സൗദി അറേബ്യ ശരിക്കും മാറി; രാജാവിന്റെ ഉത്തരവ് തെളിവ്, അര ലക്ഷത്തോളം ഇറാനികള്‍ക്ക് സഹായം
റിയാദ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സൗദി അറേബ്യയും ഇറാനും തമ്മില്‍ വലിയ ഉടക്കായിരുന്നു. സൗദി അറേബ്യയില്‍ ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയ സംഭവമായിരുന്നു അകല്‍ച്ചയ്ക്ക് കാരണം. ഇതിനെതിരെ തെഹ്‌റാനില്‍ വന്‍ പ്രതിഷേധം നടക്കുകയും സൗദിയുടെ എംബസി ആക്രമിക്കുകയും ചെയ്തു. ഇതോടെ സൗദി എംബസി അടച്ച് നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
സൗദിയും ഇറാനും തമ്മിലുള്ള അകല്‍ച്ച ജിസിസിക്ക് മാത്രമല്ല, പശ്ചിമേഷ്യയ്ക്ക് മൊത്തം തിരിച്ചടിയാണ് എന്ന് ചൈന ഇരുരാജ്യങ്ങളെയും ബോധിപ്പിച്ചു. തര്‍ക്കങ്ങളും യുദ്ധങ്ങളും അവസാനിപ്പിച്ച് ഐക്യത്തിന്റെ പാത സ്വീകരിക്കാന്‍ ചൈന ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബന്ധം പുനഃസ്ഥാപിച്ചതും സഹകരണം ശക്തമാക്കിയതും. ഇത്തവണ ഇറാനില്‍ നിന്ന് 80000ത്തോളം പേര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയിരുന്നു.

ഹജ്ജിനെത്തിയ ഇറാനികളില്‍ ഒട്ടേറെ പേര്‍ തിരിച്ചുപോയി. എന്നാല്‍ അര ലക്ഷത്തോളം പേര്‍ ഇപ്പോഴും സൗദിയിലുണ്ട്. അവര്‍ തിരിച്ചുപോകുന്നതിന് മുമ്പ് ഉംറ നിര്‍വഹിക്കുന്നതുള്‍പ്പെടെയുള്ള ചടങ്ങുകളിലാണ്. അതിന് ശേഷം മാതൃരാജ്യത്തേക്ക് മടങ്ങാം എന്ന് കരുതിയിരക്കെയാണ് ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചത്. ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
സൗദി രാജാവിന്റെ ഉത്തരവ് ഇങ്ങനെ
തിരിച്ചുപോകാന്‍ സാധിക്കാത്ത എല്ലാ ഇറാന്‍ പൗരന്മാര്‍ക്കും താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള മുഴുവന്‍ സൗകര്യവും ഒരുക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ഉത്തരവിട്ടു. ഇതിന് വേണ്ട പ്രത്യേക പദ്ധതി തയ്യാറാക്കിയ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പ്ലാന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, രാജാവിനെ ബോധിപ്പിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കുടുങ്ങിയവര്‍ക്ക് എപ്പോള്‍ തിരിച്ചുപോകാന്‍ സാധിക്കുമെന്ന് വ്യക്തമല്ല.
ഹജ്ജ് ചെയ്യാനുള്ള വിസയില്‍ എത്തിയ ഇറാനികളാണ് സൗദിയില്‍ കുടുങ്ങിയത്. സാധാരണ ഹജ്ജ് വേള കഴിഞ്ഞാല്‍ എല്ലാ ഹാജിമാരും സൗദിയില്‍ നിന്ന് മടങ്ങണം. എന്നാല്‍ രാജാവ് പ്രത്യേക ഇളവ് അനുവദിച്ചത് ഇറാന്റെ കാര്യത്തില്‍ അസാധാരണമാണ്. ഇരുരാജ്യങ്ങളും അടുത്ത കാലത്തുണ്ടായ സൗഹൃദമാണ് ഇതില്‍ വ്യക്തമാകുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയുടെ സഹായം തേടി ട്രംപ്
മാത്രമല്ല, യുദ്ധം അവസാനിപ്പിക്കാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി ചര്‍ച്ച നടത്തി ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് സൗദി വ്യക്തമാക്കി. സൗദിക്ക് പുറമെ മറ്റു ജിസിസി രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചു.
സൗദിയുടെയും ഇറാന്റെയും നേതാക്കള്‍ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ ഇറാന്‍ സൗദിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ സൗദി അറേബ്യ ഇറാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൗദി അറേബ്യ സമാധാന ശ്രമങ്ങള്‍ കൂടി നടത്തുന്നു എന്നതാണ് എടുത്തു പറയേണ്ടത്. സമാധാന കരാര്‍ സാധ്യമാക്കാന്‍ സൗദിയുടെ സഹായം ട്രംപ് അഭ്യര്‍ഥിച്ചുവെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications