സൗദി അറേബ്യക്ക് വന്‍ നേട്ടം: 203 ശതമാനം വളർച്ച; മുക്കാല്‍ പങ്കും യുഎഇയുമായി
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരത്തില്‍ സൗദി അറേബ്യക്ക് വന്‍ നേട്ടം. ഏപ്രിൽ മാസത്തിൽ 203.2% വാർഷിക വളർച്ചാ നിരക്കാണ് വ്യാപാരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജി സി സി - സൗദി അറേബ്യ വ്യാപാര മൂല്യം 2 ബില്യൺ സൗദി റിയാലിന് മുകളിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലെ 1,158 മില്യൺ റിയാലിൽ നിന്ന് ഈ വർഷം 3511 മില്യണ്‍ റിയാല്‍ മൂല്യത്തിലേക്ക് എത്തി.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (ജിഎഎസ്‌ടിഎടി) ഏപ്രിൽ മാസത്തെ അന്താരാഷ്ട്ര വ്യാപാര ബുള്ളറ്റിന്റെ പ്രാഥമിക ഡാറ്റ പ്രകാരം, സൗദി അറേബ്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിന്റെ (റീ-എക്സ്പോർട്ട് ഉൾപ്പെടെ) മൊത്തം മൂല്യം 18,028 മില്യൺ റിയാലുമായിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം ഏപ്രിലിലെ 12,757 മില്യൺ റിയാലിൽ നിന്ന് 41.3% വാർഷിക വളർച്ചയും 5,271 മില്യൺ റിയാലിന്റെ വർധനവും കാണിക്കുന്നു.

എണ്ണ ഇതര ചരക്ക് കയറ്റുമതി (റീ-എക്സ്പോർട്ട് ഉൾപ്പെടെ) 55% വർധിച്ച് 10,770 മില്യൺ റിയാലായി. അതായത് കഴിഞ്ഞ വർഷത്തെ ഏപ്രിലിലെ 6,958 മില്യൺ റിയാലിൽ നിന്ന് 3,812 മില്യൺ റിയാലിന്റെ വർധന. ദേശീയ എണ്ണ ഇതര ചരക്ക് കയറ്റുമതിയുടെ മൂല്യം 3,031 മില്യൺ റിയാലായി, 2024 ഏപ്രിലിലെ 2,675 മില്യൺ റിയാലിൽ നിന്ന് 13.3% വാർഷിക വളർച്ചയും 356 മില്യൺ റിയാലിന്റെ വർധനയും രേഖപ്പെടുത്തിയതായും സൗദി പ്രസ് ഏജൻസി (എസ്‌പിഎ) ജിഎഎസ്‌ടിഎടി കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
റീ-എക്സ്പോർട്ടിന്റെ മൂല്യം 81% വർധിച്ച് 7,738 മില്യൺ റിയാലായി എന്നുള്ളതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ 4,282 മില്യൺ റിയാലിൽ നിന്ന് 3,456 മില്യൺ റിയാലിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2025 ഏപ്രിലിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി 7,258 മില്യൺ റിയാലായിരുന്നു. ഈ വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ 5,799 മില്യൺ റിയാലിൽ നിന്ന് 25.2% വളർച്ചയും 1,459 മില്യൺ റിയാലിന്റെ വർധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം ഡാറ്റ പ്രകാരം യു എ ഇ ആണ് സൗദി അറേബ്യയുമായുള്ള എണ്ണ ഇതര വ്യാപാരത്തിൽ 13,533 മില്യൺ റിയാലുമായി ഒന്നാം സ്ഥാനത്താണ്. ഇത് മൊത്തം വ്യാപാരത്തിന്റെ 75.1% വരും. ബഹ്റൈൻ 1,798 മില്യൺ റിയാലുമായി (10%) രണ്ടാമതും, ഒമാൻ 1,454 മില്യൺ റിയാലുമായി (8.1%) മൂന്നാമതും, കുവൈറ്റ് 819.9 മില്യൺ റിയാലുമായി (4.5%) നാലാമതും, ഖത്തർ 422.1 മില്യൺ റിയാലുമായി (2.3%) അഞ്ചാമതുമാണ്.












Click it and Unblock the Notifications