സൗദി അറേബ്യ വാറ്റ് തിരിച്ചുതരും; ഇതാണ് ചെയ്യേണ്ടത്, ഇളവിന് കൃത്യമായ ലക്ഷ്യം, സന്ദര്‍ശകര്‍ക്ക് നേട്ടം
റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന വിദേശികളായ ടൂറിസ്റ്റുകള്‍ക്ക് 15 ശതമാനം വാറ്റ് തിരിച്ചുകിട്ടും. സൗദിയില്‍ താമസിക്കുന്ന കാലയളവില്‍ വാങ്ങിയ വസ്തുക്കള്‍ക്കുള്ള വാറ്റ് ആണ് തിരിച്ചുകിട്ടുക. സേവനങ്ങള്‍ക്കുള്ള നികുതി തിരിച്ചുകിട്ടില്ല. 500 റിയാലിന് മുകളിലുള്ള തുകയ്ക്ക് ഷോപ്പിങ് നടത്തുമ്പോഴാണ് ഇളവ്. എന്താണ് ഈ ഇളവിന് കാരണം എന്നറിയാമോ.
സൗദി അറേബ്യ കൃത്യമായ ആസൂത്രണം നടത്തിയാണ് വാറ്റ് റീഫണ്ട് തീരുമാനത്തില്‍ എത്തിയത്. കഴിഞ്ഞ ഏപ്രില്‍ 18നാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. വിദേശ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇളവ് ലഭിക്കും. എന്താണ് ഇതിന് മാനദണ്ഡം, എന്തൊക്കെ ചെയ്യണം എന്നിവ അറിയാം...

മൂല്യ വര്‍ധിത നികുതി (വാറ്റ്) ആയി ഈടാക്കുന്ന 15 ശതമാനം തുകയും തിരിച്ചു കിട്ടുന്നത് വിദേശ ടൂറിസ്റ്റുകള്‍ക്ക് നേട്ടമാണ്. 500 സൗദി റിയാലിന് മുകളിലുള്ള ഷോപ്പിങ് നടത്തുന്നവര്‍ക്കാണ് വാറ്റ് റീഫണ്ടിങ്. സൗദി സക്കാത്ത് ടാക്‌സ് കസ്റ്റംസ് അതോറിറ്റി ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഇളവ്.
താമസം, ഭക്ഷണം, വാഹനം, ബോട്ട്, വിമാനം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വാറ്റ് തിരിച്ചുകിട്ടില്ല. സക്കാത്ത് അതോറിറ്റി അംഗീകരിച്ച ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ സൗദി അറേബ്യയില്‍ 1442 ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ഇത്തരത്തിലുണ്ട്.
90 ദിവസത്തിനകം അപേക്ഷിക്കണം
സാധനങ്ങള്‍ വാങ്ങുന്ന സമയം വാറ്റ് റീഫണ്ട് ചെയ്യുമെന്ന് ഷോപ്പ് ഉടമയെ അറിയിക്കണം. പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. വാറ്റ് ഇളവിനുള്ള അപേക്ഷ ഫോറം വാങ്ങേണ്ടതുണ്ട്. വാറ്റ് തുക കാണിക്കുന്ന ബില്ല് ആവശ്യമാണ്. വാങ്ങിയ വസ്തു ഉപയോഗിക്കാന്‍ പാടില്ല. വ്യക്തി ആവശ്യങ്ങള്‍ക്കുള്ള വസ്തു ആയിരിക്കണം. സാധനം വാങ്ങി 90 ദിവസത്തിനകം റീഫണ്ടിന് അപേക്ഷിക്കണം.
സക്കാത്ത് അതോറിറ്റി അംഗീകരിച്ച കടയില്‍ നിന്നാണ് സാധനം വാങ്ങുന്നത് എന്ന് ഉറപ്പാക്കണം. കടകളില്‍ വാറ്റ് റീഫണ്ട് ലഭ്യമാണ് എന്ന് പ്രദര്‍ശിപ്പിച്ചിരിക്കും. സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് കടയിലുള്ള ജീവനക്കാരോട് ചോദിച്ച് ഉറപ്പ് വരുത്തുകയും ചെയ്യാം. ഗ്ലോബല്‍ ബ്ലൂ വെബ്‌സൈറ്റില്‍ പരിശോധിക്കുകയോ അവരുടെ ആപ്പ് നോക്കി ഉറപ്പാക്കുകയോ ചെയ്യാം.
സൗദി അറേബ്യയിലെ 3 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വാറ്റ് റീഫണ്ടിനുള്ള 18 സ്ഥലങ്ങളുണ്ട്. റിയാദില്‍ 10 സ്ഥലങ്ങളും ജിദ്ദയില്‍ 4 കൗണ്ടറുകളും ദമ്മാമില്‍ നാല് കൗണ്ടറുകളുമാണുള്ളത്. ഒരാളുടെ കാഷ് റീഫണ്ടിന്റെ പ്രതിദിന പരിധി 5000 സൗദി റിയാല്‍ ആണ്. അതേസമയം, കാര്‍ഡ് വഴിയുള്ള റീഫണ്ടിന് പരിധിയില്ല. 90 ദിവസം കഴിഞ്ഞാല്‍ വാറ്റ് റീഫണ്ട് കിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.












Click it and Unblock the Notifications