സൗദി അറേബ്യയുടെ മാസ് നീക്കം; 700 കോടിയില്‍ 1000 കിലോമീറ്റര്‍, ഒമാന്‍ തീരത്തേക്ക് പൈപ്പ് ലൈന്‍
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയുടെ ചിത്രം മാറ്റിമറിച്ചത്. ഹമാസ്-ഇസ്രായേല്‍ യുദ്ധം എല്ലാ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. വൈകാതെ ഇറാനെതിരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത നീക്കമുണ്ടായി. പലസ്തീനെതിരായ നീക്കം പശ്ചിമേഷ്യയെയും ഇറാനെതിരായ നീക്കം ലോകത്തെ മൊത്തവും ബാധിക്കുന്നതാണ് പിന്നീട് കണ്ടത്.
ഹോര്‍മുസ് പാത ഇറാന്‍ അടച്ചതോടെ സാമ്പത്തിക ഞെരുക്കം ആഗോള വിപണിയില്‍ പ്രകടമായി. എണ്ണയുടെയും വാതകത്തിന്റെയും വില കുതിച്ചു. ഇത് അവശ്യവസ്തുക്കളുടെ വില വര്‍ധനവിന് ഇടയാക്കി. പണപ്പെരുപ്പം വര്‍ധിച്ചതോടെ പുതിയ നിക്ഷേപ സാധ്യതകള്‍ അടഞ്ഞു. ലോകത്തെ വന്‍കിട കമ്പനികളെ ഇതെല്ലാം പ്രതിസന്ധിയിലാക്കുകയും നിരവധി പേര്‍ക്ക് ജോലി നഷ്ടമാക്കുകയും ചെയ്തു. ഇതിനിടെയാണ് ഗള്‍ഫില്‍ മറ്റൊരു വെല്ലുവിളി ഉടലെടുത്തത്.

ഹൂതികള്‍ സൗദിക്കെതിരെ നീങ്ങിയതോടെ ഹോര്‍മുസ് പാതയ്ക്ക് പുറമെ ചെങ്കടലിലെ ബാബുല്‍ മന്തിബ് പാതയും അടഞ്ഞു. ഇറാഖില്‍ നിന്ന് സൗദിയുടെ എണ്ണ പൈപ്പ് ലൈന്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായി. സൗദിയുടെ എണ്ണക്കയറ്റുമതി നിലച്ചു. വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു. എണ്ണ കയറ്റുമതിയില്‍ അതുവരെ മുന്നില്‍ നിന്നിരുന്ന സൗദി താഴേക്ക് വീണു. അതിനിടെ ഒപെക് വിട്ട് സ്വന്തം നിലയില്‍ ഉല്‍പ്പാദനം കൂട്ടിയ യുഎഇ കരുത്തരായി.
ഹോര്‍മുസ് പാത അടയുകയും വാതക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ പതിക്കുകയും ചെയ്തതോടെ ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതി നിലച്ചു. ബഹ്‌റൈനും കുവൈത്തും കയറ്റുമതി ചെയ്യാനാകാതെ പ്രതിസന്ധിയിലുമായി. ഹോര്‍മുസ് തൊടാതെ കയറ്റുമതി സാധ്യമായ യുഎഇയും ഒമാനും ഈ വേളയില്‍ നേട്ടം കൊയ്യാന്‍ തുടങ്ങി. യുഎഇക്ക് സഹായകമായത് എണ്ണ പൈപ്പ് ലൈനും ഫുജൈറ തുറമുഖവുമാണ്.
സൗദി അറേബ്യയുടെ പുതിയ പൈപ്പ് ലൈന്‍ ഒമാനിലേക്ക്
സൗദി അറേബ്യ യാമ്പു തുറമുഖത്തേക്ക് നേരത്തെ നിര്‍മിച്ച പൈപ്പ് ലൈന്‍ ആണ് അവര്‍ക്ക് ഇപ്പോള്‍ നേരിയ ആശ്വാസം നല്‍കുന്നത്. എന്നാല്‍ മറ്റൊരു പൈപ്പ് ലൈന്‍ കൂടി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സൗദി. ടോട്ടല്‍ എനര്‍ജി ചെയര്‍മാന്‍ പാട്രിക് പൗയാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമാനിലേക്കാണ് ഈ പൈപ്പ് ലൈന്‍ വരാന്‍ പോകുന്നത്.
ന്യൂയോര്‍ക്കില്‍ നിക്ഷേപരുടെ യോഗത്തിലാണ് പാട്രിക് സൗദിയുടെ രഹസ്യ നീക്കം വെളിപ്പെടുത്തിയത്. ഒമാന്‍ തീരത്തുള്ള ദുകുമിലേക്കാണ് സൗദിയില്‍ നിന്ന് പുതിയ പൈപ്പ് ലൈന്‍ വരിക. ഹോര്‍മുസ് കടല്‍പാത തൊടാതെ എണ്ണ കയറ്റുമതി ചെയ്യാന്‍ ഈ പൈപ്പ് ലൈന്‍ സൗദിയെ സഹായിക്കും. ഇതിന്റെ ചര്‍ച്ചകള്‍ നടക്കുകയും സാധ്യതാ പഠനം ആരംഭിക്കുകയും ചെയ്തു എന്നാണ് വിവരം. എന്നാല്‍ സൗദി വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല.
ഇറാനില്‍ നിന്ന് 700 കിലോമീറ്റര്‍ ദൂരം
പശ്ചിമേഷ്യയിലെ ധനകാര്യ മാധ്യമമായ എജിബിഐ ആണ് സൗദിയുടെ പുതിയ പൈപ്പ് ലൈന്‍ നിര്‍മാണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 1000 കിലോമീറ്റര്‍ ആയിരിക്കും പൈപ്പ് ലൈന്‍ എന്നാണ് കരുതുന്നത്. 700 കോടി ഡോളര്‍ ചെലവ് വന്നേക്കുമെന്നും റയ്‌സ്റ്റാഡ് എനര്‍ജി വൈസ് പ്രസിഡന്റ് രാഹുല്‍ ചൗധരി പറയുന്നു. ഒമാനിലെ റാസ് മര്‍ക്കസ് തുറമഖത്തായിരിക്കും പൈപ്പ്‌ലൈന്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനില്‍ നിന്ന് 700 കിലോമീറ്റര്‍ വരെ ദൂരത്താണ് നിര്‍ദിഷ്ട പൈപ്പ് ലൈന്‍. അതുകൊണ്ടുതന്നെ ഇറാന്റെ ആക്രമണ ഭീഷണിയില്ല. ഇക്കാര്യം കൂടി സൗദി അറേബ്യ പരിഗണിക്കുന്നുണ്ട്. ഒമാനിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ ഹോര്‍മുസ് തൊടാതെ അറബിക്കടലില്‍ പ്രവേശിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കു സൗദിക്ക് കയറ്റുമതി സാധിക്കും. ചെങ്കടല്‍ വഴി യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാം. ഇതെല്ലാം സാധ്യമായാല്‍ സൗദിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications
