സൗദി അറേബ്യ അല്ല ബിഗ് ബോസ്;യുഎഇയും കുവൈത്തും പിന്നിൽ, ക്രൂഡ് ഓയിൽ ശേഖരത്തിൽ ബോസ് മറ്റൊരു രാജ്യം
ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യമേതാണ്? കേൾക്കുമ്പോൾ ആദ്യം മനസിൽ വരിക തീർച്ചയായും ചില ഗൾഫ് രാജ്യങ്ങളുടെ പേരുകളായിരിക്കും. എന്നാൽ നിങ്ങൾക്ക് തെറ്റി, മറ്റൗരു രാജ്യമാണ് പട്ടികയിൽ മുന്നിൽ. 10 രാജ്യങ്ങളുടെ പട്ടിക വിശദമായി പരിശോധിച്ചാലോ? ആദ്യം താഴേന്ന് തുടങ്ങാം
പട്ടികയിൽ പത്താം സ്ഥാനത്ത് ലിബിയ ആണ്. 48 ബില്യൺ ബാരൽ ശേഖരമുള്ള രാജ്യമായ ലിബിയ ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ്.ഭൂമിശാസ്ത്രപരമായി യൂറോപ്പിനോട് അടുത്തുകിടക്കുന്നുവെന്നത് ലിബിയയുടെ പ്രധാന്യം വർധിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രീയ സ്ഥിരത ഉള്ളപ്പോൾ മാത്രമാണ് ഇവിടെ ഉത്പാദനം നടക്കുന്നത്. സ്ഥിതി അസ്ഥിരമാകുമ്പോൾ ഉത്പാദനം നിലയ്ക്കും. അതുകൊണ്ട് കൂടിയായണ് ലോക എണ്ണ വിപണിയിൽ ലിബിയ ഒരു 'വൈൽഡ് കാർഡ്' ആയി കണക്കാക്കപ്പെടുന്നത്.

74 ബില്യൺ ബാരൽ ശേഖരമുള്ള യുഎസ് ആണ് പട്ടികയിൽ ഒൻപതാമത്. എണ്ണ ശേഖരത്തിൽ വളരെ പിന്നിലാണെങ്കിലും എണ്ണ ഉത്പാദനത്തിൽ യുഎസ് ആണ് മുന്നിൽ. യുഎസ് ഒപെക്കിന്റെ ഭാഗമല്ല, ഭാഗമാകാനും സാധ്യതയില്ല. എന്നാൽ വിപണിയിലെ ചലനങ്ങളെ നിർണയിക്കുന്നതിൽ യുഎസ് നിർണായക പങ്ക് വഹിക്കുന്നു.
എട്ടാം സ്ഥാനത്ത് റഷ്യയാണ്. 80 ബില്യൺ ബാരൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ രാജ്യ ഒപെകിന്റെ ഭാഗമല്ല. എന്നാൽ ഒപെക് പ്ലസിന്റ് ഭാഗമാണ്. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമെല്ലാം ഉപരോധം നേരിടേണ്ടി വന്നെങ്കിലും ഏഷ്യയിലടക്കം എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലാണ് റഷ്യ.
ചെറുതാണെങ്കിലും എണ്ണയുടെ കാര്യത്തിൽ കുവൈത്തിന്റെ ശേഷി വലുതാണ്. 102 ബില്യൺ ബാരൽ ശേഖരമാണ് ഒൻപതാം സ്ഥാനത്തുള്ള കുവൈത്തിന് ഉള്ളത്. കുവൈത്തിലെ എണ്ണപാടങ്ങൾ പതിറ്റാണ്ടുകളായി അവരുടെ സ്ഥിര വരുമാന ശ്രോതസാണ്. മാത്രമല്ല ഒപെകില്ലെ ഏറ്റവും സ്ഥിരതയുള്ള ഉത്പാദകർ കൂടിയാണ് കുവൈത്ത്.
യുഎഇയ്ക്ക് 113 ബില്യൺ ബാരൽ എണ്ണ ശേഖരമാണ് ഉള്ളത്. യുഎയുടെ എറ്റവും പ്രധാനമായ സവിശേഷത എന്നത് സമർത്ഥമായ ആസൂത്രണവും ശക്തവും വൈവിധ്യപൂർണവുമായ സമ്പദ് വ്യവസ്ഥയാണ്. എണ്ണ പമ്പ് ചെയ്യുന്നുവെന്നതിനപ്പുറം വിശാലമായ ലക്ഷ്യങ്ങളുള്ള ഒപെക്കിലെ സ്ഥിരതയുള്ളതും സ്വാധീനമുള്ളതുമായ അംഗ രാജ്യം കൂടിയാണ് യുഎഇ.
145 ബില്യൺ ബാരൽ എണ്ണ ശേഖരമാണ് അഞ്ചാം സ്ഥാനത്തുള്ള ഇറാഖിനുള്ളത്. ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ വേർതിരിച്ചെടുക്കാവുന്ന എണ്ണയുടെ ഭാഗം ഇറാഖിൽ ഉണ്ട്. പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ. പതിറ്റാണ്ടുകൾ നീണ്ട യുദ്ധവും അസ്ഥിരതയും ഉണ്ടെങ്കിലും ഇറാഖ് ലോകത്തിലെ പ്രധാന എണ്ണ ഉത്പാദക രാജ്യമാണ്. എണ്ണ കയറ്റുമതിയാണ് ഇറാഖിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗം.
നാലം സ്ഥാനത്ത് കാനഡയാണ്. ഇവിടുത്തെ എണ്ണ മണലുകളെ കുറിച്ചാണ് പറയാനുള്ളത്. ആൽബെർട്ടയിൽ കൂടുതലും കാണപ്പെടുന്ന ഈ ശേഖരം കട്ടിയുള്ളതും, ഒട്ടിപ്പിടിക്കുന്നതും, വേർതിരിച്ചെടുക്കാൻ പ്രയാസമുള്ളതുമാണ്. എന്നിരുന്നാലും മികച്ച രീതിയിൽ കാനഡ അത് ചെയ്തുവരുന്നു. മാത്രമല്ല യുഎസുമായുള്ള ശക്തമായ വ്യാപാര ബന്ധങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്ളതിനാൽ കാനഡയെ സംബന്ധിച്ച് എണ്ണ എന്നത് അവരുടെ പ്രധാന വരുമാന മാർഗമാണ്.
209 ബില്യൺ ബാരലുകളുമായി ഇറാൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പേർഷ്യൻ ഗൾഫിന് സമീപമാണ് അവർക്ക് കൂടുതൽ എണ്ണ ശേഖരം ഉള്ളത്. എന്നാൽ യുഎസിന്റെ ഉപരോധമുള്ളതിനാൽ തങ്ങളുടെ എണ്ണശേഖരത്തെ പണമാക്കി മാറ്റാൻ ഇറാൻ പ്രയാസപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതലായി എത്താനാകുന്നില്ലെന്നും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഇല്ലെന്നതും ഇറാന് തിരിച്ചടിയാണ്.
രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യക്ക് 267 ബില്യൺ ബാരൽ ശേഖരമാണ് ഉള്ളത്. എണ്ണയുടെ കാര്യത്തിൽ മാത്രമല്ല സൗദി സമ്പന്നർ, എണ്ണ കൊണ്ടാണ് അവരുടെ സമ്പത്ത് തന്നെ. സൗദി അറേബ്യയ്ക്ക് എണ്ണ ഉൽപാദനം വളരെ വേഗത്തിൽ കൂട്ടാനും കുറക്കാനും സാധിക്കും. അത് തന്നെയാണ് ലോകവിപണിയിൽ അവരെ ശക്തരാക്കുന്നത്.
303 ബില്യൺ ബാരലുമായി വെനസ്വലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വെനസ്വല നേരിടുന്ന പ്രധാന പ്രശ്നം എണ്ണയുടെ ഭൂരിഭാഗവും ഹെവി ക്രൂഡ് ആണ്, അതായത് ശുദ്ധീകരിക്കാൻ പ്രയാസകരവും ചെലവേറുകയും ചെയ്യും. അതിനുപുറമെ, വർഷങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ, യുഎസ് ഉപരോധങ്ങൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഉൽപ്പാദനം കുറയാൻ കാരണമായി.












Click it and Unblock the Notifications