സൗദി അറേബ്യ വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നു: പ്രവാസി തൊളിലാളികള്‍ക്കും പെന്‍ഷന്‍; അറിയേണ്ടതെല്ലാം
റിയാദ്: സ്വന്തം പൗരന്മാർക്കൊപ്പം തന്നെ വിദേശ തൊഴിലാളികളേയും ഉൾപ്പെടുത്തിയുള്ള പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. പബ്ലിക് പെൻഷൻ ആൻഡ് സേവിംഗ്സ് പ്രോഗ്രാം എന്ന പേരില്‍ വാളന്ററി പെൻഷൻ-സേവിംഗ്സ് പദ്ധതിയാണ് സർക്കാർ ആരംഭിക്കുന്നത്. അതായത് പദ്ധതിയുടെ ഭാഗമാകല്‍ നിർബന്ധമുള്ള കാര്യമല്ല. താല്‍പര്യമുള്ളവർക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. ഇതിലൂടെ വലിയ ആനുകൂല്യങ്ങളും അവർക്ക് സ്വന്തമാക്കാന്‍ സാധിക്കും.
പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സർക്കാർ വൃത്തങ്ങള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കുടുംബങ്ങളുടെ സമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും വിദേശത്തേക്ക് അയക്കപ്പെടുന്ന വൻതോതിലുള്ള പണത്തില്‍ (റെമിറ്റന്‍സ്) കുറവ് വരുത്തുകയും ചെയ്യുക എന്നുള്ളതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2024-ൽ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾ 144.2 ബില്യൺ സൗദി റിയാൽ (38.4 ബില്യൺ ഡോളർ) വിദേശത്തേക്ക് അയച്ചുവെന്നാണ് കണക്ക്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 14% കൂടുതലാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ റെമിറ്റൻസുകളുടെ മൊത്തം തുക 1.43 ട്രില്യൺ റിയാലിലെത്തി എന്നുള്ളതാണ് ശ്രദ്ധേയം. ബംഗ്ലാദേശികള്‍ കഴിഞ്ഞാല്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇതില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളും.
2025-ന്റെ ആദ്യ പാദത്തിൽ, സൗദി അറേബ്യയുടെ സോഷ്യൽ ഇൻഷുറൻസ് സിസ്റ്റത്തിൽ 12.8 മില്യൺ പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 77% (ഏകദേശം 10 മില്യൺ) വിദേശ തൊഴിലാളികളാണ്. പുതിയ സേവിംഗ്സ് പദ്ധതി, വിദേശ തൊഴിലാളികൾക്ക് അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും വിദേശത്തേക്ക് അയക്കുന്നതിനുപകരം, രാജ്യത്തിനുള്ളിൽ സമ്പാദ്യവും നിക്ഷേപവും നടത്താനുള്ള അവസരം നൽകുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2024 ജൂലൈയിൽ അംഗീകരിക്കപ്പെട്ട പ്രധാന പെൻഷൻ പരിഷ്കരണങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ പദ്ധതിയും നടപ്പിലാക്കുന്നത്. ഔദ്യോഗിക വിരമിക്കൽ പ്രായം ക്രമേണ 58-ൽ നിന്ന് 65-ലേക്ക് ഉയർത്തി, : വിരമിക്കലിന് അർഹത നേടുന്നതിനുള്ള കോൺട്രിബ്യൂഷൻ കാലയളവ് 300 മാസത്തിൽ നിന്ന് 360 മാസമായി വർധിപ്പിച്ചു, 2027-ഓടെ ജീവനക്കാർക്കും തൊഴിലുടമകൾക്കും 9% ൽ നിന്ന് 11% വരെ ഘട്ടംഘട്ടമായി വർധിപ്പിക്കും, പെൻഷൻ ആനുകൂല്യങ്ങളുടെ വ്യാപ്തി കുറച്ചു തുടങ്ങിയവയായിരുന്നു കഴിഞ്ഞ വർഷം നടപ്പിലാക്കിയ പ്രധാന പരിഷ്കരണങ്ങള്‍.
സൗദി അറേബ്യ സ്വീകരിച്ച് വരുന്ന ഈ പരിഷ്കരണങ്ങൾ പെൻഷൻ സമ്പ്രദായത്തിന്റെ ദീർഘകാല സുസ്ഥിരത ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കുന്നു. പുതിയ സേവിംഗ്സ് പദ്ധതിയെ വിദേശ തൊഴിലാളികൾക്കിടയിലേക്കും വ്യാപിക്കുന്നതിനെ ഐ എം എഫും സ്വാഗതം ചെയ്യുന്നു. പുതിയ പദ്ധതി സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായും കണക്കാക്കപ്പെടുന്നു.












Click it and Unblock the Notifications