സൗദി അറേബ്യക്ക് ബംഗ്ലാദേശികള്‍ മാത്രം മതിയോ? 3 ലക്ഷം തൊഴിൽ അവസരങ്ങൾ: പുതിയ കരാർ
സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് ബംഗ്ലാദേശികള്‍. തൊട്ടുപിന്നാലെ തന്നെ ഇന്ത്യക്കാരുണ്ടെങ്കിലും മുന്‍തൂക്കം നമ്മുടെ അയല്‍രാജ്യക്കാർക്ക് തന്നെ. 36 ലക്ഷം ബംഗ്ലാദേശികളാണ് സൗദിയില്‍ ഉള്ളതെങ്കില്‍ ഇന്ത്യക്കാരുടെ എണ്ണം 27 ലക്ഷമാണ്. പ്രധാനമായും നിർമ്മാണ മേഖലയിലാണ് ബംഗ്ലാദേശികളുടെ സാന്നിധ്യമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇപ്പോഴിതാ രാജ്യത്ത് ബംഗ്ലാദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രം ചെയ്യുകയാണ് സൗദി അറേബ്യ. സൗദി അറേബ്യയിലെ വമ്പൻ പദ്ധതികൾ, ടൂറിസം, ആരോഗ്യ മേഖലകൾ എന്നിവിടങ്ങളിൽ ബംഗ്ലാദേശിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നാണ് സൗദി അംബാസഡർ വ്യക്തമാക്കുന്നത്. ഒക്ടോബറിൽ ഒപ്പുവെച്ച പുതിയ തൊഴിൽ കരാറിന്റെ ഭാഗമായി, വരും മാസങ്ങളിൽ 3 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ബംഗ്ലാദേശികള്‍ വർഷംതോറും 500 കോടി ഡോളറിലധികം സ്വന്തം രാജ്യത്തേക്ക് അയക്കുന്നു. 1970-കൾ മുതൽ സൗദിയിലെ തൊഴിൽ വിപണിയിൽ സജീവമാണ് ബംഗ്ലാദേശികൾ. ഒക്ടോബർ 2025-ൽ ഒപ്പുവെച്ച പുതിയ തൊഴിൽ കരാർ, തൊഴിൽ കുടിയേറ്റത്തെ കൂടുതൽ ഔപചാരികമാക്കുകയും വിദഗ്ധ തൊഴിൽ അവസരങ്ങൾ വിപുലീകരിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
"ഈ കരാർ, തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സുതാര്യമായ ഇലക്ട്രോണിക് കരാറുകൾ, കൃത്യസമയത്ത് ശമ്പളം നൽകുന്ന വേതന സംരക്ഷണ സംവിധാനം, തർക്ക പരിഹാരത്തിനുള്ള സംയുക്ത സംവിധാനം, നിയമ സഹായം, ആരോഗ്യ ഇൻഷുറൻസ്, പ്രവാസത്തിന് മുമ്പുള്ള ബോധവത്കരണം എന്നിവ ഉറപ്പാക്കുന്നു," ധാക്കയിലെ സൗദി അംബാസഡർ ഡോ. അബ്ദുല്ല സഫർ ബിൻ അബിയ പറഞ്ഞു.
2027-ലെ എഎഫ്സി ഏഷ്യൻ കപ്പ്, 2030-ലെ വേൾഡ് എക്സ്പോ, 2034-ലെ ലോകകപ്പ് എന്നിവയ്ക്കായി തയ്യാറെടുക്കുന്ന സൗദിയിൽ, നിർമാണ മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. പുതിയ കരാർ പ്രകാരം, ടൂറിസം, ആരോഗ്യം, സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങൾ തുറക്കും.
സൗദിയുടെ ടകമോൾ ഏജൻസി, സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് തൊഴിലാളികളെ പരിശോധിക്കുന്നു. "നിയോം, റെഡ് സീ തുടങ്ങിയ വിഷൻ 2030 പദ്ധതികൾ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ആരോഗ്യ മേഖല (നഴ്സുമാർ, ടെക്നീഷ്യൻമാർ), സാങ്കേതിക-മെയിന്റനൻസ്, പുനരുപയോഗ ഊർജ മേഖലകൾ എന്നിവയിൽ 2026-ഓടെ 2.5 ലക്ഷം മുതൽ 3 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും," അംബാസഡർ വ്യക്തമാക്കി.
വിദ്യാഭ്യാസ സഹകരണവും വർധിക്കുന്നു
സൗദി യൂണിവേഴ്സിറ്റികളിൽ ബംഗ്ലാദേശി വിദ്യാർഥികളുടെ സാന്നിധ്യം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നത വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്താനും അംബാസഡർ ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണാപത്രം (എംഒയു) പ്രാബല്യത്തിൽ വരുത്തുന്നതോടെ, എഐ, സൈബർ സെക്യൂരിറ്റി, എൻജിനീയറിംഗ്, പുനരുപയോഗ ഊർജം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ മേഖലകൾ എന്നിവയിൽ ബംഗ്ലാദേശി വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പുകൾ ലഭ്യമാകും. ഇത് സൗദി തൊഴിൽ വിപണിയിൽ അവർക്ക് മത്സരക്ഷമത വർധിപ്പിക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഈ കരാറും വിദ്യാഭ്യാസ സഹകരണവും ബംഗ്ലാദേശിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications