സൗദി അറേബ്യ വിസകള്‍ പുനരാരംഭിച്ചു; ഷെങ്കണ്‍ വിസക്കാര്‍ക്ക് ഇളവ്, വിസ ഫീസ് തിരിച്ചുകിട്ടില്ല
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന പ്രഖ്യാപനം വന്നു. ഇ-വിസ പുനരാരംഭിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതോടൊപ്പം ഉംറ വിസകളും അനുവദിക്കാന്‍ തുടങ്ങി. ഹജ്ജ് വേളയില്‍ നിര്‍ത്തിവച്ച വിസകളാണ് ഇതെല്ലാം. ഇ-വിസ ആരംഭിച്ചത് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യമായി. ജൂണ്‍ 11 മുതല്‍ ടൂറിസ്റ്റ്, ഉംറ വിസകള്‍ അനുവദിക്കുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിസകള്‍ കൈവശമുള്ളവര്‍ക്ക് പ്രത്യേക ഇളവും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് സൗദിയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കും. സൗദിയില്‍ കുറച്ചു ദിവസം തങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ നടപടി. എക്‌സിറ്റ്-റീ എന്‍ട്രി വിസ സംബന്ധിച്ചും പുതിയ നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ അറിയാം...

യൂറോപ്പിലെ 19 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെങ്കണ്‍ വിസ, ബ്രിട്ടനിലെ വിസിറ്റ് വിസ, അമേരിക്കയിലെ വിസിറ്റ് വിസ എന്നിവ കൈവശമുള്ളവര്‍ക്കാണ് സൗദി അറേബ്യ വിസ ഓണ്‍ അറൈവല്‍ അനുവദിക്കുക. ഇവര്‍ക്ക് സൗദിയില്‍ ഇറങ്ങി നിശ്ചിത സമയം താമസിക്കാം. സുപ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം. അതുവഴി കൂടുതല്‍ പേര്‍ രാജ്യത്തേക്ക് വരുമെന്നാണ് സൗദിയുടെ പ്രതീക്ഷ.
സൗദി അറേബ്യയില്‍ ഒട്ടേറെ പരിപാടികള്‍ നടക്കാന്‍ പോകുകയാണ്. ഇസ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് റിയാദിലാണ് നടക്കുക. കൂടാതെ നിരവധി സാംസ്‌കാരിക പരിപാടികളും നടക്കും. അതുകൊണ്ടുതന്നെ പുതിയ വിസ ഇളവുകള്‍ അനുവദിച്ചതും വിസ പുനസ്ഥാപിച്ചതും നേട്ടമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും നിരവധി പേര്‍ എത്തുമെന്നാണ് കരുതുന്നത്.
ഉംറ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അറിയാന്‍
ഹജ്ജ് കര്‍മം പൂര്‍ത്തിയാകുകയും ഹാജിമാര്‍ മടങ്ങുകയും ചെയ്തിരിക്കെ, ഉംറ വിസയും സൗദി പുനരാരംഭിച്ചു. ഇത്തവണ 150 രാജ്യങ്ങളില്‍ നിന്നായി ഹജ്ജിന് 16 ലക്ഷത്തിലധികം പേരാണ് സൗദിയില്‍ എത്തിയത്. ഇവരെ സ്വീകരിക്കുന്നതിന് മറ്റു വിസകള്‍ സൗദി നിര്‍ത്തിയിരുന്നു. എല്ലാ വര്‍ഷവും ഇതേ രീതിയാണ് തുടര്‍ന്നുപോരുന്നത്. ഇനി ഉംറ വിസകളില്‍ വിദേശികള്‍ക്ക് സൗദിയില്‍ എത്താന്‍ സാധിക്കും.
ഉംറ തീര്‍ഥാടകര്‍ക്ക് ഹോട്ടല്‍ സൗകര്യം ഉറപ്പാക്കിയാല്‍ മാത്രമേ വിസ അനുവദിക്കൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടിയിട്ടുള്ള ഹോട്ടല്‍ വേണം ബുക്ക് ചെയ്യാന്‍. വിസ അനുവദിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ നുസുക് ആപ്പ് വഴി ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് യാതൊരു തടസങ്ങളും സൗദിയില്‍ നേരിടേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് നിബന്ധന.
വിസ ഫീസ് തിരിച്ചുകിട്ടില്ല
എക്‌സിറ്റ്-റീ എന്‍ട്രി വിസ ക്യാന്‍സല്‍ ചെയ്താല്‍ ഫീസ് റീഫണ്ട് ചെയ്യില്ല എന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ പലകോണില്‍ നിന്ന് ഉയര്‍ന്നപ്പോഴാണ് വ്യക്തത നല്‍കിയത്. സിംഗിള്‍ എക്‌സിറ്റ്, റീ എന്‍ട്രി വിസയുടെ ഫീസ് 200 റിയാലല്‍ ആണ്. രണ്ട് മാസമാണ് ഇതിന്റെ കാലാവധി. പിന്നീടുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം അടയ്ക്കണം.
മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്, റീ എന്‍ട്രി വിസയുടെ ഫീസ് 500 റിയാലാണ്. ഇതിന്റെ കാലാവധി മൂന്നുമാസവും. കൂടുതല്‍ മാസങ്ങള്‍ വേണം എങ്കില്‍ 200 റിയാല്‍ അധികം അടയ്ക്കണം. വിദേശത്തുള്ളവര്‍ക്ക് വിസ കാലാവധി നീട്ടണം എന്നുണ്ടെങ്കില്‍ 200 റിയാല്‍ ഫീസ് അടച്ച് അപേക്ഷ നല്‍കാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കാലാവധി നീട്ടാന്‍ 400 റിയാലാണ് ഫീസ്.












Click it and Unblock the Notifications