സൗദി അറേബ്യ പ്ലാന്‍ ബി തയ്യാറാക്കുന്നു; ഇന്ത്യയ്ക്കും നേട്ടമാകും, എണ്ണവില ഇനിയും കുറയും
റിയാദ്: ക്രൂഡ് ഓയില്‍ വരുമാനത്തെ ആശ്രയിച്ചിരിക്കുന്ന സൗദി അറേബ്യ അടുത്തിടെ എടുത്ത തീരുമാനം ലോക രാജ്യങ്ങളെ ഞെട്ടിപ്പിച്ചിരുന്നു. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുക മാത്രമല്ല, ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില സൗദി കുറച്ച് കൊടുക്കുകയും ചെയ്തു. ഈ തീരുമാനം ക്രൂഡ് ഓയില്‍ വില പൊടുന്നനെ കുറയാന്‍ കാരണമായി. ബ്രെന്റ് ക്രൂഡ് ബാരലിന് ഇപ്പോള്‍ 64 ഡോളര്‍ ആണ് വില.
ക്രൂഡ് വില ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ ഭംഗിയായി നടപ്പാക്കാന്‍ സൗദിക്ക് സാധിക്കുക. എന്നാല്‍ വില കൂട്ടുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചിരുന്നു എങ്കിലും ഫലം കണ്ടില്ല. ചില എണ്ണ രാജ്യങ്ങള്‍ ക്വാട്ട ലംഘിച്ച് ഉല്‍പ്പാദനം നടത്തിയതാണ് എല്ലാം തകിടം മറിച്ചതെന്ന് സൗദി വിശ്വസിക്കുന്നു.

ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചത്. തൊട്ടുപിന്നാലെ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില കുറയ്ക്കാനും തീരുമാനിച്ചു. ഇതോടെ ഇന്ത്യയും ചൈനയും സന്തോഷത്തിലാണ്. വന്‍തോതില്‍ ഇരുരാജ്യങ്ങളും എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കസാഖിസ്താന്‍, യുഎഇ, ഇറാഖ്, റഷ്യ എന്നീ രാജ്യങ്ങള്‍ ക്വാട്ട ലംഘിച്ച് ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ചത് സൗദിയെ ചൊടിപ്പിച്ചിരുന്നു.
ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഉല്‍പ്പാദനത്തില്‍ മൊത്തം വെട്ടിക്കുറച്ചിരുന്നത് 2.8 ദശലക്ഷം ബാരലാണ്. ഇതില്‍ രണ്ട് ദശലക്ഷം ബാരലും കുറച്ചത് സൗദിയായിരുന്നു. സൗദിയെ കൂടാതെ കുവൈത്തും വന്‍തോതില്‍ കുറച്ചിരുന്നു. എന്നാല്‍ മറ്റു പല രാജ്യങ്ങളും കാര്യമായ ഉല്‍പ്പാദനം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് ഉല്‍പ്പാദനം കുറച്ചിട്ടും ക്രൂഡ് വില ഉയരാതിരുന്നത്.
ഉല്‍പ്പാദനം കൂട്ടാനുള്ള സൗദിയുടെ തീരുമാനം ക്രൂഡ് വില ഇനിയും കുറയ്ക്കും. എങ്കിലും പ്രധാന ഇറക്കുമതിക്കാരായ ചൈനയെയും ഇന്ത്യയെയും കൂടെ നിര്‍ത്താനാണ് ഈ രാജ്യങ്ങളിലേക്ക് വില 2.5 ഡോളര്‍ കുറച്ചിരിക്കുന്നത്. വരുമാനം കുറയുമെന്ന് മനസിലാക്കിയ സൗദി അവരുടെ പ്രധാനപ്പെട്ട പദ്ധതിയായ വിഷന്‍ 2030 അല്‍പ്പം നീട്ടിയേക്കും. ഇതിലെ ചില പദ്ധതികള്‍ വൈകാനാണ് സാധ്യത. വിഷന്‍ 2040 എന്ന രീതിയിലേക്ക് മാറ്റിയേക്കുമെന്ന് ഓയില്‍പ്രൈസ് ഡോട്ട് കോമിലെ കോളമിസ്റ്റ് ഇറിന സ്ലാവ് അഭിപ്രായപ്പെടുന്നു.
സൗദിയില്‍ ഖനനത്തിന് ഇന്ത്യന്‍ കമ്പനിയും
അമേരിക്ക ജിസിസി രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് മാത്രമേ ചുമത്തിയിട്ടുള്ളൂ. ആറ് ജിസിസി രാജ്യങ്ങള്‍ക്കും 10 ശതമാനമാണ് താരിഫ്. ഏറ്റവും കുറഞ്ഞ താരിഫ് നിരക്കാണിത്. ഈ സാഹചര്യത്തില്‍ അമേരിക്കയുമായി ജിസിസി രാജ്യങ്ങള്‍ കൂടുതല്‍ വ്യാപാര ഇടപാട് നടത്താനാണ് സാധ്യത. നിര്‍മാണ രംഗത്തേക്ക് സൗദി കൂടുതല്‍ ശ്രദ്ധിക്കുകയും അമേരിക്കയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഖനന മേഖലയാണ് സൗദി അടുത്തതായി ശ്രദ്ധിക്കാന്‍ പോകുന്നത്. രണ്ടര ലക്ഷം കോടി ഡോളറിന്റെ ഖനന പദ്ധതിയാണ് ലക്ഷ്യം. ഇതുവഴി എണ്ണയില്‍ നിന്നല്ലാതെ വരുമാനം കണ്ടെത്താന്‍ സാധിക്കും. ഇന്ത്യയുടെ വേദാന്ത കമ്പനിക്ക് ഉള്‍പ്പെടെ സ്വര്‍ണ, ചെമ്പ് ഖനനത്തിനുള്ള അനുമതി സൗദി നല്‍കിക്കഴിഞ്ഞു. 2035 ആകുമ്പോഴേക്കും ഖനനത്തില്‍ നിന്നുള്ള വരുമാനം 75 ബില്യണ്‍ ഡോളറാക്കുകയാണ് സൗദിയുടെ ലക്ഷ്യം.












Click it and Unblock the Notifications