സൗദി അറേബ്യ ലക്ഷ്യം മാറ്റുന്നു, ധീരമായ തീരുമാനത്തിലേക്ക്: റഷ്യ പാപ്പരാകുമോ? ഇന്ത്യക്ക് ആശ്വാസം
ഉക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി പ്രവർത്തിക്കുന്നത് അവരുടെ ക്രൂഡ് ഓയില്‍ വ്യാപാരമാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക അടങ്ങുന്ന പശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് കഴിഞ്ഞ രണ്ടര വർഷമായി വിലക്ക് ഏർപ്പെടുത്തിയരിക്കുന്നത്.
പശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ ഉള്‍പ്പെടേയുള്ള പുതിയ വിപണികള്‍ കണ്ടെത്തി തങ്ങളുടെ വ്യാപാരം കൂടുതല്‍ ശക്തമാക്കുകയാണ് റഷ്യ ചെയ്തത്. തുടക്കത്തില്‍ വിലയില്‍ വലിയ ഇളവുകള്‍ ഓഫർ ചെയ്തുകൊണ്ടായിരുന്നു റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയിരുന്നത്. ഇതോടെ കഴിഞ്ഞ രണ്ടര വർഷമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളിയായും റഷ്യ മാറി.

ക്രൂഡ് ഓയില്‍ വ്യാപാരത്തിലൂടെ വലിയ വരുമാനം റഷ്യ ഇപ്പോഴും ഉണ്ടാകുന്നത് തുടരുന്നുണ്ടെങ്കിലും സൗദി അറേബ്യയുടെ ധീരമായ ഒരു തീരുമാനം അതിനെ തകർത്തേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ക്രൂഡ് ഓയിലിൻ്റെ ബാരലിന് 100 ഡോളർ എന്ന ഒരു ലക്ഷ്യം സൗദി അറേബ്യ കുറച്ചുകാലമായി അനൗദ്യോഗികമായി മുന്നോട്ട് വെക്കുന്നുണ്ട്.ഇതിനായി വിതരണം കുറയ്ക്കുന്നത് അടക്കമുള്ള പദ്ധതികളും അവർ പയറ്റുന്നു.
എന്നാല്‍ വിപണി വിഹിതം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബാരലിന് 100 ഡോളർ എന്ന ലക്ഷ്യം സൗദി അറേബ്യ ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. സൗദി അറേബ്യയുടെ ഈ നീക്കം ഏറ്റവും അധികം ബാധിക്കുക റഷ്യയെ ആയിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ തിരിച്ചടിയായിരിക്കുമെന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഗവേഷകനായ ലൂക്ക് കൂപ്പറിനെ ഉദ്ധരിച്ച് ഐ പി എസ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയ്ക്കും നീക്കം ആഘാതം ഏല്‍പ്പിക്കുമെങ്കിലും അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി റഷ്യന്‍ സമ്പദ് വ്യവസ്ഥ ക്രൂഡ് ഓയില്‍ വ്യാപാരത്തെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സൗദി അറേബ്യ വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിക്കുകയാണെങ്കില്‍ സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില വീണ്ടും വലിയ തോതില്‍ കുറയും. ഇന്ത്യ ഉള്‍പ്പെടേയുള്ള എണ്ണ ഉപഭോഗ രാജ്യങ്ങള്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. റഷ്യയുടെ കടന്ന് വരവോടെ വലിയ രീതിയില്‍ ഇടിഞ്ഞ ഇന്ത്യയുടെ സൗദി അറേബ്യന്‍ വിഹിതം വർധിക്കാനുള്ള സാഹചര്യവും ഉണ്ടായേക്കും. എന്നാല്‍ മറുവശത്ത് റഷ്യക്ക് ഉക്രൈനില്‍ ചിലവഴിക്കുന്ന തുകയില്‍ അടക്കം പ്രതിസന്ധികള്‍ നേരിടേണ്ടി വരും.
അറബ് രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യക്ക് ക്രൂഡ് ഓയില്‍ ഉത്പാദനത്തിനും കൂടുതല്‍ തുക ചിലവഴിക്കേണ്ടതുണ്ട്. അതായത് സൗദി അറേബ്യയുടെയും ഇറാൻ്റെയും എണ്ണ കിണറുകൾ ഉപരിതലത്തോട് ഏറെ ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ റഷ്യയുടെ കിണറുകള്‍ സ്ഥിതി ചെയ്യുന്നതാകട്ടെ വളരെ ആഴത്തിലും. ഇത് കാരണം അവരുടെ ഉൽപാദനച്ചെലവ് ഉയർന്ന് നില്‍ക്കുന്നു. ക്രൂഡ് ഓയില്‍ വില കുറയുകയാണെങ്കില്‍ അത് റഷ്യയുടെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് ചുരുക്കം.
അതേസമയം, റഷ്യക്കുമേല്‍ ഏർപ്പെടുത്തിയ ഉപരോധം റഷ്യയേക്കാള്‍ വലിയ തിരിച്ചടിയായി മാറിയത് ഉപരോധം ഏർപ്പെടുത്തിയ ചില രാജ്യങ്ങള്‍ക്കാണ്. ഉദാഹരണത്തിന് വിലകുറഞ്ഞ റഷ്യൻ ഇന്ധനത്തെ ദീർഘകാലമായി ആശ്രയിക്കുന്ന രാജ്യമായിരുന്നു ജർമ്മനി. ഉപരോധത്തിന്റെ ഭാഗമായതോടെ ഇവർക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും വിലകൂടിയ ഏണ്ണ ഇറക്കുമതി ചെയ്യേണ്ടി വന്നു.












Click it and Unblock the Notifications