സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂതികള്‍; റിയാദിലെ കൂറ്റന്‍ കെട്ടിടം ആക്രമിച്ചു, ലക്ഷ്യം പിഐഎഫ് ആസ്ഥാനം
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കൂറ്റന്‍ കെട്ടിടം ആക്രമിച്ച് യമനിലെ ഹൂതികള്‍. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി (പിഐഎഫ്) ന്റെ ആസ്ഥാനം ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. ആക്രമണം സൗദി അറേബ്യ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ പ്രതാപത്തിന്റെ പ്രതീകമായ മന്ദിരങ്ങള്‍ വരെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ യുദ്ധം ശക്തമാകുമെന്നാണ് കരുതുന്നത്.
റിയാദിലെ സാമ്പത്തിക മേഖലയിലുള്ള കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു എന്ന് സൗദി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. നിരവധി നിലകളില്‍ കേടുകളുണ്ട്. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് മാപ്പില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലുള്ള പിഐഎഫ് ടവര്‍ 80 നിലകളുള്ളതാണ്. ഈ കെട്ടിടം ആക്രമിച്ചു എന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി തലസ്ഥാനത്തെ ഏറ്റവും വലിയ കെട്ടിടമായ ഇതിന് 385 മീറ്റര്‍ നീളമുണ്ട്. വിദേശരാജ്യങ്ങളില്‍ സൗദി അറേബ്യ നിക്ഷേപം നടത്തുന്നത് പിഐഎഫ് വഴിയാണ്. ഈ കമ്പനിയുടെ ആസ്ഥാനമാണ് ഹൂതികള്‍ ലക്ഷ്യമിട്ടതെന്നും പറയപ്പെടുന്നു.
സൗദി അറേബ്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. 2021ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ കെട്ടിടം റിയാദിന്റെ പ്രൗഢിയുടെ പ്രതീകം കൂടിയാണ്. മക്ക റോയല്‍ ക്ലോക്ക് ടവര്‍ ആണ് സൗദിയിലെ ഏറ്റവും വലിയ കെട്ടിടം. 601 മീറ്റര്‍ ഉയരമാണ് മക്കയിലെ ക്ലോക്ക് ടവറിന്. ലോകത്തെ ഏറ്റവും വലിയ ടവര്‍ ജിദ്ദയില്‍ നിര്‍മാണത്തിലാണ്. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം സൂചിപ്പിക്കുന്നത്.
പിഐഎഫ് ടവറിലെ എട്ട് നിലകളിലെ ജനലുകളും മറ്റും തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ കവാടം അടച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. അടിയന്തര സേവനത്തിന് ആംബുലന്‍സുകളും മറ്റും എത്തി. മേഖലയില്‍ രണ്ടാഴ്ച്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബര്‍ എട്ടിനുണ്ടായ ആക്രമണത്തില്‍ റിയാദിലെ അരാംകോ കെട്ടിടമാണ് ഹൂതികള്‍ ലക്ഷ്യമിട്ടിരുന്നത്.
സൗദി അറേബ്യയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. യമനില്‍ സൗദി നടത്തുന്ന അക്രമങ്ങള്‍ക്ക് തിരിച്ചടി എന്നാണ് ഹൂതികളുടെ വാദം. നേരത്തെ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഇറാന്‍ പിന്തുണയ്ക്കുന്ന വിഭാഗമാണ് യമനിലെ ഹൂതികള്‍. സൗദിയും ഹൂതികളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഇറാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നില്ല. യമനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഹൂതികള്‍ നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.





Click it and Unblock the Notifications
