സൗദി അറേബ്യ, ഖത്തര്‍ ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍; പാകിസ്താന്‍ ചേര്‍ന്നതില്‍ ഇസ്രായേലിന് അമര്‍ഷം
ഗാസ പുനരുദ്ധാരണം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസ് എന്ന കൂട്ടായ്മയില്‍ സൗദി അറേബ്യയ്ക്കും ഖത്തറിനും പുറമെ പാകിസ്താനും. ജിസിസിയിലെ പ്രധാന രാജ്യങ്ങളെല്ലാം സഖ്യത്തിലുണ്ട്. കൂടാതെ തുര്‍ക്കിയും അസര്‍ബൈജാനും അര്‍മേനിയയും ഇന്തോനേഷ്യയും ട്രംപിന്റെ ക്ഷണം സ്വീകരിച്ചു. ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രായേലും ബോര്‍ഡ് ഓഫ് പീസിലുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. പാകിസ്താന്റെ സാന്നിധ്യം ഇസ്രായേല്‍ സംശയത്തോടെ കാണുന്നു. പാകിസ്താന്‍ പുതിയ കൂട്ടായ്മയില്‍ അംഗമായത് ഇന്ത്യയെ പിന്നോട്ടടിപ്പിക്കാനാണ് സാധ്യത. മാത്രമല്ല, പാകിസ്താന്റെ സൗഹൃദ രാജ്യമായ തുര്‍ക്കിയും ഇതിലുണ്ട്. ഇതും ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്.

അര്‍ജന്റീന, പരാഗ്വെ, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളെല്ലാം പുതിയ കൂട്ടായ്മയിലുണ്ട്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹംഗറിയും സഖ്യത്തിലുണ്ട്. അതേസമയം, യുഎന്നിന് ബദലായ പുതിയ സഖ്യമാണോ ട്രംപ് ഉദ്ദേശിക്കുന്നത് എന്ന സംശയം ശക്തമാണ്. ഗാസയിലെ പദ്ധതി വിജയിച്ചാല്‍ മറ്റു പല കാര്യങ്ങളും പുതിയ കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് ട്രംപ് പറയുന്നു. യുഎന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രമുഖ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നു
ഫ്രാന്‍സ്, ജര്‍മനി എന്നീ യൂറോപ്പിലെ പ്രധാന ശക്തികള്‍ ബോര്‍ഡ് ഓഫ് പീസില്‍ ഇല്ല. ബ്രിട്ടനും റഷ്യയും പുതിയ കൂട്ടായ്മയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുമില്ല. ചൈനയും മുഖം തിരിച്ചുനില്‍ക്കുകയാണ്. ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും യുഎന്നിനെ മറികടന്നുള്ള നീക്കങ്ങളില്‍ താല്‍പ്പര്യമില്ലെന്ന സൂചനയാണ് ചൈന നല്‍കിയത്. യുഎന്നിനെ നോക്കുകുത്തിയാക്കി ട്രംപ് നടത്തുന്ന ഇടപെടലില്‍ ചൈനയ്ക്ക് അതൃപ്തിയുണ്ട്.
ബോര്‍ഡ് ഓഫ് പീസിന്റെ ചെയര്‍മാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരിക്കും. ചെയര്‍മാന് വലിയ അധികാരങ്ങള്‍ നല്‍കിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ചെയര്‍മാന്‍ ആയിരിക്കും. രണ്ടു വര്‍ഷത്തേക്ക് ആയിരിക്കും ബോര്‍ഡ് അംഗങ്ങളുടെ നിയമനം. ചെയര്‍മാന് അംഗങ്ങളെ പുറത്താക്കാനും അധികാരമുണ്ട്.
അതേസമയം, രാജിവയ്ക്കല്‍, പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വരിക എന്നീ കാരണങ്ങളാല്‍ മാത്രമേ ചെയര്‍മാനെ മാറ്റുകയുള്ളൂ. അമേരിക്കന്‍ പ്രസിഡന്റിന്റെ പദവി ഒഴിഞ്ഞാലും ട്രംപ് തന്നെയായിരിക്കും ബോര്‍ഡ് ഓഫ് പീസ് ചെയര്‍മാന്‍ എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു പ്രസിഡന്റിനെ അമേരിക്ക തിരഞ്ഞെടുത്താല്‍ ബോര്‍ഡ് ഓഫ് പീസില്‍ യുഎസ് പ്രതിനിധിയായി അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയാകും ചെയ്യുക.












Click it and Unblock the Notifications