വിയറ്റ്നാമും ഹലാലിലേക്ക്: എല്ലാത്തിനും കാരണം സൗദി അറേബ്യയും ഖത്തറും, ലുലുവിനും നിർണ്ണായക പങ്ക്
ഹലാല്‍ ഉത്പന്നങ്ങള്‍ കൂടുതലായി നിർമ്മിക്കാനുള്ള നീക്കവുമായി വിയറ്റ്നാം. ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടക്കമുള്ള ഹലാല്‍ വിപണിയിലേക്ക് രാജ്യത്തെ ഉത്പന്നങ്ങള്‍ കൂടുതലായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിയറ്റ്നാം സർക്കാറിന്റെ പുതിയ നീക്കം. വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ അടുത്തിടെ യു എ ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹലാല്‍ മാർക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിയറ്റ്നാം തീരുമാനിക്കുന്നത്.
ഹലാല്‍ ഉത്പന്നങ്ങള്‍ നിർമ്മിക്കുന്നതോടെ ഗള്‍ഫ് മേഖലയിലേക്ക് വലിയ തോതില്‍ കയറ്റുമതി നടത്താന്‍ വിയറ്റ്നാമിന് സാധിക്കും. ആഗോളതലത്തിൽ 2.7 ട്രില്യൺ ഡോളർ മൂല്യമാണ് ഹലാല്‍ വിപണിക്കുള്ളത്. സാമ്പത്തിക സഹകരണത്തെക്കുറിച്ചും ഹലാൽ ഭക്ഷ്യ കയറ്റുമതിയുടെ സാധ്യതകളെക്കുറിച്ചും ഗള്‍ഫ് സന്ദർശന വേളയില്‍ ഫാം മിൻ ചിൻ ചർച്ച നടത്തി. യു എ ഇയിലും സൗദി അറേബ്യയിലും സന്ദർശനം നടത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഖത്തറിലുമെത്തി.

ഖത്തറിലേക്കുള്ള വിയറ്റ്‌നാമിൻ്റെ നിലവിലെ കയറ്റുമതി കാർഷിക ഉൽപന്നങ്ങൾ, മത്സ്യബന്ധനം, വിവിധ ഭക്ഷണങ്ങൾ തുടങ്ങിയ മേഖലകളിലാണ്. ഉത്പന്നങ്ങളിലെല്ലാം ഹലാല്‍ മുദ്ര സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മുസ്ലിം മത വിശ്വാസപ്രകാരം ഹലാലിന് ഏറെ പ്രധാന്യമുണ്ട്. ഹലാല്‍ അല്ലാത്ത ഉത്പന്നങ്ങളാണെങ്കില്‍ വിശ്വാസികള്‍ ഉപയോഗിക്കാറില്ല.
ഹലാൽ യോഗ്യതയുള്ള കാർഷിക ഉൽപന്നങ്ങൾ, കന്നുകാലികൾ, സമുദ്രോത്പന്നങ്ങൾ എന്നിവ മിഡിൽ ഈസ്റ്റേൺ വിപണിയിലേക്ക് വിതരണം ചെയ്യുന്നതിന് വിയറ്റ്നാം തയ്യാറാണെന്ന് പ്രധാനമന്ത്രി ചിന്നും മിഡിൽ ഈസ്റ്റേൺ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രത്യേകം എടുത്ത് പറഞ്ഞതായി പ്രതിനിധി സംഘത്തിലെ അംഗവും കൃഷി, ഗ്രാമവികസന ഡെപ്യൂട്ടി മന്ത്രിയുമായ ഹൊവാങ് ട്രംഗും വ്യക്തമാക്കി.
ഹലാൽ വ്യവസായത്തിൽ പങ്കാളിത്തം വളർത്തുന്നതിനുള്ള നിരവധി സഹകരണ മാതൃകകളും രീതികളും പ്രധാനമന്ത്രി അവതരിപ്പിച്ചതായി ഡെപ്യൂട്ടി മന്ത്രി എടുത്തുപറഞ്ഞു. സഹകരണത്തിനുള്ള കൂടുതല്‍ അവസരങ്ങൾ തിരിച്ചറിയുന്നതിനാണ് ഈ ചർച്ചകൾ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിയറ്റ്നാമിലേക്ക് വിദഗ്ധരെ അയക്കാൻ ഗള്‍ഫ് രാഷ്ട്രങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, യു എ ഇയില്‍ എത്തിയ ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ യൂസഫലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈപ്പർമാർക്കറ്റ് ശൃംഖലയിലൂടെ മിഡിൽ ഈസ്റ്റിലെയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ഒരു പാലമായി ലുലു പ്രവർത്തിക്കുന്നുണ്ടെന്നും അത് തുടരണമെന്നും ഫാം മിന്‍ വ്യക്തമാക്കി.
വിയറ്റ്നാമില്‍ നിന്നും ലുലു ഗ്രൂപ്പ് വഴിയാരിക്കും ഉത്പന്നങ്ങള്‍ പ്രധാനമായും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് എത്തുക. വിയറ്റ്നാമിലെ പ്രവർത്തനങ്ങള്‍ ശക്തമാക്കാനും തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുന്നത് തുടരണം. അതോടൊപ്പം വിയറ്റ്നാമിൽ ഒരു ഹൈപ്പർമാർക്കറ്റ് ശൃംഖല തുറക്കുന്നതിനായി വിയറ്റ്നാമീസ് പങ്കാളികളുമായി നിക്ഷേപ സഹകരണം പരിഗണിക്കുന്നതിന് ശ്രദ്ധ നൽകണമെന്നും വിയറ്റ്നാം പ്രധാനമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications