സൗദി അറേബ്യ എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും; പക്ഷേ വില്‍ക്കില്ല, ഇതിനാണോ കരാര്‍ ഉണ്ടാക്കിയത്
റിയാദ്: സൗദി അറേബ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. ഇന്ത്യ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യവും സൗദിയാണ്. ക്രൂഡ് ഉല്‍പ്പാദനം ഇനിയും വര്‍ധിപ്പിക്കാന്‍ അടുത്തിടെ ഒപെക് രാജ്യങ്ങളും റഷ്യന്‍ സഖ്യവും കരാര്‍ ഒപ്പുവച്ചിരുന്നു. എണ്ണവില കുത്തനെ കുറയാന്‍ ഇത് കാരണമാകുമെന്നായിരുന്നു വിലയിരുത്തല്‍.
ഓരോ രാജ്യങ്ങളും എത്ര അളവില്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കണം എന്ന് ഒപെക് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഈ ക്വാട്ട ലംഘിക്കുന്നു എന്ന് ആരോപണവുമുണ്ട്. അതിനിടെയാണ് സൗദി ഉല്‍പ്പാദനം കൂട്ടാമെന്ന് സമ്മതിച്ചതും പ്രഖ്യാപനം നടത്തിയതും. എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന സൗദിയുടെ ഈ നീക്കം അവര്‍ക്കുതന്നെ തിരിച്ചടിയാകില്ലേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍ സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുമെങ്കിലും എല്ലാം കയറ്റുമതി ചെയ്യില്ല എന്നാണ് പുതിയ വിവരം. രാജ്യത്ത് വര്‍ധിച്ചുവരുന്ന വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ വിപണി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. 2024ല്‍ ഉപയോഗിച്ചതിനേക്കാള്‍ 15000 ബാരല്‍ ക്രൂഡ് ഓയില്‍ വരെ ഓരോ ദിവസവും അധികമായി സ്വന്തം ആവശ്യത്തിന് സൗദി ഉപയോഗിക്കാനാണ് സാധ്യത.
റഷ്യയുടെ എണ്ണ വാങ്ങുന്ന സൗദി
ഊര്‍ജ ഡാറ്റ വിശകലനം ചെയ്യുന്ന വൂഡ് മക്കന്‍സി, എഫ്ജിഇ എന്നീ ഏജന്‍സികളെല്ലാം സൗദിയുടെ നീക്കത്തെ കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ സൗദിയില്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിക്കും. ക്രൂഡ് ഓയിലും സള്‍ഫര്‍ ഇന്ധനവും ഈ വേളയില്‍ സൗദിക്ക് കൂടുതല്‍ ആവശ്യം വരും. വൈദ്യുതി ഉല്‍പ്പാദനം വലിയ അളവില്‍ ഉയര്‍ത്താന്‍ വേണ്ടിയാണിത്.
അടുത്തിടെ ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗദി അറേബ്യയ്ക്ക് വൈദ്യുതി ഉല്‍പ്പാദനത്തിന് ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്നതില്‍ രണ്ടാമതൊരു ആലോചനയുണ്ടാകില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അരാംകോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. സാധാരണ സൗദി അറേബ്യ ഓരോ ദിവസവും 9.034 ദശലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ജൂണ്‍ മുതല്‍ 9.367 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ പോകുകയാണ്.
യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ റഷ്യ അവരുടെ എണ്ണ വില കുറച്ച് വിറ്റിരുന്നു. ഈ വേളയില്‍ സൗദി അറേബ്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്ത് വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ റഷ്യയുടെ എണ്ണയേക്കാള്‍ കൂടുതലായി സ്വന്തം എണ്ണ വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ പോകുകയാണ്. അതായത്, ആഗോള വിപണിയില്‍ സൗദിയുടെ എണ്ണ വന്‍തോതില്‍ എത്തില്ല. അതുകൊണ്ടുതന്നെ വില ഉയരാന്‍ സാധ്യതയുണ്ട്.
സൗദിയിലെ വൈദ്യുതി ഉല്‍പ്പാദനം ഇങ്ങനെ
പുനരുപയോഗം ഊര്‍ജ ഉല്‍പ്പാദനം സൗദിയില്‍ വളരെ കുറവാണ്. പ്രകൃതി വാതകം ഉപയോഗിച്ചാണ് പ്രധാനമായും സൗദി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. കൂടാതെ എണ്ണയും ഉപയോഗിക്കും. ഒട്ടേറെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് സൗദി തുടക്കമിട്ടിട്ടുണ്ട്. ജഫുറ വാതകപ്പാടത്തെ ഉല്‍പ്പാദനം കൂട്ടാന്‍ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ക്രൂഡ് ഓയിലും കയറ്റുമതി ചെയ്തില്ലെങ്കില്‍ ആഗോള വിപണിയില്‍ വില ഉയരാനാണ് സാധ്യത. അതായത്, നിലവിലെ ബ്രെന്റ് ക്രൂഡ് വിലയായ 65 ഡോളറില്‍ നിന്ന് 70ലേക്കും മറ്റും ഉയര്‍ന്നേക്കാം. പൊടുന്നനെ ഈ വില മാറ്റം സംഭവിച്ചില്ലെങ്കിലും വരും മാസങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് ഇത് തിരിച്ചടിയാകും.












Click it and Unblock the Notifications