സൗദി അറേബ്യയുടെ റിയാദ് എയര്‍ ഇന്ത്യന്‍ സര്‍വീസ് ആരംഭിക്കുന്നു; ബുക്കിങ് തുടങ്ങി, നിരക്ക് കുറയുമോ
റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നു. യൂറോപ്പ്, ജിസിസി സര്‍വീസുകള്‍ അടുത്തിടെ റിയാദ് എയര്‍ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് നാലിന് ഇന്ത്യയിലേക്കുള്ള സര്‍വീസിന് തുടക്കമിടുകയാണ്. റിയാദില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും ആദ്യ സര്‍വീസ്. റിയാദ് എയറിന്റെ പത്താമത് യാത്രാ കേന്ദ്രമാകും മുംബൈ.
മുംബൈ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 787-9 ഡ്രീംലൈനര്‍ വിമാനമാണ് മുംബൈയിലേക്ക് സര്‍വീസ് നടത്തുക. 2030 ആകുമ്പോഴേക്കും ലോകത്തെ 100 വിമാനത്താവളങ്ങളെ റിയാദുമായി ബന്ധിപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. റിയാദ് എയറിന്റെ വരവ് ജിസിസിയിലെ പ്രധാന വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയ്ക്ക് ഭീഷണിയാണ്.

റിയാദില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.05ന് ആയിരിക്കും റിയാദ് എയര്‍ പുറപ്പെടുക. രാത്രി 8.35ന് മുംബൈയില്‍ എത്തിച്ചേരും. രാത്രി 10.05ന് മുംബൈയില്‍ നിന്ന് മടങ്ങി പ്രാദേശിക സമയം 11.50ന് റിയാദില്‍ എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സൗദിയ എന്ന വിമാനക്കമ്പനി നേരത്തെ സൗദിക്കുണ്ട്. ഇതിന് പുറമെയാണ് റിയാദ് എയര്‍. ഇന്ത്യയിലേക്കുള്ള അടുത്ത സര്‍വീസ് ഡല്‍ഹിയിലേക്ക് ആയിരിക്കും. ശേഷമാകും കൊച്ചി ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍.
സൗദി അറേബ്യയുടെ സോവറിങ് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് റിയാദ് എയറിന്റെ ഉടമസ്ഥര്‍. ഇത്തിഹാദിനെ നേരത്തെ നയിച്ചിരുന്ന ടോണി ഡോഗ്ലസ് ആണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ റിയാദ് എയര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വിമാനം കൂടി എത്തുന്നതോടെ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കുറയുമെന്ന് പറയാന്‍ വയ്യ. എങ്കിലും തടസമില്ലാതെ യാത്ര സാധ്യമാകും.
റിയാദ് എയര്‍ വിമാന കമ്പനിയെ കുറിച്ച് അറിയാം
ജൂണിലാണ് റിയാദ് എയര്‍ സജീവമായത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് കമ്പനിയുടെ കേന്ദ്രം. ലണ്ടന്‍, ജിദ്ദ, ദുബായ്, കെയ്റോ, മാഡ്രിഡ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ഇനി യൂറോപ്പിലേക്ക് കൂടുതല്‍ സര്‍വീസിന് ഒരുങ്ങുകയാണ് റിയാദ് എയര്‍. അത്യാധുനിക സാങ്കേതികവിദ്യയുള്ള വലിയ വിമാനങ്ങളാണ് റിയാദ് എയര്‍ ഉപയോഗിക്കുന്നത്.
ഇടത്തരം സര്‍വീസുകള്‍ക്കായി 60 എയര്‍ബസ് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ പ്രമുഖ ഗള്‍ഫ് വിമാനക്കമ്പനികളോട് മത്സരിക്കാന്‍ ശേഷിയുള്ള ആഡംബരവും പ്രീമിയം സേവനങ്ങളുമാണ് റിയാദ് എയറില്‍. ബിസിനസ് എലൈറ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാല് തരം ക്ലാസുകള്‍ ഡ്രീംലൈനര്‍ വിമാനങ്ങളിലുണ്ട്.















Click it and Unblock the Notifications