സൗദി അറേബ്യ മതി, ഇനിയുള്ള ജീവിതം ഇവിടെ എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കാരണം ഇതാണ്
റിയാദ്: അല്‍ നസറുമായുള്ള കരാര്‍ പുതുക്കിയ പിന്നാലെ സൗദി അറേബ്യയെ വാനോളം പുകഴ്ത്തി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ ഔദ്യോഗിക ജീവിതത്തിന് വേണ്ടി മാത്രമല്ല സൗദിയില്‍ എത്തിയതെന്നും ഇത് തന്റെ വീടാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ നസര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ യൂട്യൂബ് ചാനലില്‍ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അപ്രതീക്ഷിതമായിട്ടാണ് ക്രിസ്റ്റ്യാനോ വിട്ടതും സൗദിയുടെ ക്ലബ്ബുമായി കരാറുണ്ടാക്കിയതും. 2022ലെ ഈ മാറ്റം ലോകത്ത് വലിയ ചര്‍ച്ചയായിരന്നു. എന്നാല്‍ ഇപ്പോള്‍ താരം കരാര്‍ പുതുക്കിയിരിക്കുകയാണ്. അദ്ദേഹം 2027 വരെ അല്‍ നസറിന്റെ ഭാഗമായി തുടരും. ഇനിയുള്ള കാലം സൗദി അറേബ്യയില്‍ തുടരുമെന്ന് ക്രിസ്റ്റ്യാനോ വീഡിയോയില്‍ പറയുന്നു.

ഇനിയുള്ള ജീവിതകാലം സൗദി അറേബ്യയില്‍ താമസിക്കാനാണ് ഇഷ്ടം. കുടുംബം എപ്പോഴും തന്റെ ആഗ്രഹങ്ങള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്. സൗദി അറേബ്യയില്‍ താനും കുടുംബവും വളരെ സന്തോഷത്തിലാണ്. ഇവിടെയുള്ളവര്‍ വളരെ സ്‌നേഹത്തോടെയാണ് ഞങ്ങളെ ട്രീറ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇനിയുള്ള കാലം ഇവിടെ നില്‍ക്കാമെന്ന് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.
ഫുടബോളിന് അപ്പുറം ചിലത്...
സൗദി അറേബ്യ സമാധാനവും സുരക്ഷയും നിറഞ്ഞ ഭൂമിയാണ്. ഇവിടേക്ക് മാറി താമസിച്ചതു മുതല്‍ ശരിയായ ജീവിത സംതൃപ്തി കിട്ടുന്നുണ്ട്. ഫുട്‌ബോളിന് അപ്പുറത്ത് സൗദി അറേബ്യയുടെ എല്ലാ വളര്‍ച്ചയിലും ഭാഗമാകുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അല്‍ നസര്‍ ക്ലബ്ബുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ പുതുക്കിയത്. സൗദി അറേബ്യയിലെ ചാംപ്യനായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതുകൊണ്ടാണ് രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കിയതെന്നും അല്‍ നസര്‍ ക്ലബ്ബിന്റെ അടുത്ത ലക്ഷ്യം സൂചിപ്പിച്ച് ക്രിസ്റ്റ്യാനോ പറയുന്നു. രണ്ടു വര്‍ഷം കൂടി ഇവിടെ ഫുട്‌ബോള്‍ താരമായി നില്‍ക്കും. ശേഷം ഇവിടെ തന്നെ തുടരും. ഫുട്‌ബോളിന് അപ്പുറത്തുള്ള സംഭാവനകള്‍ കൂടി സൗദിക്ക് നല്‍കണമെന്നും താരം പറഞ്ഞു.
അമേരിക്കയില്‍ നടക്കുന്ന ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ നിന്നുള്ള പിന്മാറല്‍ തന്ത്രപരമായിരുന്നു. വിശ്രമത്തിന് പ്രാധാന്യം നല്‍കണം എന്ന് തോന്നി. വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്ക് തയ്യാറെടുക്കുകയും ലക്ഷ്യമായിരുന്നു. സൗദി പ്രോ ലീഗിനെയും അദ്ദേഹം പുകഴ്ത്തി. ലോകത്തെ അഞ്ച് ലീഗുകളില്‍ ഒന്നായി സൗദി പ്രൊ ലീഗ് മാറി എന്നും അദ്ദേഹം പറഞ്ഞു. 20234ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മാല്‍സരങ്ങള്‍ക്ക് വേദിയാകുന്നത് സൗദി അറേബ്യയാണ്. ചരിത്രത്തിലെ മനോഹര നിമിഷങ്ങളാകും അത് എന്നും ക്രിസ്റ്റിയാനോ പറഞ്ഞു.
ലോക ഫുട്‌ബോള്‍ താരങ്ങളില്‍ നിന്ന് സൗദിയിലേക്ക് ആദ്യമെത്തിയത് ക്രിസ്റ്റിയാനോ ആയിരുന്നു. സൗദിയുടെ ഈ നീക്കം പിന്നീട് നേട്ടമാകുന്നതാണ് കണ്ടത്. പ്രമുഖ താരങ്ങളായ കരീം ബെന്‍സിമ, സാദിയോ മാനെ, നെയ്മര്‍, റിയാദ് മെഹറസ്, ഫിര്‍മിഞ്ഞോ എന്നിവരെല്ലാം സൗദിയിലേക്ക് വന്നു. വര്‍ഷത്തില്‍ 100 ദശലക്ഷം ഡോളര്‍ ആണ് കരാര്‍ പുതുക്കിയതില്‍ ക്രിസ്റ്റ്യാനോയ്ക്ക് കിട്ടുക. കൂടാതെ അല്‍ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും കിട്ടും.












Click it and Unblock the Notifications