ഇറാന്‍ ഇറക്കുമതി കുറച്ചാല്‍ സൗദി അറേബ്യ കൂട്ടുമോ? ബസ്മതി അരി വില കുറഞ്ഞേക്കും, കാരണം ഇതാണ്
ദുബായ്: ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന അരിയാണ് ബസ്മതി. പശ്ചിമേഷ്യയിലെ രാജ്യങ്ങളാണ് പ്രധാനമായും ഈ അരി വാങ്ങുന്നത്. ഇസ്രായേലും ഇറാനും യുദ്ധം തുടങ്ങിയതോടെ സാഹചര്യം മാറുകയാണ്. കഴിഞ്ഞ മാസം ബസ്മതിക്ക് വില കൂടിയിരുന്നു. ഇനി എന്താണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍.
അതേസമയം, ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ ക്രൂഡ് ഓയില്‍ കയറ്റുമതി യുദ്ധത്തിന്റെ സാഹചര്യത്തില്‍ തടസപ്പെട്ടേക്കാം. ഇതില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ കുറച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു രാജ്യത്തിന് ഇത് വലിയ തിരിച്ചടിയാകുകയും ചെയ്യും...

ഇന്ത്യയുടെ ബസ്മതി അരി കൂടുതല്‍ വാങ്ങുന്നത് സൗദി അറേബ്യയാണ.് തൊട്ടുപിന്നില്‍ ഇറാഖുമുണ്ട്. ഇതിന് ശേഷം ഇറാനാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6374 കോടി രൂപയുടെ ബസ്മതി അരിയാണ് ഇറാന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയത്. അതായത്, ഇന്ത്യ മൊത്തം കയറ്റി അയച്ച ബസ്മതി അരിയുടെ 12.6 ശതമാനം ഇറാനിലേക്കായിരുന്നു എന്ന് കാര്‍ഷിക-ഭക്ഷ്യ കയറ്റുമതി വികസന ഏജന്‍സി വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ബസ്മതി അരിക്ക് വലിയ തോതില്‍ വില കുറഞ്ഞിരുന്നു. കിലോയ്ക്ക് 75-90 രൂപയാണ് കുറഞ്ഞിരുന്നത്. ടണ്ണിന് 950-1000 ഡോളറില്‍ നിന്ന് 900-950 ഡോളറിലേക്കായിരുന്നു ഇടിവ്. ഇതോടെ വിദേശത്ത് നിന്ന് വലിയ തോതില്‍ ആവശ്യക്കാരെത്തി. സൗദി അറേബ്യയും ഇറാഖും ഇറാനുമെല്ലാം വന്‍തോതില്‍ വാങ്ങിക്കൂട്ടി. മെയ് മാസത്തില്‍ അരി വില കൂടാന്‍ ഇത് കാരണമായി.
ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുകടത്ത് പ്രതിസന്ധിയിലായേക്കും. ഇറാനിലേക്കുള്ള കയറ്റുമതി കുറയാനാണ് സാധ്യത എന്ന് വ്യാപാരികള്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വില കുറയുകയും മറ്റു രാജ്യങ്ങള്‍ അവസരം മുതലെടുക്കുകയും ചെയ്യും. സൗദി അറേബ്യയും ഇറാഖും കൂടുതല്‍ വാങ്ങാനുള്ള വഴിയൊരുങ്ങുകയും ചെയ്യും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇറാന്‍ അരി വാങ്ങാത്ത സാഹചര്യം വന്നാല്‍ സൗദിക്ക് നേട്ടമാകും.
20 ശതമാനം തുക ആദ്യം വാങ്ങിയാണ് ഇറാനിലേക്ക് ഇന്ത്യയിലെ വ്യാപാരികള്‍ അരി കയറ്റി അയക്കുന്നത്. ബാക്കി തുക ആറ് മാസത്തിനകം നല്‍കണം എന്ന വ്യവസ്ഥയിലാണ് ഇടപാട് എന്നും ഇന്ത്യന്‍ അരി കയറ്റുമതി ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പ്രേം ഗാര്‍ഗ് പറയുന്നു.
ഇറാന്റെ എണ്ണ കയറ്റുമതി തടസപ്പെട്ടാല്‍ തിരിച്ചടി ചൈനയ്ക്ക്
അതേസമയം, ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചാല്‍ തിരിച്ചടി ചൈനയ്ക്ക് ആയിരിക്കും. കാരണം, ഇറാന്റെ ഭൂരിഭാഗം എണ്ണയും വാങ്ങുന്നത് ചൈനയാണ്. സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് ചൈന എണ്ണ വാങ്ങുന്നത്. പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയാണ് ഇറാന്‍. 2018ല്‍ ഇറാന്റെ എണ്ണയ്‌ക്കെതിരായ ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചതോടെയാണിത്. ഈ വേളയിലാണ് ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്തിരിഞ്ഞത്. ഇറാന്റെ എണ്ണ കയറ്റുമതി നിലച്ചാല്‍ ചൈന ഉയര്‍ന്ന വില കൊടുത്ത് എണ്ണ വാങ്ങേണ്ട സാഹചര്യം വരും.












Click it and Unblock the Notifications