സൗദി അറേബ്യ ഇന്ത്യയിലേക്ക് പുതിയ കപ്പല്‍ പാത ഒരുക്കുന്നു; ജിദ്ദ ടു മുന്ദ്ര, ചെങ്കടല്‍ വഴി യാത്ര
റിയാദ്: സൗദി അറേബ്യ രണ്ട് രാജ്യങ്ങളിലേക്ക് പുതിയ കപ്പല്‍ പാത ഒരുക്കുന്നു. ഇന്ത്യയിലേക്കും ജിബൂത്തിയിലേക്കുമാണ് പാത. ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ മുന്ദ്ര തുറമുഖം, പോര്‍ട്ട് ഓഫ് ജിബൂത്തി എന്നിവയുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. സൗദിയുടെ തുറമുഖ അതോറിറ്റിയായ മവാനിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കു ഗതാഗതം വേഗത്തിലാക്കുകയാണ് ലക്ഷ്യം.
2144 ട്വിന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്‌സ് വരെ ചരക്കു ശേഷിയുള്ളതാകും പുതിയ പാത. ലോകത്തെ പ്രധാന ചരക്കുപാതയായ ചെങ്കടല്‍ വഴിയാണ് പുതിയ പാത വരുന്നത്. ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും ചരക്കുകള്‍ എത്തിക്കാനും കൊണ്ടുവരാനും ജിദ്ദ തുറമുഖത്തിന് സാധിച്ചാല്‍ ലോകത്തെ ചരക്കുകളുടെ ഹബ്ബായി ഈ തുറമുഖം മാറും. സൗദിയുടെ പ്രാധാന്യം വര്‍ധിക്കുകയും ചെയ്യും.

ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ എങ്ങനെയാണ് മുന്ദ്ര തുറമുഖത്തേക്ക് എത്തുക എന്ന് അറിയാമോ. ജിദ്ദയില്‍ നിന്ന് ചെങ്കടലിലൂടെ സഞ്ചരിച്ച് ബാബുല്‍ മന്ദിബ് കടലിടുക്ക് വഴി ഏദന്‍ ഉള്‍ക്കടലിലേക്ക് കടക്കും. ഇവിടെ നിന്ന് അറബിക്കടലിലേക്ക് എത്തും. ശേഷം ഗുജറാത്ത് തീരത്തേക്ക് വന്ന് കച്ച് ഉള്‍ക്കടലിലൂടെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേരും.
സൗദി അറേബ്യ, യമന്‍, ജിബൂത്തി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയില്‍ എത്തുക എന്ന് ചുരുക്കം. ഇനി നേരിട്ടല്ലാതെ മറ്റു ചില രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്താണ് യാത്ര എങ്കില്‍ യുഎഇയിലെ ജബല്‍ അലി തുറമുഖത്തേക്കും കപ്പല്‍ എത്തും. നേരിട്ട് വരുമ്പോള്‍ ഒരാഴ്ച്ച മതിയാകും. എന്നാല്‍ മറ്റു തുറമുഖങ്ങളില്‍ നിര്‍ത്തി വരികയാണെങ്കില്‍ രണ്ടാഴ്ച എടുത്തേക്കും.
മുന്ദ്ര തുറമുഖം അദാനിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണിത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഈ തുറമുഖമാണ് ഇന്ത്യയിലെ മൊത്തം കപ്പല്‍ കണ്ടെയ്‌നര്‍ ചരക്കുകളുടെ ഏകദേശം മൂന്നിലൊന്ന് നിയന്ത്രിക്കുന്നത്. ഏത് കാലാവസ്ഥയിലും കൂറ്റന്‍ കപ്പലുകള്‍ക്ക് വരെ ഇവിടെ നങ്കൂരമിടാന്‍ സാധിക്കും.
1998ല്‍ പ്രവര്‍ത്തനം തുടങ്ങിയ മുന്ദ്ര തുറമുഖത്തെ, റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക റെയില്‍പാത അദാനി നിര്‍മിച്ചിട്ടുണ്ട്. 100 കിലോമീറ്ററില്‍ അധികം നീളമുള്ള റെയില്‍പാതയാണ് ഇതിനു വേണ്ടി അദാനി സ്വന്തമായി നിര്‍മിച്ചത്. കൂടാതെ രാജ്യത്തെ പ്രധാന സാമ്പത്തിക ഇടനാഴികളുമായും ഹൈവേകളുമായും ഈ തുറമുഖത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.















Click it and Unblock the Notifications