ഓറഞ്ച് ലൈന്‍ രാത്രി 12 മണി വരെ റെഡി; ചരിത്രം കുറിച്ച് സൗദി അറേബ്യ... 176 കിലോമീറ്ററില്‍ റിയാദ് മെട്രോ
റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മെട്രോ സര്‍വീസ് ആയ റിയാദ് മെട്രോയുടെ ആറ് ലൈനും യാത്രയ്ക്ക് സജ്ജം. ഡ്രൈവറില്ലാതെ ലോകത്ത് ഏറ്റവും ദൂരം സര്‍വീസ് നടത്തുന്ന മെട്രോ കൂടിയാണിത്. റെക്കോര്‍ഡുകള്‍ ഒട്ടേറെയുള്ള റിയാദ് മെട്രോയിലൂടെ യാത്ര ചെയ്യാന്‍ നിരവധി പേരാണ് എത്തുന്നത്. ആറാമത്തെ പാതയായ ഓറഞ്ച് ലൈനില്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു.
എത്ര മണി മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും, എത്ര നേരം വരെ സര്‍വീസ് ഉണ്ടാകും, ടിക്കറ്റ് എടുക്കേണ്ടത് എങ്ങനെ, യാത്രാ നിരക്ക് എങ്ങനെ അറിയാം, ഏതൊക്കെ നിറത്തിലാണ് പാത തിരിച്ചിട്ടുള്ളത്, എത്ര ദൂരത്തിലാണ് മെട്രോ സര്‍വീസ്, എത്ര സ്‌റ്റേഷനുകളുണ്ട് തുടങ്ങി രസകരമായ നിരവധി കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു...

റിയാദ് മെട്രോയുടെ ആറ് പാതകളാണ് ഇതോടെ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. നേരത്തെ അഞ്ച് പാതകളില്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഓറഞ്ച് പാത ഞായറാഴ്ച ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) അറിയിച്ചിരുന്നു. മെട്രോയുടെ മൂന്നാമത്തെ പാതയാണ് മദീന റോഡ് ഉള്‍പ്പെടുന്ന ഓറഞ്ച് ലൈന്‍.
റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് നഗര ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ജിദ്ദ റോഡ്, ഖശ്മുല്‍ ആന്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം തൊടുന്ന 41 കിലോമീറ്ററിലാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്ത സൗദി അറേബ്യന്‍ തലസ്ഥാനത്തെ മെട്രോയുടെ ആറ് പാതകളും പ്രവര്‍ത്തന സജ്ജമായതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ പാതയായ ബ്ലൂ ലൈന്‍, നാലാം പാതയായ യെല്ലോ ലൈന്‍, ആറാം പാതയായ പര്‍പ്പിള്‍ ലൈന്‍ എന്നിവ ഡിസംബര്‍ ഒന്നിനാണ് സജ്ജമായത്. രണ്ടാം പാതയായ റെഡ് ലൈന്‍, അഞ്ചാം പാതയായ ഗ്രീന്‍ ലൈന്‍ എന്നിവ ഡിസംബര്‍ 15നും സജ്ജമായി. മൂന്നാം പാതയായ ഓറഞ്ച് ലൈന്‍ ഇന്ന് മുതലും. ഇതോടൊപ്പം ബ്ലൂന്‍ ലൈനില്‍ അല്‍ മുറൂജ് സ്റ്റേഷന്‍, ബാങ്ക് അല്‍ ബിലാദ് സ്റ്റേഷന്‍, കിങ് ഫഹദ് ലൈബ്രറി സ്റ്റേഷന്‍ എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്തു.
വിശാലമായ റിയാദ് നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും വേഗത്തില്‍ എത്താന്‍ ഇപ്പോള്‍ സാധിക്കും. ഗതാഗത കുരുക്ക് കുറയാനും ഇത് സഹായകമാകും. രാവിലെ ആറ് മുതല്‍ രാത്രി 12 മണി വരെയാണ് റിയാദ് മെട്രോ സര്‍വീസ് നടത്തുക. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മെട്രോയായ റിയാദ് മെട്രോയ്ക്ക് നാല് പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്റ്റേഷനുകളാണുള്ളത്. 176 കിലോമീറ്ററിലുള്ള മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഭാവിയില്‍ നീട്ടിയേക്കും.
ദാര്‍ബ് ആപ്പ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ആപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ടിക്കറ്റ് ഓഫീസുകള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നുകൂടി ടിക്കറ്റ് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം. 19933 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വെബ്‌സൈറ്റിലും വിവരങ്ങളുണ്ട്.












Click it and Unblock the Notifications