സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറയ്ക്കുന്നു: എല്ലാവർക്കുമില്ല, എന്നാല്‍ ഇന്ത്യക്ക് ആശ്വസിക്കാം
റിയാദ്: ഏഷ്യയിലെ ഇടപാടുകാർക്കുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന വില കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത മാസത്തോടെ സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഒട്ടുമിക്ക എണ്ണ ഗ്രേഡുകളുടെയും ഔദ്യോഗിക വിൽപ്പന വില കുറച്ചേക്കുമെന്നാണ് റിഫൈനിംഗ് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ ഒന്ന് മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നേക്കും.
ബാരലിന് 0.30 ഡോളറിനും 0.50 ഡോളറിനും ഇടയിൽ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിവ് തുടരുന്നതിന് ഇടയിലാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനവും വരുന്നത് എന്നതാണ് ശ്രദ്ധേയം. സൗദി അറേബ്യയുടെ തീരുമാനം ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കായിരിക്കും അനുഗ്രഹമായി മാറുക.

പരമ്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായിരുന്നു സൗദി അറേബ്യ. ഇറാഖിന് ശേഷം സ്ഥിരമായി സൗദിയായിരുന്നു രണ്ടാമത്. എന്നാല്‍ 2022 ല്‍ റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിന് പിന്നാലെ വ്യാപാര സാഹചര്യം മാറുകയായിരുന്നു. പശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും തങ്ങളുടെ ക്രൂഡ് ഓയില്‍ വ്യാപാരം റഷ്യ തിരിച്ച് വിടുകയായിരുന്നു.
വലിയ വിലക്കിഴിവില്‍ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയതോടെ സൗദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ വിഹിതം കുറഞ്ഞു. എന്നാല്‍ സമീപകാലത്ത് റഷ്യന്‍ എണ്ണക്കുള്ള വിലക്കിഴിവ് കുറഞ്ഞതോടെ തങ്ങളുടെ പഴയ വ്യാപാര പങ്കാളികളിലേക്ക് ഇന്ത്യ തിരിച്ച് പോകാനും തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ മാസത്തില്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 7 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. റഷ്യന്‍ എണ്ണക്ക് ചൈനീസ് എണ്ണ കമ്പനികളില്‍ നിന്നും വലിയ തോതിലുള്ള ഡിമാന്‍ഡാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഇടിയാന്‍ ഇത് പ്രധാന കാരണമായി. റഷ്യന്‍ എണ്ണക്കുള്ള ചൈനീസ് ഡിമാന്‍ഡും ഇനിയും തുടരും. അതോടൊപ്പം തന്നെ റഷ്യ തങ്ങളുടെ വിപണി വിപുലീകരിക്കാനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ റിഫൈനറിമാർക്ക് ഓയിലിനായി പരമ്പരാഗത വ്യാപാര പങ്കാളികളായ സൗദി അറേബ്യ, ഇറാഖ്, യു എ ഇ എന്നിവരെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.












Click it and Unblock the Notifications