ആണവായുധമുണ്ടാക്കുമോ സൗദി? യുറേനിയം സമ്പുഷ്ടീകരണത്തിന് യുഎസുമായി കരാര്‍, ട്രംപിന്റെ അംഗീകാരം
സൗദി അറേബ്യയുടെ സിവിലിയന്‍ ആണവ പദ്ധതിക്കായി യുറേനിയം സമ്പുഷ്ടീകരണ ശേഷി നേടാന്‍ സഹായിച്ചേക്കാവുന്ന കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. 30 വര്‍ഷം കാലാവധിയുള്ള ഈ കരാറില്‍ പദ്ധതിയുടെ വികസനത്തിനായി യുഎസ് കമ്പനികളുടെ പങ്കാളിത്തവും ഉണ്ടായിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുഎസ്-സൗദി സംയുക്ത പഠനത്തിന് ശേഷം സൗദി അറേബ്യയില്‍ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതാണ് കരാര്‍. എന്നാല്‍ യുഎസ് കോണ്‍ഗ്രസില്‍ നിന്ന് കരാറിന് എതിര്‍പ്പുയരാന്‍ സാധ്യതയുണ്ട്. സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കുക എന്ന സൗദിയുടെ ദീര്‍ഘകാല ആഗ്രഹം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നത് ആണവായുധ വ്യാപനത്തിനും മത്സരത്തിനും പുതിയ വഴിയൊരുക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു.

സമാധാനപരമായ ആണവ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അതേസമയം രഹസ്യ ആണവായുധ പരിപാടികള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ വിവിധ രാജ്യങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന വിയന്ന ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയിലെ അംഗരാജ്യമാണ് സൗദി അറേബ്യ.
എന്നാല്‍, കൂടുതല്‍ നിരീക്ഷണത്തിനും പരിശോധനയ്ക്കും സ്ഥിരീകരണത്തിനും വഴിയൊരുക്കുന്ന ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഈ കരാറില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, സൗദിയില്‍ സെന്‍ട്രിഫ്യൂജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് രാജ്യത്തിന് ആണവായുധ പരിപാടിയിലേക്കുള്ള വഴി തുറന്നേക്കാമെന്ന് ആണവായുധ വ്യാപന വിരുദ്ധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെഹ്റാന്‍ ആണവ ബോംബ് സ്വന്തമാക്കിയാല്‍ തങ്ങളും അത്തരം പരിപാടിയിലേക്ക് നീങ്ങിയേക്കാമെന്ന് സൗദിയുടെ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ്, കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് അവിടെ സന്ദര്‍ശനം നടത്തുകയും സൗദിയിലെ വാണിജ്യ ആണവോര്‍ജ്ജ മേഖല വികസിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, സൗദി അറേബ്യയും ആണവായുധ ശേഷിയുള്ള പാകിസ്ഥാനും തമ്മില്‍ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ആവശ്യമെങ്കില്‍ സൗദി അറേബ്യയ്ക്ക് തങ്ങളുടെ ആണവ പദ്ധതിയുടെ സേവനം ലഭ്യമാക്കുമെന്ന് അന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏക ആണവായുധ രാഷ്ട്രമെന്ന് ദീര്‍ഘകാലമായി കരുതപ്പെടുന്ന ഇസ്രായേലിനുള്ള മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ആണവ ഇന്ധന സമ്പുഷ്ടീകരണം എന്നത് ആണവായുധം നിര്‍മ്മിക്കുന്നതിലേക്കുള്ള നേരിട്ടുള്ള വഴിയല്ല.
ആണവായുധം നിര്‍മ്മിക്കുന്നതിന് ഏകോപിപ്പിച്ചുള്ള ഉയര്‍ന്ന ശേഷിയുള്ള സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടെയുള്ള മറ്റ് ഘട്ടങ്ങളിലും ഒരു രാജ്യം പ്രാവീണ്യം നേടേണ്ടതുണ്ട്. എന്നിരുന്നാലും, ഇത് ആയുധ നിര്‍മ്മാണത്തിലേക്കുള്ള സാധ്യത തുറന്നുനല്‍കുന്നുണ്ട്. ഇറാനുമായുള്ള ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയതും ഇതേ ഘടകമാണ്.
സൗദി അറേബ്യയുടെ അയല്‍രാജ്യമായ യു എ ഇ ദക്ഷിണ കൊറിയയുടെ സഹായത്തോടെ ബറാക്ക ആണവ നിലയം നിര്‍മ്മിക്കുന്നതിനായി അമേരിക്കയുമായി '123 കരാര്‍' എന്നറിയപ്പെടുന്ന കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, ആണവ ഇന്ധന സമ്പുഷ്ടീകരണത്തിന് ശ്രമിക്കാതെയാണ് യുഎഇ ഈ നടപടി സ്വീകരിച്ചത്. ആണവോര്‍ജ്ജം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന ഏറ്റവും മികച്ച മാതൃകയായി ആണവായുധ വ്യാപന വിരുദ്ധ വിദഗ്ധര്‍ ഈ രീതിയെ വിശേഷിപ്പിക്കാറുണ്ട്.
ആണവായുധം വികസിപ്പിക്കാനുള്ള ടെഹ്റാന്റെ ശേഷി ഇല്ലാതാക്കാന്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തുന്നതിനിടെയാണ് സൗദിയുമായുള്ള കരാര്‍ എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യു എസ് ഇത് അംഗീകരിച്ചിട്ടില്ല.


Click it and Unblock the Notifications