സൗദി അറേബ്യയുടെ മൊത്തം ആസ്തി പിന്നില്‍ നില്‍ക്കും, ഈ ഇന്ത്യന്‍ ധനികർക്ക് പിന്നില്‍: കണക്കുകള്‍ പുറത്ത്
ലോകത്തെ ഏറ്റവും ധനികരായ ആളുകളുടെ പട്ടിക ഹുറൂണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റ് അടുത്തിടെ പുറത്തുവിട്ടപ്പോള്‍ ആ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചത് 284 ശതകോടീശ്വരന്മാരാണ്. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ 13 പേർ ഇത്തവണ പട്ടികയില്‍ അധികമായി ഇടംപിടിച്ചു. നിലവില്‍ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 98 ലക്ഷം കോടി രൂപയാണെന്നും ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി പരിശോധിക്കുകയാണെങ്കില്‍ അത് സൗദി അറേബ്യയുടെ മുഴുവൻ സമ്പദ്‌വ്യവസ്ഥയേക്കാള്‍ കുടൂതലും ഇന്ത്യയുടെ ജി ഡി പിയുടെ മൂന്നിലൊന്നും വരും. ഏകദേശം 91.35 ലക്ഷം കോടി രൂപ (1067582.93 മില്യൺ ഡോളർ) യാണ് സൗദി അറേബ്യയുടെ ജി ഡി പിയെന്നാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ശതകോടീശ്വന്മാരുടെ ആകെ സമ്പത്തില്‍ കഴിഞ്ഞ വർഷത്തില്‍ 10 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. 'ഇന്ത്യൻ ശതകോടീശ്വരന്മാരുടെ കൂട്ടായ സമ്പത്ത് ട്രില്യൺ ഡോളർ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു, ഇത് ഒരു പുതിയ സമൃദ്ധിയുടെ യുഗത്തെ സൂചിപ്പിക്കുന്നു. ഈ ശതകോടീശ്വരന്മാരിൽ 62% പേർക്കും തങ്ങളുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു. ഇത് രാജ്യത്ത് പോസിറ്റീവ് സാമ്പത്തിക പ്രവണതകളുണ്ടെന്ന് വ്യക്തമാക്കുന്നു. വരും വർഷങ്ങളില്‍ ഈ സംഖ്യ വീണ്ടും ഉയരും.' ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.
സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ നേരിയ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. 2022 ൽ രാജ്യത്ത് 249 ശതകോടീശ്വരന്മാരുണ്ടായിരുന്നു. എന്നാൽ വിപണിയിലെ അനിശ്ചിതത്വങ്ങൾ കാരണം 2023 ൽ ഈ എണ്ണം 187 ആയി കുറഞ്ഞു. എന്നാല്‍ 2024 ൽ എണ്ണം 271 ആയി ഉയർന്നു. 2025 ലെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് ഈ എണ്ണം ഇപ്പോൾ 284 ആയി വർധിച്ചുവെന്നാണ്.
ശതകോടീശ്വന്മാരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 68 ആണ്, ആഗോള ശരാശരിയായ 66 നേക്കാൾ അല്പം കൂടുതലാണ് ഇത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മിക്ക ഇന്ത്യൻ ശതകോടീശ്വരന്മാരും ജീവിതത്തിൽ വൈകിയാണ് സമ്പത്ത് ശേഖരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 2025 ലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാർ റേസർപേ സഹസ്ഥാപകരായ ശശാങ്ക് കുമാറും ഹർഷിൽ മാത്തൂറും ആണ് (ഇരുവരുടേയും പ്രായം 34 വയസ്സ്). അതേസമയം ചൈനയിലെ 29 വയസ്സുള്ള വാങ് സെലോങ്ങിന് 8,643 കോടി രൂപയുടെ ആസ്തിയുണ്ട്.
ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ ഒരുകാലത്ത് സ്ഥിരമായി ഇടം നേടിയിരുന്ന മുകേഷ് അംബാനി റാങ്കിംഗിൽ ഇത്തവണ മുന്നോട്ട് പോയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കടബാധ്യത വർദ്ധിച്ചതിനാൽ അംബാനിയുടെ സമ്പത്ത് ഒരു ലക്ഷം കോടി രൂപ കുറഞ്ഞുവെന്ന് ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും, അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു. അതേസമയം, 420 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി ഇപ്പോഴും എലോൺ മസ്‌കിന് സ്വന്തമാണ്, തൊട്ടുപിന്നിൽ മാർക്ക് സക്കർബർഗും ജെഫ് ബെസോസും ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ മൂന്നാം സ്ഥാനം നേടി എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റ് ലോകത്ത് സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കിന്റെ വ്യക്തമായ തെളിവാണ് റോഷ്നി നാടാരുടെ മുന്നേറ്റം. 2025 ല്‍ ഇവരുടെ ആസ്തി 3.5 ലക്ഷം കോടി രൂപയിലെത്തി.












Click it and Unblock the Notifications