സൗദിക്കാർ 'മുണ്ട് മുറുക്കി ഉടുക്കുന്നു': രാജ്യം പുരോഗതിയിലേക്കെങ്കിലും ജനം ചിലവ് കുറയ്ക്കുന്നു
സൗദി അറേബ്യ വലിയ തോതിലുള്ള സാമ്പത്തിക പരിവർത്തനത്തിന് വിധേയമാകുമ്പോൾതന്നെ രാജ്യത്തെ ആളുകള്‍ ചിലവുകള്‍ വലിയ തോതില്‍ കുറയ്ക്കുന്നതായി റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾ സാധനങ്ങളുടേയും സേവനങ്ങളുടേയും വിലയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നുണ്ടെന്നാണ് ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ഒലിവർ വൈമാന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2024 ഡിസംബറിൽ 3,500 സൗദി ഉപഭോക്താക്കളിൽ നിന്ന് ശേഖരിച്ച സർവേ അടിസ്ഥാനമാക്കിയാണ് 'സൗദി അറേബ്യയിലെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ചെലവ് ശീലങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ(Insights into the Evolving Spending Habits of Consumers in Saudi Arabia)' എന്ന തലക്കെട്ടില്‍ ഒലിവർ വൈമാന്‍ തങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

56% ഉപഭോക്താക്കളും സൗദി അറേബ്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, 44% പേർ നിഷ്പക്ഷരോ നിരാശാവാദികളോ ആണ് എന്നതാണ് ശ്രദ്ധേയം. പ്രത്യേകിച്ച് 18-29 വയസ് പ്രായമുള്ള യുവജനങ്ങളിൽ 49% മാത്രമാണ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഇത് മൊത്തം ശരാശരിയെക്കാൾ കുറവുമാണ്.
റിപ്പോർട്ട് പ്രകാരം അവശ്യേതര വിഭാഗങ്ങളിൽ ചെലവ് കുറയ്ക്കലും വലിയ തോതിലാണ്. ഡൈനിംഗ് (39%), വിനോദം (38%), വീട്ടുപകരണങ്ങൾ (38%), ഇലക്ട്രോണിക്സ് (37%) എന്നിവയിലെ ചെലവാണ് ആളുകള്‍ പ്രധാനമായും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. 48% ഉപഭോക്താക്കൾ വിലകള്‍ താരതമ്യം ചെയ്ത് വിലക്കുറവുള്ള സാധനങ്ങളും സേവനങ്ങളുമാണ് സ്വീകരിക്കുന്നത്. 47% ആളുകളും വലിയ പർച്ചേഴ്സുകള്‍ക്കായി പ്രമോഷനുകളും ഓഫറകളും തേടുമ്പോള്‍ 46% കുറഞ്ഞ വിലയുള്ള റീട്ടെയ്‌ലർമാരെ തിരഞ്ഞെടുക്കുന്നു.
പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ ഗ്രോസറി വിഭാഗങ്ങളിൽ 15% ഉപഭോക്താക്കൾ മാത്രമാണ് ബ്രാൻഡ് മാറ്റാൻ തയ്യാറുള്ളത്. അതായത് സ്ഥിരമായ വാങ്ങുന്ന സ്റ്റോറുകളില്‍ നിന്നാണ് അധികം ആളുകളും പഴവും പച്ചകറികളും വാങ്ങുന്നത്. എന്നാൽ, ഡൈനിംഗ് (31%), ഇലക്ട്രോണിക്സ്, വിനോദം (30%) എന്നിവയിൽ വിലകുറഞ്ഞ മറ്റ് ബ്രാന്‍ഡുകളിലേക്ക മാറാൻ ഉപഭോക്താക്കൾ തയ്യാറാണ്.
ഗ്രോസറി ഷോപ്പിംഗിന് ഫിസിക്കൽ സ്റ്റോറുകൾ പ്രധാനമായി തുടരുമ്പോൾതന്നെ ഇലക്ട്രോണിക്സ്, ഫാഷൻ, വിനോദം എന്നിവയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് മുന്നിട്ടുനിൽക്കുന്നത്. 43% ഓൺലൈൻ ഷോപ്പർമാർ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് കൂടുതലായും വാങ്ങിക്കുന്നത്. വിനോദ മേഖലയിലേയും ചെലവുകള്‍ ആളുകള്‍ വലിയ തോതില്‍ കുറച്ച് കൊണ്ടുവരുന്നുണ്ട്.
അതേസമയം, സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ 2025-ന്റെ ഒന്നാം പാദത്തിൽ 2.7% വളർച്ച കൈവരിച്ചുവെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) കഴിഞ്ഞ മാസം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണേതര മേഖലയിലെ ശക്തമായ പ്രവർത്തനങ്ങളും സർക്കാർ പ്രവർത്തനങ്ങളുടെ വർധനവുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. വിഷൻ 2030-ന്റെ ഭാഗമായി എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വൈവിധ്യവൽക്കരണത്തിനുള്ള സൗദിയുടെ ശ്രമങ്ങൾ ഈ വളർച്ചയിൽ വ്യക്തമാണ്.
025-ന്റെ ഒന്നാം പാദത്തിൽ, 2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് യഥാർത്ഥ ജിഡിപി 2.7% വർധിച്ചു. ക്വാർട്ടർ-ഓൺ-ക്വാർട്ടർ അടിസ്ഥാനത്തിൽ, ജിഡിപി 0.9% വളർച്ച രേഖപ്പെടുത്തി, ഇത് 2024-ന്റെ നാലാം പാദത്തിലെ 0.8% വളർച്ചയെ മറികടക്കുന്നതുമാണ്. എണ്ണേതര പ്രവർത്തനങ്ങൾ 4.2% വളർച്ച കൈവരിച്ചതാണ് പ്രധാന നേട്ടം. പ്രത്യേകിച്ച് നിർമ്മാണം (61%), മൊത്ത-ചില്ലറ വ്യാപാരം, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ (29.8%), ഗതാഗതം, സംഭരണം, ആശയവിനിമയം (25.6%) എന്നീ മേഖലകളിൽ. സർക്കാർ പ്രവർത്തനങ്ങൾ 3.2% വളർച്ച രേഖപ്പെടുത്തി. ഒന്നാം പാദത്തിൽ എണ്ണവില താരതമ്യേന സ്ഥിരത കൈവരിച്ചതും ഈ വളർച്ചയെ പിന്തുണച്ചു.












Click it and Unblock the Notifications