സൗദി അറേബ്യ ലക്ഷ്യമിടുന്നത് ഇന്ത്യ; കളിക്കുന്നത് ബംഗ്ലാദേശിലും ഇറാഖിലും, വന്‍ ലാഭം പ്രതീക്ഷ
സൗദി അറേബ്യ സമീപകാലത്ത് നടത്തുന്ന സാമ്പത്തിക-രാഷ്ട്രീയ നീക്കങ്ങള്‍ ഏറെ കൗതുകമുള്ളതാണ്. അയല്‍രാജ്യങ്ങളുമായുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുത്തിയ സൗദി ഭരണകൂടം പ്രതീക്ഷിച്ച നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതും എടുത്തു പറയണം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാനുള്ള അവസരം ലഭിച്ച സൗദി കായികലോകത്തെ മൊത്തമായി അറേബ്യയിലേക്ക് ക്ഷണിക്കുകയാണ്. അതോടൊപ്പമാണ് ചില സാമ്പത്തിക നീക്കങ്ങളും.
ഇറാഖ്, ഇറാന്‍, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ സൗദി വലിയ ലക്ഷ്യത്തോടെ ഇടപെടുന്നു എന്നാണ് പുതിയ വിവരം. സിറിയയില്‍ ബശ്ശാറുല്‍ അസദ് മാറി അധികാരത്തിലെത്തിയ പുതിയ സര്‍ക്കാര്‍ ആദ്യം വിദേശയാത്രയ്ക്ക് തിരഞ്ഞെടുത്തത് സൗദി അറേബ്യയാണ്. സിറിയയുടെ പുതിയ വിദേശകാര്യ മന്ത്രി ഭാവി ഭാസുരമാക്കുവാന്‍ സൗദിയുടെ സഹായം തേടി.

ആറ് ഇറാന്‍കാരുടെ വധശിക്ഷ നടപ്പാക്കിയ സൗദിയുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സൗദിയുടെ അംബാസഡറെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇറാന്‍ നിയമ മന്ത്രി അീന്‍ ഹുസൈന്‍ റഹീമി സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ സൗദ് അല്‍ അന്‍സിയുമായി ചര്‍ച്ച നടത്തി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ പ്രബല രാജ്യമാണ് ഇറാഖ്. സിറിയയെയും ഇറാനെയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന സൗദി അറേബ്യ, ഇറാഖുമായി സാമ്പത്തിക സഹകരണത്തിനും തുടക്കമിട്ടു. ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്ത് നിന്ന് ഇറാഖിലെ ഉമ്മു ഖസര്‍ തുറമുഖത്തേക്ക് പ്രത്യേക പാത ഒരുക്കുമെന്നാണ് പുതിയ പ്രഖ്യാപനം. സൗദിയുടെ തുറമുഖ അതോറിറ്റിയായ മവനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാഖുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ സൗദി ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ ലോക ജലപാതയില്‍ സുപ്രധാന ചുവട് വയ്ക്കാന്‍ സാധിക്കുമെന്ന് സൗദി കരുതുന്നു. സൗദിയേക്കാള്‍ കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇറാഖ് മാറിക്കൊണ്ടിരിക്കെയാണ് ഈ നീക്കം എന്നതും എടുത്തുപറയണം. ഇന്ത്യയുമായുള്ള ക്രൂഡ് ഓയില്‍ ഇടപാടില്‍ ഇറാഖിന് ശേഷമാണ് സൗദിയുടെ സ്ഥാനം.
ദമ്മാമില്‍ നിന്ന് ഉമ്മു ഖസറിലേക്ക് കടല്‍പാത വരുന്നതോടെ ചരക്കുകള്‍ എത്തിക്കുന്ന സമയത്തില്‍ ഏറെ ലാഭംകിട്ടും. മാത്രമല്ല, ഇന്ത്യയിലെ തുറമുഖങ്ങളായ നവ ഷേവ, മുണ്ട്ര എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള പാത ഒരുക്കാന്‍ സൗദി നേരത്തെ തീരുമാനിച്ചതാണ്. ഇറാഖിലേക്കുള്ള പാതയും ഇന്ത്യയിലേക്കുള്ള പാതയും സൗദിയുടെ ചരക്കുകടത്തിന് കരുത്ത് പകരുമെന്ന് ഉറപ്പാണ്.
ബംഗ്ലാദേശില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കാനുള്ള ശ്രമം സൗദി അരാംകോ തുടങ്ങിക്കഴിഞ്ഞു. ബംഗ്ലാദേശിലെ സൗദി അംബാസഡര്‍ ഇസ്സ അല്‍ ദുഹൈലാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലാദേശില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യം ഏറുന്നു എന്നതിന് പുറമെ ഇന്ത്യന്‍ വിപണി കൂടിയാണ് സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ശുദ്ധീകരണ ശാല തുടങ്ങുന്നതിനേക്കാള്‍ ചെലവ് കുറവാണ് ബംഗ്ലാദേശില്‍ തുടങ്ങുന്നത്.
ഇന്ത്യയുടെയും ചൈനയുടെയും വിപണിയിലേക്ക് വേഗത്തില്‍ എണ്ണ എത്തിക്കാന്‍ ബംഗ്ലാദേശില്‍ ശുദ്ധീകരണ ശാല തുടങ്ങുന്നതിലൂടെ സൗദിക്ക് സാധിക്കും. ജിദ്ദയില്‍ നിന്നോ ദമ്മാമില്‍ നിന്നോ ചട്ടോഗ്രാമിലേക്ക് കടല്‍പാത ഒരുക്കാനും സൗദി ആലോചിക്കുന്നു. വന്‍തോതില്‍ വിദേശനിക്ഷേപം ക്ഷണിക്കുന്ന ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരിന്റെ നയം തങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കുമെന്നും സൗദി കണക്കുകൂട്ടുന്നു.












Click it and Unblock the Notifications