ്ക്ക് മറ്റൊരു കരാറുണ്ട്. പുതിയ കരാര്‍ കൂടി നിലവില്‍ വരുന്നത് ഈ കമ്പനിയുമായുള്ള ബന്ധം ശക്തമാക്കും. ബ്ലാക്ക് റോക്കുമായി സഹകരണം ശക്തമാകുന്നതോടെ കൂടുതല്‍ വിദേശ നിക്ഷേപം സൗദിയിലേക്ക് എത്തും.
ജാഫുറ മിഡ്‌സ്ട്രീം ഗ്യാസ് കമ്പനിയുടെ 51 ശതമാനം ഓഹരി അരാംകോയ്ക്ക് തന്നെയാണ്. ബാക്കി ബ്ലാക്ക് റോക്ക് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനും. ഇതുവരെ സൗദി അറേബ്യയില്‍ വാതക ഖനനം നടക്കാത്ത മേഖലയാണ് ജാഫുറ. ഈ വര്‍ഷം മുതല്‍ ഇവിടെ വാതക ഉല്‍പ്പാദനം നടക്കും. 2030 ആകുമ്പോഴേക്കും വാതക ഉള്‍പ്പാദന ശേഷി 60 ശതമാനം ആക്കി ഉയര്‍ത്തുകയാണ് അരാംകോയുടെ ലക്ഷ്യം.
ജാഫുറയില്‍ 229 ട്രില്യണ്‍ ക്യൂബിക് അടി അസംസ്‌കൃത വാതകം ഉണ്ട് എന്നാണ് കണക്കാക്കുന്നത്. കൂടാതെ 75 ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റും, അതായത് ദ്രാവക രൂപത്തിലുള്ള ഹൈഡ്രോകാര്‍ബണുകള്‍. സൗദി അറേബ്യയും അരാംകോയും ഇതുവരെ ഊന്നല്‍ നല്‍കിയിരുന്നത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിനാണ്. എന്നാല്‍ ഇനി വാതക ഉല്‍പ്പാദനത്തിലേക്ക് കൂടി ശ്രദ്ധപതിപ്പിക്കും.
വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ വൈദ്യുതി ഉല്‍പ്പാദനം സുഗമമാക്കാം എന്നാണ് സൗദിയുടെ പ്രതീക്ഷ. നിലവില്‍ റഷ്യയില്‍ നിന്ന് വാങ്ങുന്ന ഇന്ധനമാണ് സൗദി വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്. ഇത് നിര്‍ത്തണം എന്ന് അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ട്. വാതക ഉല്‍പ്പാദനം വിപുലീകരിച്ചാല്‍ ക്രൂഡ് ഓയില്‍ പൂര്‍ണമായും കയറ്റുമതി ചെയ്യാന്‍ സാധിക്കും. വാതകം വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയും ചെയ്യാം.
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തേക്കാല്‍ സൗദി അറേബ്യ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് വാതക ഉല്‍പ്പാദനത്തിനാണ്. പശ്ചിമേഷ്യയില്‍ വാതക ഉല്‍പ്പാദനത്തില്‍ മുന്നിലുള്ളത് ഖത്തറും ഇറാനുമാണ്. ജാഫുറ വാതക പാടം സജീവമായാല്‍ സൗദി അറേബ്യയും ഈ ഗണത്തിലേക്ക് എത്തും. സൗദിയിലെ ഏറ്റവും വലിയ അണ്‍കണ്‍വെന്‍ഷനല്‍ വാതക പാടമാണ് ജാഫുറ. ഇത്തരം വാതകം പരമ്പരാഗത രീതിയിലൂടെ വേര്‍ത്തിരിച്ചെടുക്കാന്‍ പ്രയാസമാണ്. പാറക്കെട്ടുകളില്‍ കുടുങ്ങിയ വാതകമായതിനാല്‍ ഖനനത്തിന് നൂതന സാങ്കേതിക വിദ്യ വേണം. ഇതിനുള്ള സൗകര്യമൊരുക്കുകയാണ് പുതിയ കരാറിലൂടെ അരാംകോ ചെയ്യുന്നത്.












Click it and Unblock the Notifications