അമേരിക്ക ചെയ്തത് സൗദി അറേബ്യ ഏറ്റെടുക്കുന്നു; ഖത്തറിന്റെ സ്ഥാനം തെറിച്ചേക്കും, ഒപ്പം ചൈനയും
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിക്കുന്നത് സൗദി അറേബ്യ അല്ല. അമേരിക്കയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ക്രൂഡ് ഉല്‍പ്പാദനത്തില്‍ അമേരിക്ക മുന്നിലെത്തിയത്. മാത്രമല്ല, ലോകത്ത് ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും അമേരിക്കയാണ്. ഖത്തറും ഓസ്‌ട്രേലിയയും എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളാണ്.
ഷെയ്ല്‍ എണ്ണയും വാതവുമാണ് അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നത്. സാധാരണ എണ്ണ പാടങ്ങളില്‍ നിന്നല്ല ഷെയ്ല്‍ എണ്ണയും വാതകവും ഉല്‍പ്പാദിപ്പിക്കുക. ഭൂമിക്കടിയില്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചാണ് എടുക്കുന്നത്. ഇവ തിരിച്ചറിയുകയും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നത് ചെലവേറിയ കാര്യമാണ്. അമേരിക്കക്ക് സമ്പത്തും സാങ്കേതിക വിദ്യയും ഉള്ളതിനാല്‍ എളുപ്പം സാധ്യമായി. ഇതേ എണ്ണയും വാതകവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന മറ്റൊരു രാജ്യം കാനഡയാണ്.

ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളവും രാസവസ്തുക്കളും ഷെയ്ല്‍ പാളികളിലേക്ക് പമ്പ് ചെയ്യിച്ച് പൊട്ടിച്ചാണ് ഈ എണ്ണയും വാതവും ശേഖരിക്കുക. വലിയ തോതില്‍ വെള്ളം ആവശ്യമുള്ള പ്രവര്‍ത്തനമാണിത്. മാത്രമല്ല, രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ ഭൂഗര്‍ഭജലം മലിനമാകാനും സാധ്യതയുണ്ട്. എന്നാല്‍ അമേരിക്കയും കാനഡയും ഷെയ്ല്‍ എണ്ണ-വാതകം കണ്ടെത്തിയപ്പോള്‍ ലോകത്തെ പ്രധാന ഉല്‍പ്പാദകരായി മാറി.
സൗദി അറേബ്യയുടെ പദ്ധതി ഇതാണ്
എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഷെയ്ല്‍ വാതവും എണ്ണയും ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. സൗദി അറേബ്യയും ഇക്കൂട്ടത്തിലുണ്ട്. കിഴക്കന്‍ പ്രവിഷ്യയിലെ ജാഫുറ വാതക മേഖലയില്‍ നിന്ന് ഷെയ്ല്‍ വാതകം ഉല്‍പ്പാദിപ്പിക്കാനാണ് സൗദിയുടെ തീരുമാനം. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സൗദി. ജാഫുറ സജീവമാകുന്നതോടെ വാതക കയറ്റുമതിയിലും സൗദി മുന്നിലെത്തും.
229 ലക്ഷം കോടി ക്യൂബിക് ഫീറ്റ് അസംസ്‌കൃത വാതകം ജാഫുറയിലെ ഭൂമിക്കടിയിലുള്ള ശിലാപാളികളില്‍ ഉണ്ട് എന്നാണ് കണക്കാക്കുന്നത്. കൂടാതെ 75 ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റും. ഈ വര്‍ഷം ഇവിടെ നിന്നുള്ള ഉല്‍പ്പാദനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുമെന്ന് സൗദി എണ്ണ കമ്പനിയായ അരാംകോ അറിയിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 2021ലെ അളവില്‍ നിന്ന് 60 ശതമാനം വാതക ഉല്‍പ്പാദനം കൂട്ടാന്‍ സാധിക്കുമെന്ന് സൗദി കരുതുന്നു.
ജാഫുറയില്‍ സമ്പൂര്‍ണ ഉല്‍പ്പാദനം തുടങ്ങിയാല്‍ ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമായി സൗദി അറേബ്യ മാറും. ജിസിസിയില്‍ നിലവില്‍ കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന രാജ്യം ഖത്തറാണ്. സൗദിയെ കൂടാതെ മറ്റു ചില രാജ്യങ്ങളും ഷെയ്ല്‍ എണ്ണ-വാതക ഉല്‍പ്പാദനത്തിലേക്ക് കയക്കാന്‍ പോകുകയാണ്. ചൈനയും അക്കൂട്ടത്തിലുണ്ട്. വിജയം കണ്ടാല്‍ ചൈനക്ക് എണ്ണ-വാതക ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കും.
2024ല്‍ ലോകത്ത് മൊത്തം ഉല്‍പ്പാദിപ്പിച്ച ഷെയ്ല്‍ എണ്ണയുടെയും വാതകത്തിന്റെയും 80 ശതമാനം അമേരിക്കയിലായിരുന്നു. കാനഡ മോണ്ട്‌നിയില്‍ നിന്ന് കൂടുതല്‍ ഷെയ്ല്‍ ഉല്‍പ്പാദനം നടത്താന്‍ ഒരുങ്ങുകയാണ്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഷെയ്ല്‍ കേന്ദ്രം മോണ്ട്‌നിയാണ് എന്നാണ് കരുതുന്നത്. അര്‍ജന്റീയും ഈ രംഗത്ത് സജീവമാകും. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയ അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ച് ഷെയ്ല്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചു. യൂറോപ്പിലേക്കാണ് ഇവരുടെ വാതകം പ്രധാനമായും പോകുന്നത്.












Click it and Unblock the Notifications