സൗദിയിലെ ഈ വിമാനത്താവളത്തിന് ബഹ്‌റൈനേക്കാള്‍ വലിപ്പം; റെക്കോര്‍ഡുകള്‍ പലത്... അമ്പരപ്പിക്കും!!
റിയാദ്: കാലത്തിന് അനുസരിച്ച് മനുഷ്യന്റെ യാത്രാ മാര്‍ഗത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. യാത്രയ്ക്ക് മൃഗങ്ങളെ മാത്രം ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കപ്പെട്ടപ്പോള്‍ എല്ലാം മാറി. ബസ്, ട്രെയിന്‍, കാര്‍ എന്നിവയെ ആശ്രയിക്കാന്‍ തുടങ്ങിയവര്‍ നഗരങ്ങള്‍ കടന്നുള്ള യാത്രയ്ക്ക് വിമാനം തിരഞ്ഞെടുത്തു. ഇന്ന് വ്യോമയാന യാത്രക്കാര്‍ ഇരട്ടിയായിരിക്കുന്നു.
യാത്രക്കാര്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ വിമാനത്താവളങ്ങളുടെ എണ്ണവും കൂടി. ലോകത്ത് അറിയപ്പെട്ട വിമാനത്താവളങ്ങളിലൊന്നാണ് സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. അടിസ്ഥാന സൗകര്യമാണ് ഈ വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നത്. വലിപ്പത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ വിമാനത്താവളമാണിത്. 780 ചതുരശ്ര കിലോമീറ്ററിലാണ് ഈ വിമാനത്താവളം.
സൗദി അറേബ്യയുടെ അയല്‍രാജ്യമായ ബഹ്‌റൈനേക്കാള്‍ വലിപ്പമുണ്ടത്രെ ദമ്മാമിനിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്. ബഹ്‌റൈനില്‍ മൂന്ന് വിമാനത്താവളങ്ങളുണ്ട് എന്നത് വേറെ കാര്യം. ഇന്ത്യയിലെ സാധാരണ മൂന്ന് പട്ടണങ്ങള്‍ ചേര്‍ന്നാല്‍ എത്ര വ്യാപ്തിയുണ്ടാകുമോ അത്രയും വിശാലമാണിത്. സൗദി അറേബ്യയിലെ മൂന്ന് പ്രധാന വിമാനത്താവങ്ങളിലൊന്ന് ദമ്മാം എയര്‍പോര്‍ട്ടാണ്.

1983ലാണ് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 15 വര്‍ഷത്തോളം വേണ്ടി വന്നു നിര്‍മാണം പൂര്‍ത്തിയാക്കാന്‍. 1999ല്‍ ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഗള്‍ഫ് യുദ്ധ കാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ കേന്ദ്രമായും ഈ വിമാനത്താവളം ഉപയോഗിച്ചിട്ടുണ്ട്.
ദമ്മാം എയര്‍പോര്‍ട്ട് കമ്പനി (ഡിഎഡിഒ)ക്ക് കീഴിലാണ് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. 2017 ജൂലൈ മുതല്‍ ഈ കമ്പനിയാണ് വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഓരോ വര്‍ഷവും ഒരു കോടി യാത്രക്കാര്‍ ദമ്മാമിലെ ഈ വിമാനത്താവളത്തെ ആശ്രയിക്കുന്നു. കൂടുതല്‍ യാത്രക്കാരെത്തുന്ന വിമാനത്താവളം എന്ന ഖ്യാതിയും ഇതിനുണ്ട്.
37 വിമാനങ്ങളാണ് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ലോകത്തെ 43 വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. മൂന്ന് വമ്പന്‍ ടെര്‍മിനലുകളാണ് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ളത്. റസറ്ററന്റുകള്‍, കഫേകള്‍, പ്രാര്‍ഥനാ മുറികള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളും ഇവിടെയുണ്ട്.
സൗദി അറേബ്യയുടെ പഴയ രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസിന്റെ പേരാണ് ദമ്മാം വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. 1982 മുതല്‍ 2005 വരെ സൗദി ഭരിച്ച വ്യക്തിയാണ് ഇദ്ദേഹം. 1975 മുതല്‍ 1982 വരെ കിരീടവാശിയായിരുന്നു ഫഹദ് ബിന്‍ അബ്ദുല്‍ അസീസ്. ആധുനിക സൗദിയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ എട്ടാമത്തെ മകനാണ് ഇദ്ദേഹം.












Click it and Unblock the Notifications