ബിന്‍ലാദന്‍ ഗ്രൂപ്പ് വീണു; സൗദി അറേബ്യ ഭരണകൂടത്തിന്റെ മിന്നല്‍ നീക്കം, 86% ഓഹരിയും ഇനി സര്‍ക്കാരിന്
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് ഗ്രൂപ്പിന്റെ 86 ശതമാനം ഓഹരിയും സര്‍ക്കാര്‍ സ്വന്തമാക്കി. നേരത്തെ നല്‍കിയ കടം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഓഹരികള്‍ സര്‍ക്കാര്‍ സ്വന്തമാക്കിയതത്രെ. കമ്പനിയിലെ ഓഹരി പങ്കാളിത്തം 86.38 ശതമാനമാക്കി സൗദി ധനമന്ത്രാലയം ഉയര്‍ത്തി എന്നാണ് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഓഹരി വിലയോ മൂല്യമോ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നില്ല. ബിന്‍ ലാദന്‍ ഗ്രൂപ്പോ സൗദി സര്‍ക്കാരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല. മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി ഭരണകൂടത്തിന് 36 ശതമാനമായിരുന്നു ബിന്‍ ലാദന്‍ ഗ്രൂപ്പിലെ ഓഹരി പങ്കാളിത്തം. ഇതാണ് 50 ശതമാനം കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ പൂര്‍ണ ഉടമസ്ഥത സൗദി സര്‍ക്കാരിലേക്ക് വരുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സൗദി ദേശീയ കടം ധനവിനിയോഗ സെന്റര്‍ 2330 കോടി റിയാലിന്റെ വായ്പ ബിന്‍ ലാദന്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ ധനമന്ത്രാലയത്തിന് കൈമാറിയിരുന്നു. ക്രൂഡ് ഓയില്‍ വരുമാനത്തിന് പുറമെ ടൂറിസത്തില്‍ നിന്നുള്ള വരുമാനവും സൗദി ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണ്. ഇത് മുടങ്ങാതിരിക്കാനാണ് വായ്പ അനുവദിച്ചത്.
എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിന്‍ ലാദന്‍ ഗ്രൂപ്പിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല എന്നാണ് വിവരം. 2015ല്‍ മക്കയിലെ ക്രെയ്ന്‍ ദുരന്തത്തില്‍ 107 പേര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രധാനപ്പെട്ട സര്‍ക്കാര്‍ കരാറുകള്‍ കമ്പനിക്ക് ലഭിച്ചിരുന്നില്ല. പല കരാറുകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. ക്രൂഡ് വില കുറഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് വേണ്ടത്ര പണം ലഭിക്കാതെയായി. ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ബിന്‍ ലാദന്‍ ഗ്രൂപ്പിന്റെ വളര്‍ച്ച-വീഴ്ച
സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണ് ബിന്‍ലാദന്‍ ഗ്രൂപ്പ്. യമനില്‍ നിന്ന് സൗദിയിലെത്തിയ മുഹമ്മദ് ബിന്‍ ബിന്‍ലാദന്‍ ആണ് 1931ല്‍ ഈ കമ്പനി സ്ഥാപിച്ചത്. രാജകുടുംബവുമായുള്ള ബന്ധത്തിലൂടെയാണ് കമ്പനിയെ അദ്ദേഹം വളര്‍ത്തിയത്. സൗദി അറേബ്യയിലെ പല വമ്പന്‍ പദ്ധതികളും ബിന്‍ലാദന്‍ ഗ്രൂപ്പാണ് പൂര്‍ത്തിയാക്കിയത്
മക്ക, മദീന പള്ളികളുടെ വിപുലീകരണം നടത്തിയത് ബിന്‍ ലാദന്‍ ഗ്രൂപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറുകളില്‍ ഒന്നായ മക്ക ക്ലോക്ക് ടവര്‍ ബിന്‍ലാദന്‍ ഗ്രൂപ്പാണ് നിര്‍മിച്ചത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചതും ഇവര്‍ തന്നെ. ലോകത്തെ ഏറ്റവും വലിയ ടവര്‍ ആകുമെന്ന് പ്രതീക്ഷിക്കുന്ന ജിദ്ദ ടവറിന്റെ ആദ്യഘട്ട നിര്‍മാണത്തിലും പങ്കാളിയായി.
2017ലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി കമ്പനിയുടെ മാനേജ്മെന്റില്‍ സൗദി സര്‍ക്കാര്‍ ഇടപെടുകയും 36 ശതമാനം ഓഹരി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ കമ്പനി പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സൗദി സര്‍ക്കാര്‍. വിഷന്‍ 2030ന്റെ ഭാഗമായുള്ള വമ്പന്‍ പദ്ധതികളില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം ഉറപ്പാക്കാന്‍ മാനേജ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications