മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രം ഹൂതികള്‍ ആക്രമിച്ചെന്ന് സൗദി സഖ്യസേന
മദീനയിലെ തൈബ പവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്റ്റേഷനില്‍ ഭീകരാക്രമണം നടന്നതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ 5:11-നാണ് ആക്രമണം നടന്നത് എന്നാണ് സൗദി സഖ്യ സേന പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഹൂതി ഭീകര സേനയ്ക്ക് പങ്കുണ്ടെന്ന് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാല്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.
'സംഭവത്തിന് ശേഷമുള്ള പരിശോധനയുടെയും ഉപയോഗിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളുടെയും അടിസ്ഥാനത്തില്‍, ഈ ഭീരുത്വപരമായ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഹൂതി ഭീകര സേനയ്ക്ക് പങ്കുണ്ടെന്ന് ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണത്തിലും തെളിവുകളിലും സ്ഥിരീകരിക്കാനായിട്ടുണ്ട്', തുര്‍ക്കി അല്‍-മാല്‍ക്കി കൂട്ടിച്ചേര്‍ത്തു.

ഈ ഭീകരാക്രമണം മൂലം ഒരു പവര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനരഹിതമായെങ്കിലും, മൊത്തത്തിലുള്ള വൈദ്യുതി വിതരണ ശൃംഖലയെ അത് ബാധിച്ചില്ല. മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്ക് (മസ്ജിദുന്നബവി) വൈദ്യുതി എത്തിക്കുന്ന ഒരു സാധാരണ പൗരസേവന കേന്ദ്രത്തെ ലക്ഷ്യമിട്ടുള്ള ഭീരുത്വപരമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് വിശുദ്ധ പള്ളികളെ ലക്ഷ്യമിടാനുള്ള ഈ തീവ്രവാദ സേനയുടെ ശ്രമങ്ങളുടെയും, മക്കയെയും മദീനയെയും ലക്ഷ്യമാക്കി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കാനുള്ള അവരുടെ നീക്കങ്ങളുടെയും തുടര്‍ച്ചയാണ്. രണ്ട് വിശുദ്ധ പള്ളികളുടെ സംരക്ഷണവും മക്കയിലെയും മദീനയിലെയും തീര്‍ത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട്, ഹൂതി ഭീകര സേനയെ പ്രതിരോധിക്കാനുള്ള നടപടികള്‍ സഖ്യസേന തുടര്‍ന്നും സ്വീകരിക്കും,' പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഹൂതികള്‍ നിയന്ത്രിക്കുന്ന യെമനിലെ സബ വാര്‍ത്താ ഏജന്‍സി, സൗദിയിലെ മദീനയിലുള്ള പവര്‍ സ്റ്റേഷനില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഒരു സൈനിക വൃത്തത്തെ ഉദ്ധരിച്ചുകൊണ്ടാണ് സബ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ഹൂതി സായുധ സംഘം യമനിലെ ജനങ്ങളെയും മേഖലയെയും ഭീഷണിപ്പെടുത്തുന്ന' സാഹചര്യത്തില്‍, രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ ഷൂറ കൗണ്‍സിലിന്റെ ഒമ്പതാം സമ്മേളനത്തിലെ മൂന്നാം വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍, രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന് വേണ്ടി നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ സുരക്ഷയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏത് ഭീഷണിക്കും ആക്രമണത്തിനും എതിരെ ശക്തമായി പ്രതികരിക്കാന്‍ രാജ്യം ഒട്ടും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
