സൗദി അറേബ്യയില്‍ മദ്യം ലഭിക്കാന്‍ പോകുന്നു; സര്‍ക്കാര്‍ രേഖ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
റിയാദ്: ഇസ്ലാമിക നിയമങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സമീപ കാലത്ത് പരിഷ്‌കാരങ്ങളുടെ ഭാഗമായി ചില വിട്ടു വീഴ്ചകള്‍ ഭരണകൂടം ചെയ്തിരുന്നു. 35 വര്‍ഷത്തോളം നിരോധനമുണ്ടായിരുന്ന സിനിമാ പ്രദര്‍ശനം തുടങ്ങിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇപ്പോള്‍ മദീനയില്‍ ഉള്‍പ്പെടെ സിനിമാ തിയേറ്ററുണ്ട്.
പുതിയ വിവരം വളരെ വ്യത്യസ്തമാണ്. സൗദി അറേബ്യയില്‍ മദ്യം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പുതിയ പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന്റെ രേഖ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും മദ്യം വില്‍ക്കുകയില്ല എന്നാണ് വിവരം. ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങളുണ്ടാകും. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാം...

രാജ്യത്തെ ആദ്യ മദ്യഷാപ്പ് തലസ്ഥാനമായ റിയാദിലാണ് വരാന്‍ പോകുന്നത്. അമുസ്ലിങ്ങളായ നയതന്ത്ര പ്രതിനിധികള്‍ക്കാകും മദ്യം വില്‍ക്കുക. ഇവര്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ആ വ്യക്തിക്ക് മദ്യം ലഭിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ രേഖ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാകും പുതിയ മദ്യഷാപ്പ് വരിക. ഇവിടെയാണ് വിദേശ എംബസികള്‍ സ്ഥിതി ചെയ്യുന്നത്. വിദേശ നയതന്ത്ര പ്രതിനിധികള്‍ താമസിക്കുന്നതും ഇവിടെയാണ്. മദ്യം അമുസ്ലിങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കിട്ടുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ സംവിധാനമുണ്ടാകും. അമുസ്ലിങ്ങളായ പ്രവാസികള്‍ക്ക് മദ്യം കിട്ടുമോ എന്ന് വ്യക്തമല്ല.
ഓരോ വ്യക്തിക്കും ലഭിക്കുന്ന മദ്യത്തിന്റെ പ്രതിമാസ ക്വാട്ട നിശ്ചയിക്കും. അതു പ്രകാരമായിരിക്കും മദ്യ വില്‍പ്പന. വൈകാതെ തന്നെ മദ്യഷാപ്പ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മദ്യനിരോധനമുള്ള രാജ്യമാണ് സൗദി. നിയമവിരുദ്ധമായി മദ്യപിച്ചാല്‍ ചാട്ടവാര്‍ അടി, നാടുകടത്തല്‍, പിഴ, ജയില്‍ എന്നീ ശിക്ഷ ലഭിക്കും.
സൗദിയില്‍ സമീപകാലത്ത് ഒട്ടേറെ പരിഷ്‌കാരങ്ങളാണ് നടപ്പാക്കി വരുന്നത്. വനിതകള്‍ക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍മേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. ലക്ഷണക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും.
ടൂറിസം മേഖല പരിപോഷിപ്പിക്കാനാണ് സൗദി ശ്രമിക്കുന്നത്. ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. നിയോം സിറ്റി എന്ന അത്ഭുത നഗരം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സൗദി. മാത്രമല്ല, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സിറ്റിയും വരികയാണ്. തൊഴില്‍ മേഖല കൂടുതല്‍ സമ്പന്നമാകുമെന്നതാണ് ഇതിന്റെ ഫലം. സാധാരണ ജോലിക്കാരേക്കാള്‍, വിദഗ്ധരായ തൊഴിലാളികളെയാകും സൗദിയില്‍ ഇനി ആവശ്യം വരിക.












Click it and Unblock the Notifications